Quantcast

''ദിവസവും എട്ട് കിലോ മട്ടൺ അടിച്ചു കയറ്റുന്നുണ്ട്''; പാക് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വസീം അക്രം

അഫ്ഗാനെതിരായ തോൽവി വലിയ നാണക്കേടാണുണ്ടാക്കിയത് എന്ന് പറഞ്ഞ അക്രം പാക് താരങ്ങളുടെ ഫീൽഡിങ് പ്രകടനത്തെ രൂക്ഷമായാണ് വിമർശിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-10-24 07:40:44.0

Published:

24 Oct 2023 7:35 AM GMT

ദിവസവും എട്ട് കിലോ  മട്ടൺ അടിച്ചു കയറ്റുന്നുണ്ട്; പാക് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വസീം അക്രം
X

‍ലോകകപ്പിൽ അഫ്ഗാനോട് നാണംകെട്ട തോൽവിയാണ് പാകിസ്താൻ കഴിഞ്ഞ ദിവസം വഴങ്ങിയത്. പാകിസ്താന്റെ പേരുകേട്ട ബോളിങ് നിരയെ പറപ്പിച്ച അഫ്ഗാൻ ബാറ്റർമാർ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. അഫ്ഗാനായി മൂന്ന് ബാറ്റർമാരാണ് അർധ സെഞ്ച്വറി കുറിച്ചത്. ഈ ലോകകപ്പിൽ പാകിസ്താന്റെ മൂന്നാം തോൽവിയാണിത്. നേരത്തേ ഇന്ത്യയോടും ആസ്‌ത്രേലിയയോടും ബാബർ അസമും സംഘവും പരാജയപ്പെട്ടിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇതാദ്യമായാണ് അഫ്ഗാന്‍ പാകിസ്താനെ തറപറ്റിക്കുന്നത്.

അഫ്ഗാനെതിരായ തോൽവിക്ക് പിറകേ പാക് ടീമിനെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ മുൻ പാക് ഇതിഹാസം വസീം അക്രം. തോൽവി വലിയ നാണക്കേടാണുണ്ടാക്കിയത് എന്ന് പറഞ്ഞ അക്രം പാക് താരങ്ങളുടെ ഫീൽഡിങ് പ്രകടനത്തെ രൂക്ഷമായി വിമർശിച്ചു,

''എത്ര നാണക്കേടാണിത്. 280 റൺസ് വെറും രണ്ട് വിക്കറ്റ് മാത്രം മാത്രം ബാക്കി നിർത്തി മറികടക്കുന്നത് വലിയ കാര്യമാണ്. അതും അഫ്ഗാനിസ്താൻ പോലൊരു ടീം. എത്ര മോശം പ്രകടനമാണ് പാക് താരങ്ങൾ ഇന്ന് ഫീൽഡിങ്ങിൽ കാഴ്ച്ചവച്ചത്. ഈ താരങ്ങൾ രണ്ട് വർഷമായി ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമായിട്ടില്ല എന്ന് മൂന്നാഴ്ചയായി ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ടെസ്റ്റിന് വിധേയമാകാത്തവരുടെ പേര് പറഞ്ഞാൽ അവർക്ക് തന്നെയാണതിന്റെ നാണക്കേട്. എനിക്ക് തോന്നുന്നത് ഇവരൊക്കെ ഓരോ ദിവസം എട്ട് കിലോ വീതം മട്ടൺ അടിച്ച് കയറ്റുന്നുണ്ട് എന്നാണ്. പിന്നെ എങ്ങനെ ഫിറ്റ്നസ് ഉണ്ടാകും''- പാകിസ്താനിൽ ഒരു ടി.വി ഷോക്കിടെ വസീം അക്രം പറഞ്ഞു.

ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 282 എന്ന ഭേദപ്പെട്ട സ്‌കോറാണ് ഉയർത്തിയത്. അഫ്ഗാൻ സ്പിന്നർമാർ പിടിമുറുക്കിയ മത്സരത്തിൽ അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ബാബർ അസമും യുവതാരം അബ്ദുല്ല ഷഫീഖുമാണ് പാകിസ്താനെ തുണച്ചത്. അവസാന ഓവറുകളിൽ ഷാദാബ് ഖാന്റെയും ഇഫ്തിഖാർ അഹ്മദിന്റെയും വെടിക്കെട്ട് പ്രകടനമാണ് 282 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഒരവസരത്തിലും അഫ്ഗാന്‍ താരങ്ങള്‍ മത്സരത്തില്‍ പാക് ബോളര്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ അവസരം കൊടുത്തില്ല. അഫ്ഗാനു വേണ്ടി മൂന്ന് ബാറ്റര്‍മാരാണ് അര്‍ധ സെഞ്ച്വറി കുറിച്ചത്. ആദ്യ വിക്കറ്റില്‍ 130 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ റഹ്മത്തുല്ലാഹ് ഗുര്‍ബാസും ഇബ്രാഹിം സദ്റാനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇരുവരും അര്‍ധ സെഞ്ച്വറി കുറിച്ചു. പിന്നീടെത്തിയ റഹ്മത്ത് ഷായും ഹസ്മത്തുല്ലാഹ് ഷാഹിദിയും അഫ്ഗാനെ വിജയതീരമണച്ചു.

TAGS :

Next Story