ധോണിക്കും ശ്രീജേഷിനും ശേഷം ഗുകേഷിനും കരുത്തായ പാഡി അപ്ടൺ: ഇന്ത്യയ്ക്കായി പൊന്ന് വിളയിക്കുന്ന 'മൈൻഡ് ഗുരു'
വിജയയാത്രയിൽ സുപ്രധാന പങ്കുവഹിച്ചയാളെന്നു പറഞ്ഞാണ് ഗുകേഷ് പാഡിയെ പരിചയപ്പെടുത്തുന്നത്. ചെസിനെ കുറിച്ച് ആഴത്തിലുള്ള ധാരണയൊന്നുമില്ലാത്തയാൾ. കഴിഞ്ഞ ആറു മാസം മാനസികബലവും കരുത്തുമായി പാഡി തനിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് 18കാരൻ വെളിപ്പെടുത്തിയത്
വയസ് വെറും 18. ലോക ചെസ് ചാംപ്യൻഷിപ്പിലെ കന്നിയങ്കം. ഏറ്റുമുട്ടാനുള്ളത് കരുത്തനും ലോക ചാംപ്യനുമായ ചൈനയുടെ ഡിങ് ലിറനെ. 23-ാം വയസിൽ ആദ്യ ലോക ചാംപ്യൻഷിപ്പിനിറങ്ങുമ്പോൾ ചതുരംഗക്കളത്തിലെ മഹാമേരു മാഗ്നസ് കാൾസനും ഒന്ന് കൈ വിറച്ചിരുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്വന്തം കരുത്തിൽ സംശയിച്ചും സമ്മർദത്തിനടിപ്പെട്ടും പതറിപ്പോയ നിമിഷങ്ങളുണ്ടായിട്ടുണ്ടെന്ന് ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് തന്നെ തുറന്നു സമ്മതിച്ചിരുന്നു. ദൊമ്മരാജു ഗുകേഷ് എന്ന ഇന്ത്യയുടെ സ്വന്തം ഡി. ഗുകേഷിന് കാര്യങ്ങൾ ഇപ്പോൾ കാണുന്നത്ര ലളിതമായിരുന്നില്ല എന്നർഥം.
എന്നാൽ, അരങ്ങേറ്റത്തിൽ തന്നെ ഡിങ് ലിറനെ തറപറ്റിച്ച് ഗുകേഷ് ചരിത്രമെഴുതി. ഏറ്റവും പ്രായം കുറഞ്ഞ ലോക ജേതാവായി. ആനന്ദ് ആദ്യ ലോക കിരീടം നേടി നൂറുകോടി ഇന്ത്യൻ ജനതയുടെ അഭിമാനം വാനോളം ഉയർത്തിയതിയതിന്റെ 25-ാം വാർഷികത്തിൽ വീണ്ടുമൊരു തമിഴൻ. പുതിയ ചെസ് അധ്യായം കുറിച്ച ശേഷം സംസാരിക്കുമ്പോൾ ഗുകേഷ് പ്രത്യേകം നന്ദി പറഞ്ഞു വാഴ്ത്തിപ്പറഞ്ഞ ഒരാളുണ്ട്. പാഡി അപ്ടൺ! പേര് കേട്ടിട്ടുണ്ടാകും. 2011ൽ എം.എസ് ധോണിയും സംഘവും ലോക ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടപ്പോഴും, പാരിസ് ഒളിംപിക്‌സിൽ പി.ആർ രാജേഷും സംഘവും വെങ്കലമണിഞ്ഞപ്പോഴും ഉയർന്നുകേട്ട അതേ പേര്. മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ. ഇപ്പോൾ ലോകത്തെ തന്നെ പേരുകേട്ട മെന്റൽ കോച്ച്.
ഈ വിജയയാത്രയിൽ സുപ്രധാന പങ്കുവഹിച്ചയാളെന്നു പറഞ്ഞാണ് ഗുകേഷ് പാഡിക്കു നന്ദി പറയുന്നത്. ചെസിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തയാൾ. കഴിഞ്ഞ ആറു മാസം മാനസികബലവും തുണയുമായി പാഡി തനിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് 18കാരൻ വെളിപ്പെടുത്തിയത്. ലോക ചാംപ്യൻഷിപ്പിനായുള്ള മാനസികവും ശാരീരികവുമായ മുന്നൊരുക്കങ്ങൾക്കെല്ലാം പിന്നിൽ അയാളുണ്ടായിരുന്നു. നിരന്തരം സംസാരിച്ചും ആലോചനകളും ആശയങ്ങളും കൈമാറിയും വിലയേറിയ ഉപദേശങ്ങൾ പകർന്നുമാണ് പാഡി ഈ വിജയത്തിനു പിന്നിലെ നിശബ്ദസാന്നിധ്യമായി എപ്പോഴും കൂടെനിന്നതെന്നാണ് ഗുകേഷ് വെളിപ്പെടുത്തിയത്.
