മ്യാന്‍മറുമായി സമനില, അടുത്തത് സൗദി; ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍
ഇന്ത്യക്കായി നായകന്‍ സുനില്‍ ഛേത്രിയാണ് രണ്ടാം മത്സരത്തിലും തുടര്‍ച്ചയായി ഗോള്‍ കണ്ടെത്തിയത്. കളിയുടെ 23-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഛേത്രി വലയിലാക്കുകയായിരുന്നു..
ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി
ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ മ്യാന്‍മറുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇന്ത്യന്‍ ടീം പ്രീ ക്വാര്‍ട്ടറില്‍. ആദ്യം സ്കോര്‍ ചെയ്ത ഇന്ത്യയെ 74-ാം മിനുട്ടിലെ ഗോളോടെ മ്യാന്‍മര്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇന്ത്യക്കായി നായകന്‍ സുനില്‍ ഛേത്രിയാണ് രണ്ടാം മത്സരത്തിലും തുടര്‍ച്ചയായി ഗോള്‍ കണ്ടെത്തിയത്. കളിയുടെ 23-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഛേത്രി വലയിലാക്കുകയായിരുന്നു..
കളിയുടെ രണ്ടാം പകുതിയില്‍ 74-ാം മിനുട്ടിലെ യാന്‍ ക്യാ വേയുടെ ഗോളിലാണ് മ്യാന്‍മര്‍ സമനില നേടുന്നത്. പ്രീക്വാര്‍ട്ടറിലേക്ക് കടക്കാന്‍ സമനില മാത്രം മതിയായിരുന്ന ഇന്ത്യന്‍ ടീം ഇതോടെ അടുത്ത ഘട്ടത്തില്‍ കടന്നു. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്. ഇതിനു മുമ്പ് 2010-ല്‍ ദോഹയില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി നോക്കൗട്ട് റൌണ്ട് കളിച്ചത്.
അതേസമയം ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യ തോല്‍വിയോടെയാണ് തുടങ്ങിയത്. ആതിഥേയരായ ചൈന ഇന്ത്യയെ ആദ്യ മത്സരത്തില്‍ (5-1)ന് തകര്‍ത്തിരുന്നു. ഇന്ത്യക്ക് ആശ്വസിക്കാന്‍ കെ.പി രാഹുലിന്‍റെ മനോഹരമായ ഒരു ഗോള്‍ മാത്രമാണ് കളിയില്‍ ബാക്കിയായത്.
നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഇന്ത്യ വീണ്ടും പ്രതീക്ഷ സജീവമാക്കി. അന്നും പെനാൽട്ടിയിലൂടെ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്. ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി വിധിക്കുകയായിരുന്നു. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല.
അങ്ങനെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. പ്രീക്വാര്‍ട്ടറില്‍ കരുത്തരായ സൌദി അറേബ്യയാണ് ഇന്ത്യയുടെ എതിരാളികള്‍
Adjust Story Font
16