Quantcast

''ആ ചോദ്യം എന്നോട് ചോദിക്കണ്ട''; ടീം പ്രഖ്യാപനത്തിനിടെ കട്ടക്കലിപ്പില്‍ രോഹിത്

''ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനേയാണ് നമ്മൾ തെരഞ്ഞെടുത്തത്''

MediaOne Logo

Web Desk

  • Updated:

    2023-09-06 05:18:56.0

Published:

5 Sep 2023 1:51 PM GMT

ആ ചോദ്യം എന്നോട് ചോദിക്കണ്ട; ടീം പ്രഖ്യാപനത്തിനിടെ കട്ടക്കലിപ്പില്‍ രോഹിത്
X

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന സംഘത്തിൽ ഇക്കുറി കാര്യമായ സര്‍പ്രൈസുകളൊന്നുമില്ല. ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. കെ.എൽ രാഹുൽ, ഇഷൻ കിഷൻ എന്നിങ്ങനെ രണ്ട് വിക്കറ്റ് കീപ്പർമാരാണ് ടീമിലുള്ളത്. സ്‌പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് മാത്രമാണ് ഇടംപിടിച്ചത്. ഹർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിങ്ങനെ നാല് ഓൾറൗണ്ടർമാർ ടീമിലുണ്ട്. അതേസമയം, മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കു നിരാശ പകര്‍ന്ന് സഞ്ജു സാംസണിന് ടീമില്‍ ഇടംലഭിച്ചില്ല.15 അംഗ സ്‌ക്വാഡിനെയാണ് നായകൻ രോഹിത് ശർമയും ബി.സി.സി.ഐ മുഖ്യ സെലക്ടർ അജിത് അഗർക്കറും ചേർന്നു പ്രഖ്യാപിച്ചത്.

വാര്‍ത്താ സമ്മേളനത്തിനിടെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് പുറത്ത് നിന്നുയരുന്ന വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് രൂക്ഷമായാണ് രോഹിത് ശര്‍മ മറുപടി പറഞ്ഞത്. ഇത്തരം ചോദ്യങ്ങള്‍ തന്നോട് ചോദിക്കേണ്ടതില്ലെന്നും അതിന് ഞങ്ങള്‍ ശ്രദ്ധ കൊടുക്കുന്നേ ഇല്ലെന്നും രോഹിത് ശര്‍മ പ്രതികരിച്ചു.

''ഇന്ത്യയിൽ നമ്മൾ പത്ര സമ്മേളനം നടത്തുമ്പോൾ നിങ്ങൾ ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്. പുറത്തു നിന്നുള്ള വിമർശനങ്ങൾക്ക് ഞങ്ങൾ ചെവി കൊടുക്കാൻ ഉദ്യേശിച്ചിട്ടില്ല. ഇത് നിങ്ങളോട് പലതവണ ഞാൻ പറഞ്ഞിട്ടുള്ളതാണ്. ഞാൻ മറുപടി നൽകില്ല''- രോഹിത് പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് ടീം സന്തുലിതമാണെന്നും ഏറെ ഡെപ്തുള്ള ബാറ്റിങ് നിരയാണ് നമ്മുടേത് എന്നും രോഹിത് വ്യക്തമാക്കി. ''ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനേയാണ് നമ്മൾ തെരഞ്ഞെടുത്തത്. ഏറെ ഡെബ്തുള്ള ബാറ്റിങ് നിരയാണ് നമ്മുടേത്. സ്പിൻ ഓപ്ഷനും മറ്റു ബോളിങ് ഓപ്ഷനുകളും നമുക്കുണ്ട്. ഹർദിക് പാണ്ഡ്യ ഒരു കംപ്ലീറ്റ് പാക്കേജാണ്. ലോകകപ്പിൽ അദ്ദേഹത്തിന്റെ ഫോം നിർണായകമാണ്''- രോഹിത് പറഞ്ഞു.

ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(നായകൻ). ഹര്‍ദിക് പാണ്ഡ്യ(ഉപനായകന്‍). ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

വീണ്ടും ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തുമ്പോൾ ഇരട്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2013ലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഒരു ഐ.സി.സി കിരീടം ഇന്ത്യയ്ക്ക് നേടാനായിട്ടില്ല. ഇന്ത്യ ആതിഥ്യംവഹിച്ച 2011 ലോകകപ്പിലെ ചരിത്രം ആവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മൂന്നു പതിറ്റാണ്ടോളം നീണ്ട ഇന്ത്യന്‍ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച മഹേന്ദ്ര സിങ് ധോണിയുടെയും സംഘത്തിന്‍റെയും മാജിക്ക് രോഹിത് ശര്‍മയുടെ പടയ്ക്ക് ആവര്‍ത്തിക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

TAGS :

Next Story