ആനന്ദിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി(വാക്ക)യിലായിരുന്നു ഡി. ഗുകേഷ് ലോക ചാംപ്യൻഷിപ്പിനായി ഒരുങ്ങിയത്. ചെസ് പണ്ഡിറ്റുകൾക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല അക്കാദമിയിൽ. പക്ഷേ, ലോക പോരാട്ടത്തിനു പോകും മുൻപ് ഒരു മെന്റൽ കോച്ചിന്റെ പിന്തുണ ആവശ്യമാണെന്ന് വാക്കയിലെ പരിശീലകർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് 2024ന്റെ പാതിയിൽ അക്കാദമി സഹസ്ഥാപകൻ സന്ദീപ് സിംഘാൽ വഴി പാഡിയെ എത്തിക്കുന്നത്.
പാഡിയുടെ കരുക്കൾ; ഗുകേഷിന്റെ 'മൈൻഡ് ഗെയിം'
വിവിധ രാജ്യങ്ങളിലായി 19 വ്യത്യസ്ത കായിക ഇനങ്ങളിൽനിന്നുള്ള താരങ്ങളെ പാഡി അപ്ടൺ പരിശീലിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റും ഹോക്കിയും ഉൾപ്പെടെയുള്ള ടീം ഗെയിമുകളും അതിൽ ഉൾപ്പെടും. എന്നാൽ, ഒരു ചെസ് താരത്തിന്റെ 'മൈൻഡ് ഗുരു'വാകാൻ ക്ഷണം കിട്ടുന്നത് ഇതാദ്യം. ഇത്രയും പ്രായം കുറഞ്ഞൊരു താരത്തോടൊപ്പം ചേരുന്നതും ആദ്യം. പൊതുവെ ഇളം പ്രായക്കാരെ പരിശീലിപ്പിക്കാൻ പാഡി താൽപര്യം കാണിക്കാത്തതാണ്. വേണ്ടത്ര പക്വതയോ പാകതയോ ഇല്ലാത്തവരാകും അവരെന്നും അവരെ കൈകാര്യം ചെയ്യാൻ പ്രയാസമാകുമെന്നുമാണ് ഇതിന് അദ്ദേഹം പറയുന്ന ന്യായം. എന്നാൽ, ഗുകേഷിന്റെ ടീമിനൊപ്പം ചേരാമെന്നു തന്നെ അദ്ദേഹം തീരുമാനിച്ചുറപ്പിച്ചു.
ഗുകേഷിനൊപ്പം ജോലി ചെയ്യാനായതു തന്നെ വലിയ അനുഗ്രഹമായാണ് പാഡി പിന്നീട് വെളിപ്പെടുത്തിയത്. കളിക്കപ്പുറം താരത്തിന്റെ പക്വതയും സ്വയം തിരിച്ചറിവും തന്നെ വിസ്മയിപ്പിച്ചെന്നാണ് അദ്ദേഹം 'ഇന്ത്യൻ എക്‌സ്പ്രസി'നോട് പറഞ്ഞത്. അതിബുദ്ധിമാൻ. നിരന്തരം വലിയ ചോദ്യങ്ങൾ കൊണ്ടു നേരിടുന്നയാൾ. എപ്പോഴും പഠിക്കാനും അറിയാനുമുള്ള ഉത്സാഹം കൊണ്ടുനടക്കുന്ന താരം. അങ്ങനെയൊക്കെയാണ് ഗുകേഷിനെ പാഡി വിശേഷിപ്പിക്കുന്നത്.
പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് പുതുമുഖങ്ങളെയെല്ലാം 'ബിഗ് മാച്ചു'കളിൽ അബദ്ധത്തിൽ ചാടിക്കാറുള്ളതെന്ന് പാഡി പറയുന്നു. അത്തരം ചിന്തകൾ ഒഴിവാക്കാനാണ് ഗുകേഷിനെയും അദ്ദേഹം ഉപദേശിച്ചത്. 'സ്ഥിരതയാണു പ്രധാനം. ഏറ്റവും നന്നായി ചെയ്യുന്ന കാര്യം സ്ഥിരതയോടെ തുടരുക. ഒരു സമയത്ത് ഒന്നിൽ മാത്രം ശ്രദ്ധിക്കുക, ഒരു നീക്കം മാത്രം നടത്തുക'-പാഡിയുടെ ഉപദേശങ്ങൾ ഇങ്ങനെ പോകുന്നു.
