ലീഡ്‌സിൽ ഇന്ത്യ കീഴടങ്ങി; തോൽവി ഇന്നിങ്‌സിനും 76 റൺസിനും
ചേതേശ്വര്‍ പുജാര(91)യ്ക്കും വിരാട് കോഹ്ലി(55)ക്കും അനിവാര്യമായ ദുരന്തത്തില്‍നിന്ന് ടീമിനെ രക്ഷിക്കാനായില്ല. അഞ്ചു വിക്കറ്റുമായി ഇംഗ്ലീഷ് പേസര്‍ ഒലി റോബിൻസനാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്
ലീഡ്‌സ് ടെസ്റ്റിന്റെ നാലാംദിനം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അനിവാര്യമായ ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ പുജാരയ്ക്കും കോഹ്ലിക്കും സാധിച്ചില്ല. ലോർഡ്‌സിൽ ഇന്ത്യ ചെയ്തതിന് ലീഡ്‌സിൽ ഇംഗ്ലീഷ് പട കണക്കുതീർത്തു. മൂന്നാം ടെസ്റ്റിൽ ഇന്നിങ്‌സിനും 76 റൺസിനുമാണ് ഇന്ത്യ കീഴടങ്ങിയത്. അഞ്ചു വിക്കറ്റുമായി ഒലി റോബിൻസനാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.
ആദ്യ ഇന്നിങ്‌സിലെ കൂട്ടത്തകർച്ചയ്ക്കുശേഷം രണ്ടാം ഇന്നിങ്‌സിൽ ചേതേശ്വർ പുജാരയുടെയും രോഹിത് ശർമയുടെയും നായകൻ വിരാട് കോഹ്ലിയുടെയും നേതൃത്വത്തിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനകൾ നൽകിയെങ്കിലും പോരാട്ടം അധികം നീണ്ടുനിന്നില്ല. ഇന്ന് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 215 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ കളി ആരംഭിച്ചത്. വിമർശകരുടെയെല്ലാം വായടപ്പിച്ച മികച്ച ഇന്നിങ്‌സുമായി കളി തുടർന്ന പുജാരയുടെ സെഞ്ച്വറിയാണ് ഇന്ത്യൻ ആരാധകരെല്ലാം ഇന്ന് ആദ്യമായി പ്രതീക്ഷിച്ചത്. എന്നാൽ, പുതിയ പന്തിനു മുന്നിൽ പതറിയ പുജാരയെ ഇന്നത്തെ നാലാം ഓവറിൽ തന്നെ റോബിൻസൻ പിടികൂടി. സെഞ്ച്വറിക്ക് ഒൻപതു റൺസുമാത്രം അകലെ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു പുജാര. പുറത്താകുമ്പോൾ 189 പന്തിൽ 15 ബൗണ്ടറി സഹിതം 91 റൺസ് നേടിയിരുന്നു പുജാര.
ഫോമില്ലായ്മയുടെ കരിനിഴലിൽനിന്ന് രക്ഷപ്പെടുന്ന സൂചന നൽകിയ കോഹ്ലി റോബിൻസനെ ഒരു ഓവറിൽ തന്നെ രണ്ടുതവണ അതിർത്തി കടത്തി അർധ സെഞ്ച്വറി കടന്നു. എന്നാൽ, റോബിൻസൻ തന്നെ തൊട്ടടുത്ത പന്തിൽ കോഹ്ലിയുടെ പോരാട്ടം അവസാനിപ്പിച്ചു. റൂട്ടിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 125 പന്തിൽ എട്ട് ബൗണ്ടറികളോടെ 55 റൺസായിരുന്നു ഇന്ത്യൻ നായകൻ നേടിയത്.
പിന്നാലെ അജിങ്ക്യ രഹാനെ(10)യും തിരിച്ചുനടന്നു. ഇത്തവണ ആൻഡേഴ്‌സന്റെ പന്തിൽ ബട്‌ലറിന് ക്യാച്ച് നൽകിയാണ് രഹാനെ മടങ്ങിയത്. ഇന്നിങ്‌സ് തോൽവി എന്ന നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ഋഷഭ് പന്ത് പക്ഷെ അടുത്ത ഓവറിൽ തന്നെ റോബിൻസന് തലവച്ചു. വെറും ഒരു റൺസാണ് പന്തിന് നേടാനായത്. തുടർന്ന് അനിവാര്യമായ ദുരന്തം ഒഴിവാക്കാനെന്ന വണ്ണം രവീന്ദ്ര ജഡേജ മിന്നലാക്രമണത്തിന് തുടക്കമിടുന്നതാണ് കണ്ടത്. ആൻഡേഴ്‌സനെയും റോബിൻസനെയുമെല്ലാം ഇടയ്ക്കിടക്ക് അതിർത്തി കടത്തി ജഡേജ. ഇതിനിടെ മുഹമ്മദ് ഷമിയെ(ആറ്) മോയിൻ അലി ക്ലീൻ ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ ഇശാന്ത് ശർമ(രണ്ട്)യെയും പുറത്താക്കി റോബിൻസൻ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. എന്നാല്‍, ജഡേജയുടെ പ്രത്യാക്രമണത്തിനും അധികം ആയുസുണ്ടായില്ല. ഒവേർട്ടന്റെ പന്തിൽ ബട്‌ലറിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ 42 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 30 റൺസ് ആയിരുന്നു ജഡേജയുടെ സമ്പാദ്യം. പിന്നാലെ സിറാജിനെയും പുറത്താക്കി ഒവേർട്ടൻ ഇംഗ്ലീഷ് വിജയം പൂര്‍ത്തിയാക്കി.
ആദ്യ ഇന്നിങ്‌സിൽ ആൻഡേഴ്‌സനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെങ്കിൽ രണ്ടാം ഇന്നിങ്‌സിൽ റോബിൻസനായിരുന്നു ഇന്ത്യയുടെ അന്തകൻ. റോബിൻസന്റെ അഞ്ചു വിക്കറ്റിനു പുറമെ ക്രെയ്ഗ് ഒവേര്‍ട്ടന്‍ മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതു. ആൻഡേഴ്‌സനും മോയിൻ അലിയും ഓരോ വിക്കറ്റ് വീതവും നേടി.
Adjust Story Font
16