ഖത്തറിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ലോകകപ്പ് ഉദ്ഘാടനച്ചടങ്ങ്
ഹോളിവുഡ് ഇതിഹാസ താരം മോര്‍ഗന്‍ ഫ്രീമാനും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത ഖത്തരി യുവാവ് ഗാനി അല്‍ മുഫ്തയും തമ്മിലുള്ള സംഭാഷണം സദസ് വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്
ദോഹ: ഖത്തറിനെതിരെ പാശ്ചാത്യ മാധ്യമങ്ങളുള്‍പ്പെടെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും ഉദ്ഘാടനച്ചടങ്ങില്‍ അരങ്ങേറി. ഹോളിവുഡ് ഇതിഹാസ താരം മോര്‍ഗന്‍ ഫ്രീമാനും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത ഖത്തരി യുവാവ് ഗാനി അല്‍ മുഫ്തയും തമ്മിലുള്ള സംഭാഷണം സദസ് വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
പൊലിമയും നിറവൈവിധ്യങ്ങളും അറബ് സാംസ്കാരികതയും നിറഞ്ഞുനിന്ന കലാവിരുന്നിനിടെയാണ് മോര്‍ഗന്‍ ഫ്രീമാന് വേദിയിലേക്ക് വന്നത്. എതിര്‍ ഭാഗത്തൂടെ ഫിഫ ഗുഡ്‍വില്‍ അംബാസഡറും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത യുവാവുമായ ഗാനിം അല്‍ മുഫ്തയും. വിവേചന ബുദ്ധിയാലും വെറുപ്പിനാലും ലോകമാകെ പടര്‍ന്ന കറുത്ത നിഴല്‍ മായ്ക്കാന്‍ എന്താണൊരു വഴിയെന്ന് ഫ്രീമാന്‍. ഉടന്‍ ഗാനിം ഖുര്‍ആനിലെ ചില ശകലങ്ങള്‍ പാരായണം ചെയ്തു. തീര്‍ച്ചയായും മനുഷ്യരെ വ്യത്യസ്ത വിഭാഗക്കാരായി ദൈവം സൃഷ്ടിച്ചത് പരസ്പരം അറിയാനും പഠിക്കാനും അതുവഴി ഒന്നാകാനുമാണെന്നര്‍ഥം വരുന്ന ഖുര്‍ആന്‍ വാക്യം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒറ്റക്കൂരയാണിതെന്ന് അല്‍ മുഫ്ത അല്‍ ബൈത്തിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
നിറ കയ്യടികളോടെയാണ് ഇരുവരുടെയും സംഭാഷണത്തെ ഗ്യാലറി വരവേറ്റത്. ലോകകപ്പ് സംഘാടനത്തിന്‍റെ പേരില്‍ ഖത്തറിനെതിരെ വംശീയ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ ചില രാജ്യങ്ങളും മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് നേരത്തെ വിദേശകാര്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു.
Adjust Story Font
16