2011 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഗൗതം ഗംഭീറിനെയും എം.എസ് ധോണിയെയും കഴിഞ്ഞ ടി20 ലോകകപ്പിലെ വിരാട് കോഹ്ലിയെയും പോലെ 'ബിഗ് മാച്ചു'കളുടെ താരമാണ് ഗുകേഷ് എന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്. നിർണായക മത്സരങ്ങളിൽ സമ്മർദത്തിനു കീഴടങ്ങാതെ സമചിത്തതയോടെ വിജയം കൈപ്പിടിയിലൊതുക്കാൻ കെൽപ്പുള്ള താരം. മത്സരം കടുക്കുന്നതിനനുസരിച്ച് ഏറ്റവും മികച്ച പ്രകടനമാകും ഗുകേഷ് പുറത്തെടുക്കുകയെന്നും അദ്ദേഹം പറയുന്നുണ്ട്.
നിർണായക മത്സരങ്ങൾക്കുമുൻപുള്ള ഗുകേഷിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും പാഡി അപ്ടൺ വെളിപ്പെടുത്തിയിരുന്നു. പരീക്ഷയിൽ നന്നായി എഴുതണമെങ്കിൽ പുസ്തകം മുഴുവൻ നന്നായി പഠിക്കണം. വെറും പ്രതീക്ഷയും വച്ച് പരീക്ഷയ്ക്ക് പോകാൻ പറ്റില്ല. ഗുകേഷും ചെസ് പാഠപുസ്തകം മൊത്തം കലക്കിക്കുടിച്ചാണ് ലോക ചാംപ്യൻഷിപ്പിനെത്തിയതെന്ന് പാഡി പറയുന്നു. ഓരോ നീക്കവും ചലനങ്ങളും അതിസൂക്ഷ്മമായി പഠിച്ചിരുന്നുവത്രെ. ടൂർണമെന്റിനും മാസങ്ങൾക്കുമുൻപ് തന്നെ ഉറക്കവും ഭക്ഷണവും വിശ്രമവുമെല്ലാം കൃത്യമായി കൈകാര്യം ചെയ്തായിരുന്നു മുന്നൊരുക്കം. മത്സരത്തിനിടെ തിരിച്ചടി നേരിട്ടാലും മികച്ച നീക്കങ്ങളുമായി മുന്നേറിയാലും ഏതു രീതിയിൽ അതിനെ കൈകാര്യം ചെയ്യണമെന്നതെല്ലാം തങ്ങൾ പരസ്പരം ചർച്ച ചെയ്തിരുന്നുവെന്നെല്ലാം പാഡി പറയുന്നു.
ഡിങ് ലിറനെതിരായ പോരാട്ടത്തിൽ കണ്ണുകളടച്ച് ധ്യാനനിമഗ്നനായിരിക്കുന്ന, ചതുരംഗക്കളത്തിൽ കണ്ണുകളാഴ്ത്തിയിരിക്കുന്ന ഗുകേഷിന്റെ കാഴ്ചയെ കുറിച്ച് ഒരു മാധ്യമത്തോട് അദ്ദേഹം എടുത്തുപറയുന്നുണ്ട്. ചൈനീസ് താരം ദീർഘസമയമെടുത്ത് ഓരോ നീക്കം നടത്തുമ്പോഴും മറ്റൊന്നും ഗുകേഷിന്റെ ശ്രദ്ധ തിരിച്ചില്ല. ഡിങ് പലപ്പോഴും ഗുകേഷിനെ ഒളികണ്ണിട്ടു നോക്കുന്നുമുണ്ടായിരുന്നു. എന്നാൽ, ഗുകേഷ് കളത്തിൽനിന്ന് കണ്ണെടുത്തില്ല. ഒടുവിൽ, നിർണായകമായ 14-ാം ഗെയിമിൽ ഈ ഏകാഗ്രതയും പ്രശാന്തതയും 18കാരനെ തുണച്ചു. ഒരുകാലത്തും ഓർമിക്കാൻ ആഗ്രഹിക്കാനിടയില്ലാത്തൊരു വമ്പൻ പിഴവിൽ ഡിങ് വീഴുമ്പോൾ അതുവരെയും തുടർന്ന ഏകാഗ്രത ഗുകേഷിനു വിജയം സമ്മാനിക്കുന്നതാണു പിന്നീടു കണ്ടത്.
