ഡാൻസ് ചെയ്യുന്നത് ആരെയും വേദനിപ്പിക്കാനല്ല, സന്തോഷിപ്പിക്കാൻ: വിനീഷ്യസ് ജൂനിയർ
ഡാന്‍സ് ചെയ്യുന്നത് എതിരാളികളെ അപമാനിക്കലാണെന്നായിരുന്നു ചാനലിന്റെ കമന്ററി സംഘത്തിനൊപ്പമുള്ള കീനിന്റെ അഭിപ്രായം
ദോഹ: ഗോൾ നേടിയതിന് ശേഷമുള്ള ടീമിന്റെ നൃത്ത ആഘോഷങ്ങൾ രാജ്യത്തെ സന്തോഷിപ്പിക്കാനാണെന്നും അല്ലാതെ എതിരാളികളെ വേദനിപ്പിക്കാനല്ലെന്നും ബ്രസീല്‍ മുന്നേറ്റ താരം വിനീഷ്യസ് ജൂനിയര്‍. ഗോൾ നേടുക എന്നത് ഫുട്ബോളിലെ ഒരു സുപ്രധാന നിമിഷമാണ്, അത് ആഘോഷിക്കേണ്ടതുണ്ട്- വിനീഷ്യസ് ജൂനിയര്‍ വ്യക്തമാക്കി.
'മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ പരാതിപ്പെടാൻ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ട്. ഞങ്ങൾ ബ്രസീലുകാർ സന്തോഷമുള്ള ആളുകളാണ്,ഡാന്‍സ് ചെയ്യുന്നത് മറ്റുളളവരെ വേദനിപ്പിക്കാനല്ല. ഇനിയും നിരവധി ഡാൻസുകൾ ഞങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്'- വിനീഷ്യസ് പറഞ്ഞു.
പ്രീ ക്വാര്‍ട്ടറില്‍ സൗത്ത് കൊറിയക്കെതിരായ തകര്‍പ്പന്‍ ജയം നൃത്തത്തിന്റെ അകമ്പടിയോടെയായിരുന്നു ബ്രസീല്‍ ആഘോഷിച്ചിരുന്നത്. ബ്രസീല്‍ നേടിയ ഓരോ ഗോളിനും താരങ്ങള്‍ ചുവടുവെച്ചു. ഒരുവേള പരിശീലകന്‍ ടിറ്റെ വരെ ഗോളാഘോഷത്തില്‍ പങ്കാളിയായി. അതേസയം ബ്രസീലിന്റെ നൃത്ത ആഘോഷങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
മുന്‍ അയര്‍ലന്‍ഡ് സൂപ്പര്‍താരം റോയ് കീനാണ് ഡാന്‍സിനെതിരെ രംഗത്തുവന്നത്. ഡാന്‍സ് ചെയ്യുന്നത് എതിരാളികളെ അപമാനിക്കലാണെന്നായിരുന്നു ചാനലിന്റെ കമന്ററി സംഘത്തിനൊപ്പമുള്ള കീനിന്റെ അഭിപ്രായം. എതിരാളികളെ അപമാനിക്കുന്നത് ശരിയല്ല. ഇത്തരം ഡാന്‍സ് അവര്‍ നിര്‍ത്തണമെന്നും കീന്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ലോകകപ്പ് തുടങ്ങും മുമ്പേ ബ്രസീല്‍ താരങ്ങള്‍ ഡാന്‍സിന്റെ കാര്യം വെളിപ്പെടുത്തിയിരുന്നു. ഓരോ ഗോളും ഓരോ ഡാന്‍സ് സ്‌റ്റെപ്പുകളിലൂടെ ആഘോഷിക്കുമെന്നായിരുന്നു കളിക്കാരുടെ പ്രതികരണം.
പത്ത് ഡാന്‍സ് സ്റ്റെപ്പുകള്‍ വരെ തങ്ങള്‍ പഠിച്ചു വച്ചിട്ടുണ്ടെന്നായിരുന്നു നെയ്മര്‍ വെളിപ്പെടുത്തിയത്. ഓരോ ഗോള്‍ നേടിയ ശേഷവും ബ്രസീല്‍ താരങ്ങള്‍ നടത്തുന്ന ഡാന്‍സ് ഏറെ വൈറലായിട്ടുണ്ട്. പ്രീ ക്വാർട്ടറില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബ്രസീല്‍ ക്വാർട്ടറിലെത്തിയത്. ഏഷ്യന്‍ കരുത്തരായ ജപ്പാനെ ഷൂട്ടൗട്ടില്‍ തകർത്താണ് ക്രൊയേഷ്യയുടെ വരവ്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ക്വാര്‍ട്ടര്‍ പോര്.
Adjust Story Font
16