ഡബിള്‍ ഫ്രീ കിക്ക്, ആദ്യ പകുതിയില്‍ തന്നെ ഹാട്രിക്ക്; അബഹയില്‍ റോണോ ഷോ
അബഹയെ എതിരില്ലാത്ത എട്ട് ഗോളിന് തകര്‍ത്ത് അല്‍ നസര്‍
ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക്. പത്ത് മിനിറ്റിനിടയിൽ രണ്ട് ഫ്രീ കിക്ക് ഗോളുകള്‍. രണ്ട് അസിസ്റ്റുകള്‍. അബഹയിൽ ഇന്നലെ അക്ഷരാർത്ഥത്തിൽ അരങ്ങേറിയത് ക്രിസ്റ്റ്യാനോ ഷോയായിരുന്നു. എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് അബഹയെ റോണോയും സംഘവും നിഷ്പ്രഭമാക്കി കളഞ്ഞത്. കരിയറിലെ 65ാം ഹാട്രിക്കാണ് റോണോ ഇന്നലെ കുറിച്ചത്. സൗദി പ്രോ ലീഗിൽ താരത്തിന്റെ തുടർച്ചയായ രണ്ടാം ഹാട്രിക്ക്. അതും 72 മണിക്കൂറിന്റെ ഇടവേളയില്‍. കരിയറിൽ ക്രിസ്റ്റ്യാനോ ഒരു മത്സരത്തിൽ രണ്ട് ഫ്രീ കിക്ക് ഗോളുകള്‍ നേടുന്നത് ഇത് നാലാം തവണയാണ്.
കളിയാരംഭിച്ച് 11ാം മിനിറ്റിലാണ് റോണോ ഷോ ആരംഭിച്ചത്. അൽ നസറിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് നിലംപറ്റെയൊരടിയിൽ റോണോ വലയിലാക്കി. അടുത്ത ഗോളിലേക്ക് വെറും പത്ത് മിനിറ്റിന്റെ ദൂരം മാത്രം. 21ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് റോണോ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് വളച്ചു കയറ്റി. 33ാം മിനിറ്റിൽ സാദിയോ മാനേ അൽ നസ്‌റിനായി മൂന്നാം ഗോൾ കണ്ടെത്തി. ക്രിസ്റ്റിയാനോയുടെ മനോഹരമായൊരു അസിസ്റ്റിലായിരുന്നു ഈ ഗോൾ. 42ാം മിനിറ്റിൽ വീണ്ടും റോണോ മാജിക്. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ പന്തുമായി പാഞ്ഞ റോണോ പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് അബഹ ഗോൾ കീപ്പർക്ക് മുകളിലൂടെ പന്തിനെ വലയിലേക്ക് കോരിയിട്ടു. 44ാം മിനിറ്റിൽ ക്രിസ്റ്റ്യാനായുടെ അസിസ്റ്റിൽ സുലൈഹീമിന്റെ ഗോൾ.
ആദ്യ പകുതിയിവസാനിക്കുമ്പോൾ തന്നെ എതിരില്ലാത്ത അഞ്ച് ഗോളിന് അൽ നസർ മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോയേയും സാദിയോ മാനേയേയും കോച്ച് മൈതാനത്ത് നിന്ന് പിൻവലിച്ചു. പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ പിന്നെയെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. അബ്ദുൽ അസീസ് ഐവ അൽ നസറിനായി രണ്ടാം പകുതിയിൽ ഇരട്ട ഗോൾ കണ്ടെത്തി. അബ്ദുൽ റഹ്‌മാൻ ഗരീബിന്റെ വകയായിരുന്നു ശേഷിക്കുന്ന ഒരു ഗോൾ. സൗദി പ്രോ ലീഗിൽ 26 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ അൽ നസർ. 74 പോയിന്റുള്ള അൽ ഹിലാൽ ബഹുദൂരം മുന്നിലാണ്.
Adjust Story Font
16