അവസാനം വരെ ഉദ്വേഗം നിറഞ്ഞുനിന്ന, സമനിലയിലേക്കു പോകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് നിർണായക മത്സരം ഗുകേഷ് പിടിച്ചടക്കുന്നത്. 55-ാമത്തെ നീക്കത്തിലായിരുന്നു ചൈനീസ് താരത്തിന് അസാധാരണമായ പിഴവു സംഭവിച്ചത്. ആ സമയത്ത് വെറും പത്ത് മിനിറ്റ് മാത്രമാണ് ലിറന്റെ കൈയിലുണ്ടായിരുന്നത്. ഗുകേഷിന് ഒരു മണിക്കൂറിലേറെയും ബാക്കിയുണ്ടായിരുന്നു. എതിരാളിയുടെ വീഴ്ച മുതലെടുത്ത ഗുകേഷ് 58-ാം നീക്കത്തിലൂടെ വിജയകിരീടമണിയുകയും ചെയ്തു.
ചരിത്രം തിരുത്തിക്കുറിച്ച ലോകകപ്പ് വിജയം
2007 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നാണംകെട്ട തോൽവിയിൽ ആഘാതത്തിലായിരുന്നു ടീം ഇന്ത്യയും ഇന്ത്യൻ ആരാധകരും. തൊട്ടുപിന്നാലെ നടന്ന ടി20 ലോകകപ്പിൽ ധോണി നയിച്ച യുവസംഘം കിരീടമുയർത്തി എല്ലാവരെയും ഞെട്ടിച്ചു. 2011ൽ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോൾ കോച്ച് ഗാരി കേഴ്‌സ്റ്റണായിരുന്നു. ദക്ഷിണാഫ്രിക്കൻ സംഘത്തിലുണ്ടായിരുന്ന പാഡി അപ്ടണെ ഗാരി തന്റെ കോച്ചിങ് സംഘത്തിലേക്കു ക്ഷണിക്കുന്നത് അങ്ങനെയാണ്.
അതുവരെയും സ്വന്തം മണ്ണിൽ ഒരു ടീമും കിരീടമുയർത്തിയിരുന്നില്ല. ഗാരിക്കും ധോണിക്കും കീഴിൽ ടീം ഇന്ത്യ ആ ചരിത്രം തിരുത്തിക്കുറിച്ചു. ടീം വിജയത്തിൽ 'മെന്റൽ ഗുരു'വായി നിർണായക പങ്കുവഹിച്ച പാഡിയുടെ പേര് അങ്ങനെ ക്രിക്കറ്റ് നിരീക്ഷകരെല്ലാം വാഴ്ത്തിപ്പാടാൻ തുടങ്ങി. രാഹുൽ ദ്രാവിഡ് കോച്ച് ആയിരിക്കെ 2022 ടി20 ലോകകപ്പിലും ബിസിസിഐ പാഡിയുടെ സേവനം തേടുകയും അദ്ദേഹം ടീമിനൊപ്പം ചേരുകയും ചെയ്തിരുന്നു.
2024ലെ പാരിസ് ഒളിംപിക്‌സിൽ ഇന്ത്യ ചരിത്ര വെങ്കലം തൊട്ടപ്പോഴും പാഡിയുടെ പേരുകൾ ഉയർന്നുകേട്ടു. നാലു പതിറ്റാണ്ടിനിടെ ഇതു രണ്ടാം തവണയായിരുന്നു ഒരു ഇന്ത്യൻ പുരുഷ ഹോക്കി സംഘം ഒളിംപിക്‌സ് മെഡൽ സ്വന്തമാക്കുന്നത്. 'മനഃശ്ശാസ്ത്രനീക്കങ്ങൾ' കൊണ്ട് ഇന്ത്യയ്ക്ക് പൊന്നും പവിഴവും സമ്മാനിക്കുന്ന 'ജാലവിദ്യ'യുടെ പേരായി മാറിയിരിക്കുകയാണിപ്പോൾ പാഡി അപ്ടൺ.
Summary: From ODI cricket world cup, Olympic hockey bronze medal to D Gukesh's world chess championship: Paddy Upton's 'mental Midas touch' in India’s sports history
Adjust Story Font
16