'അത് ക്രിസ്റ്റ്യാനോയുടെ ഗോൾ'; ഫിഫയ്ക്ക് തെളിവ് നൽകുമെന്ന് പോർച്ചുഗൽ
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഗോൾ ബ്രൂണോയുടേതാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഫിഫ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്
ലിസ്ബൺ: വിവാദ ഗോളിൽ ഫിഫയ്ക്ക് പരാതി നൽകാൻ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ. യുറുഗ്വായ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഗോൾ ക്രിസ്റ്റിയാനോയുടേതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷനു സമർപ്പിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു. എന്നാൽ, സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഗോൾ ബ്രൂണോയുടേതാണെന്നു തന്നെ ഫിഫ വ്യക്തമാക്കിയിരിക്കുകയാണ്.
ബ്രൂണോ ഫെർണാണ്ടസിന്റെ കാലിൽനിന്ന് പിറന്ന ആദ്യ ഗോളിനെച്ചൊല്ലിയാണ് വിവാദം. ബോക്സിലേക്ക് ബ്രൂണോ ഉയർത്തി നൽകിയ പന്ത് യുറുഗ്വായ് പ്രതിരോധം കടന്നു പോസ്റ്റിലെത്തുംമുൻപ് ബോക്സിനകത്ത് ക്രിസ്റ്റ്യാനോ തലവച്ചിരുന്നു. ഗോളിനു പിന്നാലെ ക്രിസ്റ്റ്യാനോ ആഘോഷവും തുടങ്ങി. ഫിഫയടക്കം ഗോൾ ക്രിസ്റ്റിയാനോയുടെ പേരിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, പിന്നീട് സാങ്കേതിക പരിശോധനയിൽ പന്തിൽ ക്രിസ്റ്റ്യാനോയുടെ തല തട്ടിയില്ലെന്നു വ്യക്തമാകുകയും ബ്രൂണോയുടെ പേരിലേക്ക് ഗോൾ മാറ്റുകയുമായിരുന്നു.
ഗോളടിച്ചത് ക്രിസ്റ്റിയാനോ തന്നെയാണെന്നാണ് താനും കരുതിയതെന്നാണ് മത്സരശേഷം ബ്രൂണോ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളെന്ന നിലയ്ക്കാണ് താനും ആഘോഷിച്ചത്. ക്രിസ്റ്റിയാനോ പന്തിൽ ടച്ച് ചെയ്തിട്ടുണ്ടെന്നാണ് കരുതിയതെന്നും ബ്രൂണോ വെളിപ്പെടുത്തി.
സംഭവം വലിയ വിവാദമായതോടെയാണ് ഗോൾ ക്രിസ്റ്റിയാനോയ്ക്കു തന്നെ അവകാശപ്പെട്ടതാണെന്ന് പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷനും വ്യക്തമാക്കിയത്. ഈ ഗോളോടെ ലോകകപ്പിൽ പോർച്ചുഗലിന്റെ റെക്കോർഡ് ഗോൾവേട്ടക്കാരൻ യൂസെബിയോയ്‌ക്കൊപ്പം എത്തേണ്ടതായിരുന്നു സൂപ്പർ താരം. എട്ട് ലോകകപ്പ് ഗോളുമായാണ് യൂസെബിയോ ഗോൾവേട്ടക്കാരിൽ മുന്നിലുള്ളത്.
എന്നാൽ, ലോകകപ്പിൽ ഉപയോഗിക്കുന്ന അൽരിഹ്ല പന്തിന്റെ നിർമാതാക്കളായ അഡിഡാസിന്റെ സാങ്കേതിക സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഫിഫയുടെ അന്തിമ പ്രഖ്യാപനം വന്നിരിക്കുന്നത്. കണക്ടർ ബോൾ ടെക്‌നോളജിയിലാണ് ക്രിസ്റ്റിയാനോയുടെ തലയിൽ പന്ത് തട്ടിയിട്ടില്ലെന്ന് വ്യക്തമായിരിക്കുന്നതെന്ന് പ്രസ്താവനയിൽ ഫിഫ ചൂണ്ടിക്കാട്ടി. 500 ഹേർട്‌സ് ഇനേർഷ്യൽ മെഷർമെന്റ് യൂനിറ്റ്(ഇമു) സെൻസർ ആണ് അൽരിഹ്ല പന്തിനകത്ത് ഘടിപ്പിച്ചിട്ടുള്ളത്. മത്സരത്തിന്റെ ഏറ്റവും കൃത്യമായ തത്സമയവിവരങ്ങൾ അറിയാൻ സെൻസർ മാച്ച് ഒഫിഷ്യലുകൾക്ക് ഏറെ സഹായകരമാണ്.
Summary: Portugal's Football Ferderal will submit 'evidence' to FIFA that proves Cristiano Ronaldo did get a touch on Bruno Fernandes' cross for their opener against Uruguay. The goal was awarded to the Bruno later
Adjust Story Font
16