Quantcast

ലോകം അര്‍ജന്‍റീനയുടെ കാലുകളില്‍; ഫിഫ റാങ്കിങ്ങില്‍ മിശിഹായും പിള്ളേരും ഒന്നാമത്

ബ്രസീലിനെ മറികടന്നാണ് അർജന്‍റീന ആറു വർഷത്തിനിടെ ആദ്യമായി ഫിഫാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

MediaOne Logo

Web Desk

  • Published:

    6 April 2023 12:35 PM GMT

FIFA Rankings,World Cup champions, Argentina ,top spot ,first rank
X

ടീം അര്‍ജന്‍റീന

അര്‍ജന്‍റൈന്‍ ഫുട്ബോളിനിത് നേട്ടങ്ങളുടെ നാളുകള്‍. 36 വര്‍ഷങ്ങളുടെ വരള്‍ച്ചക്ക് ശേഷം ലോകകപ്പ് നേടിയതിന് പിന്നാലെ ഇതാ അര്‍ജന്‍റീനയെത്തേടി ലോക ഫുട്ബോളിലെ ഒന്നാം റാങ്കും എത്തിയിരിക്കുന്നു. ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനെ മറികടന്നാണ് അർജന്‍റീന ആറു വർഷത്തിനിടെ ആദ്യമായി ഫിഫാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഖത്തർ ലോകകപ്പിലെ റണ്ണറപ്പായ ഫ്രാൻസാണ് രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ രണ്ട് സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് വീണു.

അര്‍ജന്‍റീനക്ക് 1840.93 റേറ്റിങ് പോയിന്‍റും ഫ്രാന്‍സിന് 1838.45 റേറ്റിങ് പോയിന്‍റുമാണുള്ളത്. 1834.21 റേറ്റിങ് പോയിന്‍റാണ് ബ്രസീലിന്. ഖത്തർ ലോകകപ്പ് നേട്ടത്തിന് പിന്നാലെ നടന്ന സൗഹൃദ മത്സരങ്ങളിലെ വിജയവും അര്‍ജന്‍റീനക്ക് ഗുണകരമായി. പനാമ, കുറസാവോ രാജ്യങ്ങൾക്കെതിരെ നേടിയ ജയങ്ങളാണ് അര്‍ജന്‍റീനയെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്.1792.53 പോയിന്‍റുമായി ബെല്‍ജിയവും 1792.43 പോയിന്‍റുമായി ഇംഗ്ലണ്ടുമാണ് ഫിഫാ റാങ്കിങ്ങില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.

നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ചുഗല്‍, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങൾ. ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായ ബ്രസീല്‍ ലോകകപ്പിന് ശേഷം നടന്ന സൗഹൃദ മത്സരത്തില്‍ മൊറോക്കോയോട് തോറ്റിരുന്നു. ഈ തോല്‍വിയും ബ്രസീലിന് വലിയ തിരിച്ചടിയായി. അതേസമയം ഖത്തര്‍ ലോകകപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയ മൊറോക്കോ റാങ്കിങ്ങിലും വന്‍ കുതിപ്പ് നടത്തി. ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ മൊറോക്കോ പുതിയ ഫിഫ റാങ്കിങ് പ്രകാരം പതിനൊന്നാം സ്ഥാനത്തെത്തി. വന്‍ ശക്തികളെയെല്ലാം വീഴ്ത്തിയ മൊറോക്കോ ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമിഫൈനലിലെത്തിയിരുന്നു. ഒരു ആഫ്രിക്കന്‍ രാജ്യം ലോകകപ്പ് ഫുട്ബോളിന്‍റെ സെമിഫൈനല്‍ കളിക്കുന്നതും ചരിത്രത്തിലാദ്യമായിരുന്നു.

1200 പോയിന്‍റോടെ ഇന്ത്യ ഫിഫ റാങ്കിങില്‍ 101-ാം സ്ഥാനത്താണ്. ജൂലൈ 20നാണ് ഫിഫ അടുത്ത റാങ്കിങ് പുറത്തിറക്കുക. യൂറോ കപ്പ് യോഗ്യത പോരാട്ടങ്ങൾ നടക്കുന്നതിനാൽ ഫ്രാന്‍സ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധ്യത കൂടുതലാണ്

TAGS :

Next Story