കോഹ്‍ലിയുടെ സെഞ്ച്വറിക്കായി കെറ്റില്‍ബെറോ കണ്ണടച്ചു? വന്‍ വിവാദം
നൂറ് തികക്കാൻ ഒരു ബൗണ്ടറി അനിവാര്യമാണെന്നിരിക്കെ നസൂമിന്റെ ആദ്യ പന്ത് ലെഗ് സൈഡിലേക്ക് പാഞ്ഞു. അത് വൈഡാണെന്ന് ഉറപ്പുള്ള വിരാട് കോഹ്ലി നിരാശയോടെ അമ്പയറെ നോക്കി....
പൂനേ: ഇന്ത്യാ ബംഗ്ലാദേശ് മത്സരത്തിലെ 42ാം ഓവർ. നസൂം അഹ്മദ് പന്തെറിയാനെത്തുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് വെറും രണ്ട് റൺസ് മാത്രം. കോഹ്ലിക്ക് സെഞ്ച്വറിയിലേക്ക് മൂന്ന് റൺസിന്‍റെ ദൂരം. നൂറ് തികക്കാൻ ഒരു ബൗണ്ടറി അനിവാര്യമാണെന്നിരിക്കെ നസൂമിന്റെ ആദ്യ പന്ത് ലെഗ് സൈഡിലേക്ക് പാഞ്ഞു. അത് വൈഡാണെന്ന് ഉറപ്പുള്ള വിരാട് കോഹ്ലി നിരാശയോടെ അമ്പയറെ നോക്കി. എന്നാൽ അമ്പയർ റിച്ചാർഡ് കെറ്റിൽ ബെറോ വൈഡ് വിധിച്ചില്ല. ഇത് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തി. നസൂമിന്റെ ഓവറിലെ മൂന്നാം പന്തിൽ സിക്‌സർ പറത്തി കോഹ്ലി സെഞ്ചുറിയിലും വിജയത്തിലും തൊട്ടു.
വിരാട് കോഹ്ലിയുടെ സെഞ്ചുറിയേക്കാൾ പിന്നീട് ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചകളിൽ നിറഞ്ഞത് കെറ്റിൽബെറോയുടെ തീരുമാനമായിരുന്നു. അമ്പയറുടെ തീരുമാനത്തിൽ അമ്പരന്ന് ഇന്ത്യൻ താരങ്ങൾ പോലും ഡ്രസ്സിങ് റൂമിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. താടിക്ക് കൈ കൊടുത്ത് നിൽക്കുന്ന അമ്പയറുടെ മുഖഭാവവും ക്യാമറ കൃത്യമായി ഒപ്പിയെടുത്തു.
കോഹ്ലിയുടെ സെഞ്ചുറിക്കായി ഉറപ്പായിരുന്നൊരു വൈഡിന് അമ്പയർ കണ്ണടക്കുകയായിരുന്നു എന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യക്കായി നേരത്തേ എഴുതിവച്ച ലോകകപ്പാണിതെന്ന് പലരുമെഴുതി. കെറ്റിൽബെറോയെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. ആ വൈഡ് അനുവദിച്ചാലും കോഹ്ലി അടുത്ത പന്ത് സിക്‌സർ പായിച്ച് സെഞ്ച്വറിൽ തൊടുമായിരുന്നു എന്നാണ് ഇക്കൂട്ടർ വാദിച്ചത്. കോഹ്ലിയുടെ സെഞ്ചുറി തടയാന്‍ നസൂം അഹ്മദ് മനപ്പൂര്‍വം വൈഡ് എറിയുകയായിരുന്നു എന്നും ചിലര്‍ വാദിച്ചു.
മത്സര ശേഷം കോഹ്‍ലിക്കെതിരെ മറ്റു ചില ആരോപണങ്ങളും ഉയര്‍ന്നു. 42ാം ഓവറിലെ രണ്ടാമത്തെ പന്തിൽ സിംഗിൾ എടുക്കാമായിരുന്നിട്ടും കോഹ്ലി ഓടാതിരുന്നത് ചിലരെ ചൊടിപ്പിച്ചു. കോഹ്‍ലി സെല്‍ഫിഷാണെന്നും രാജ്യത്തിന്‍റെ വിജയത്തേക്കാള്‍ വ്യക്തിഗത നേട്ടത്തിനാണ് അയാള്‍ പ്രാധാന്യം കൊടുക്കുന്നത് എന്നുമായിരുന്നു വാദം.
എന്നാല്‍ വിരാട് ചെയ്തതില്‍ യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം ക്രിഷ്ണമാചാരി ശ്രീകാന്തിന്‍റെ പക്ഷം. ''വിരാട് ചെയ്തതിൽ ഒരു കുഴപ്പവും ഞാൻ കാണുന്നില്ല. ക്രിക്കറ്റ് എന്തെന്ന് അറിയാത്തവരാണ് ഈ വിവാദങ്ങളൊക്കെ ഉയർത്തുന്നത്. ലോകകപ്പിൽ ഒരു സെഞ്ച്വറി എന്നത് വലിയ കാര്യം തന്നെയാണ്. വിരാട് അത് അർഹിക്കുന്നുമുണ്ട്. ആസ്‌ത്രേലിയക്കെതിരെ ചെപ്പോക്കില്‍ കെ.എൽ രാഹുലിനും അതിന് അർഹതയുണ്ടായിരുന്നു''- ശ്രീകാന്ത് എക്സില്‍ കുറിച്ചു.
കോഹ്‍ലിയെ പിന്തുണച്ച് സഹതാരം കെ.എല്‍ രാഹുലും രംഗത്തെത്തി. മത്സരത്തിനിടെ കോഹ്ലി ആശയക്കുഴപ്പത്തിലായിരുന്നുവെന്ന് കെ.എൽ രാഹുൽ പറഞ്ഞു. ലോകകപ്പ് പോലൊരു വലിയ വേദിയിൽ സിംഗിൾ എടുക്കാതിരിക്കുന്നത് പോലും ശരിയല്ലെന്നായിരുന്നു കോഹ്‍ലിയുടെ നിലപാട്. താന്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് ആളുകള്‍ കരുതുമെന്നും സെഞ്ച്വറി നേടണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും കോഹ്‍ലി പറഞ്ഞതായി കെ.എൽ രാഹുൽ വ്യക്തമാക്കി.
' കളിയില്‍ നമ്മള്‍ ഉറപ്പായും ജയിക്കുമെന്ന് മത്സരത്തിനിടെ ഞാന്‍ കോഹ്‍ലിയോട് പറഞ്ഞു. നിങ്ങൾക്ക് സെഞ്ച്വറി നേടാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ശ്രമിച്ചുകൂടായെന്നും ചോദിച്ചു. ഒടുക്കം അദ്ദേഹം ആ നാഴികക്കല്ലില്‍ തൊട്ടു'- രാഹുൽ പറഞ്ഞു. അവസാന ഓവറിലെ വൈഡ്‍ വിവാദത്തെ സംബന്ധിച്ച ചോദ്യത്തിന് ഒരു ടീമിന് മാത്രം അനുകൂലമായല്ല അമ്പയർ തീരുമാനമെടുക്കുന്നതെന്ന് കെ.എൽ രാഹുൽ പറഞ്ഞു. മുൻ ഓവറിലും അത് സംഭവിച്ചിരുന്നു. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടാണെന്നും കെ.എൽ രാഹുൽ വ്യക്തമാക്കി. ഏതായാലും കോഹ്‍ലിയുടെ സെഞ്ചുറിയുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്.
Adjust Story Font
16