കനകകിരീടമില്ലാതെ ഇതിഹാസം; സ്വന്തം പാളയത്തിലും ഒറ്റപ്പെട്ട് പോരാളിയുടെ മടക്കം
വിതുമ്പിക്കരയുന്ന ക്രിസ്റ്റ്യാനോയെ ആശ്വസിപ്പിക്കാൻ അയാളുടെ മഹത്വമറിയുന്ന മൊറോക്കൻ താരങ്ങളെത്തി. എന്നാൽ, കോച്ച് സാന്റോസല്ലാതെ സ്വന്തം ടീമിൽനിന്ന് ഒരാളെയും അവിടെ കണ്ടില്ല
ദോഹ: ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഖത്തറിൽനിന്നു മടക്കം. കിരീടമെന്നതിലുപരി സ്വന്തം ടീമിൽ പോലും പകരക്കാരനായി മാറേണ്ടിവന്ന അപമാനവും പേറി കണ്ണീരണിഞ്ഞാണ് റോണോയുടെ മടക്കം.
ഇതായിരുന്നില്ല ക്രിസ്റ്റ്യാനോ അർഹിച്ചതെന്നതിൽ കളിയാരാധകർക്കൊന്നും സംശയമുണ്ടാകില്ല. പോർച്ചുഗൽ എന്ന രാജ്യത്തിന് യൂറോകപ്പും യുവേഫ നേഷൻസ് കിരീടവും സമ്മാനിച്ച നായകൻ ഇതാ സ്വന്തം ടീമിൽ പകരക്കാരനാക്കപ്പെട്ട്, ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങുന്നു. ഹൃദയം പിളർക്കുന്ന മടക്കം. പൊള്ളിക്കുന്ന കണ്ണീർ. പോരാളികൾ കരയാറില്ലെന്നത് വെറും തോന്നലാണ്. അല്ലെങ്കിൽ ലോകത്തിന്റെ എത്രയോ കളിക്കളങ്ങളിൽ വിസ്മയിപ്പിച്ച് പറങ്കിപ്പടയെ നയിച്ച ക്രിസ്റ്റ്യാനോ കണ്ണീരണിയില്ലായിരുന്നു.
കളത്തിന്റെ നാലതിരുകളും കൈവള്ളയിലെന്നവണ്ണം മനഃപാഠമാക്കിയയാൾ. ചലനസിദ്ധാന്തങ്ങളെയും ഭൂഗുരുത്വബലത്തെയും ചോദ്യം ചെയ്ത് പുൽപ്പരപ്പിന് ലംബമായും തിരശ്ചീനമായും അതിവേഗങ്ങളിൽ അഭിരമിച്ചയാൾ. ഏതൊരു സൂപ്പർ കംപ്യൂട്ടറിനെയും നാണിപ്പിക്കുന്ന തരത്തിൽ പന്തിന്റെ ഗതിവേഗമളന്ന് കാലുകളും തലയും സ്പർശിച്ച് വലതുളച്ചവൻ. ഇത്തവണ അദ്ദേഹം നിരായുധനായിരുന്നു; സ്വന്തം പാളയത്തിൽ പോലും ഒറ്റപ്പെട്ട്.
സ്വാർത്ഥനാണെന്ന് വിമർശകർ കൂരമ്പെഴ്തപ്പോഴാണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിനെ യൂറോപ്പിന്റെ ചാംപ്യന്മാരാക്കി അവരോധിച്ചത്. ആ ഫൈനലിൽ കുമ്മായവരക്കിപ്പുറം അതിവേദനയിലും അദ്ദേഹം കാണിച്ച പോരാട്ടവീര്യമാണ് യൂറോകപ്പ് പോർച്ചുഗീസുകാർക്ക് സമ്മാനിച്ചത്. ശ്വാസമടക്കിപ്പിടിച്ചു നിന്ന സോച്ചിയിലെ ആ ഫ്രീകിക്ക് സമ്മാനിച്ചത് എന്തൊരു മാസ്മരികതയാണ്.
എന്നാൽ, ഇക്കുറി സ്വന്തം പടയാളികളിൽനിന്നുപോലും പാസ് കിട്ടാതെ ഒറ്റപ്പെട്ടുപോയി റോണോ. യൂറോപ്പിന്റെ ഫുട്‌ബോൾ ഭൂപടത്തിൽ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പോർച്ചുഗലിന് ഇന്നുകാണുന്ന പകിട്ടും പെരുമയും സമ്മാനിച്ചത് റൊണാൾഡോയുടെ വിയർപ്പിന്റെ ഉപ്പുരസമാണ്. കളിക്കളത്തിൽ പ്രതാപത്തിന്റെ പഴങ്കഥയ്ക്ക് സ്ഥാനമില്ലെന്നറിയാം. വിതുമ്പിക്കരയുന്ന ക്രിസ്റ്റ്യാനോയെ ആശ്വസിപ്പിക്കാൻ അയാളുടെ മഹത്വമറിയുന്ന മൊറോക്കൻ താരങ്ങളെത്തി, പക്ഷെ കോച്ച് സാന്റോസല്ലാതെ സ്വന്തം ടീമിൽനിന്ന് ഒരാളെയും അവിടെ കണ്ടില്ല.
ഈ അവഗണനയ്ക്കും ഒറ്റപ്പെടലിനുമിടയിൽ ഇനി എത്രനാൾകൂടി ടീമിൽ എന്നതാണ് ചോദ്യം. അപ്പോഴും ഉറപ്പിച്ചുപറയാം, ആ ലോകകിരീടം ക്രിസ്റ്റ്യാനോ എന്ന ഇതിഹാസത്തെ അർഹിക്കുന്നുണ്ട്. Cr7 എന്ന മുദ്ര ചാർത്തപ്പെടാത്ത ആ കനകകിരീടവും അപൂർണമാണ്.
Adjust Story Font
16