'മലയാളി എന്തുകൊണ്ട് മെസ്സിയെ ഇത്രയും ഇഷ്ടപ്പെടുന്നു?'; കേരളത്തിലെ ഫുട്‌ബോൾ ജ്വരം വാർത്തയാക്കി അർജന്റീന മാധ്യമം
അർജന്റീന മാധ്യമം 'ഇൻഫോബേ'യാണ് മറഡോണയ്ക്കും മെസ്സിക്കും കേരളത്തിലുള്ള ആരാധക പിന്തുണയെക്കുറിച്ച് ചോദിച്ചറിയുന്നത്
ബ്യൂണസ് അയേഴ്‌സ്: കേരളത്തിലെ ഫുട്‌ബോൾജ്വരം വാർത്തയാക്കി അർജന്റീന മാധ്യമം 'ഇൻഫോബേ'. അർജന്റീന ആരാധകരുടെ അഭിമുഖത്തിലൂടെയാണ് കേരളത്തിലെ ടീമിനുള്ള പിന്തുണയും ആവേശവും പകർത്തിയത്. അർജന്റീന ഫുട്‌ബോളിനും ഇതിഹാസ താരങ്ങളായ മറഡോണയ്ക്കും ലയണൽ മെസ്സിക്കും എന്തുകൊണ്ട് ഇത്രയും ജനപിന്തുണയെന്നാണ് മാധ്യമം ആരാധകരോട് ചോദിച്ചറിഞ്ഞത്.
'അർജന്റീന ഫാൻസ് കേരള' സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിന്മാരായ മുഹമ്മദ് അനീസ്, സജീഷ് മോഹൻ എന്നിവരുമായുള്ള അഭിമുഖമാണ് ഇൻഫോബേ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1980കളിൽ അർജന്റീന ഫുട്‌ബോളിന്റെ വസന്ത കാലത്തു തന്നെ കേരളത്തിൽ ടീമിന് ആരാധകരുണ്ടെന്ന് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. അർജന്റീന കപ്പടിച്ചത് ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിൽ കണ്ടതിന്റെ ഓർമകൾ ഇപ്പോഴും ആവേശത്തോടെ ഓർത്തെടുക്കുന്ന പഴയ തലമുറയെയും അഭിമുഖത്തിൽ അനീസും സജീഷും പരിചയപ്പെടുത്തുന്നുണ്ട്.
എന്തുകൊണ്ടാണ് ഇന്ത്യക്കാർ അർജന്റീന ജയിക്കണമെന്ന് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് അഭിമുഖം തുടങ്ങുന്നത്. മരിയോ കെംപസിന്റെയും ഡീഗോ മറഡോണയുടെയും കാലം മുതൽ കേരളത്തിലും ഗോവയിലും ബംഗാളിലുമൊക്കെ ഫുട്‌ബോൾ ശരിക്കുമൊരു ഭ്രാന്താണെന്ന് അനീസും സജീഷും പറയുന്നു. അവരെല്ലാം മറഡോണയെ കണ്ടാണ് അർജന്റീനൻ ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നത്. 1986ലെ ലോകകപ്പ് വിജയത്തിന്റെ കഥകൾ കേട്ടാണ് പുതിയ തലമുറ വളർന്നതെന്നും അവർ പറയുന്നു.
അർജന്റീന ഭ്രാന്തും മറഡോണ, മെസ്സി ആരാധനയുമെല്ലാം എങ്ങനെയാണ് ഉടലെടുത്തതെന്നാണ് മറ്റൊരു ചോദ്യം. മറഡോണയുടെ ജീവിതശൈലിയും ബ്രിട്ടീഷ് അധിനിവേശവിരുദ്ധതയും ബ്രിട്ടനോടുള്ള ശത്രുതയുമെല്ലാം അഭിമുഖത്തിൽ ചർച്ചയാകുന്നുണ്ട്.
Summary: Argentinian media 'Infobae' covers football fever in Kerala
Adjust Story Font
16