മാനേ ഇല്ലാതെ സെനഗൽ; ചരിത്രം തിരുത്താനുറച്ച് ഓറഞ്ച് പട

മാനേ ഇല്ലാതെ സെനഗൽ; ചരിത്രം തിരുത്താനുറച്ച് ഓറഞ്ച് പട

മൂന്ന് തവണ ഫൈനൽ കളിച്ചിട്ടും ലോകകിരീടം പുളിപ്പേറിയൊരു ഓറഞ്ച് അല്ലിയായി മാറിപ്പോയവരാണ് നെതർലൻഡ്‌സ്

MediaOne Logo

Web Desk

  • Updated:

    21 Nov 2022 1:59 PM

Published:

21 Nov 2022 3:32 AM

മാനേ ഇല്ലാതെ സെനഗൽ; ചരിത്രം തിരുത്താനുറച്ച് ഓറഞ്ച് പട
X

ദോഹ: ലോകകപ്പിൽ നെതർലൻഡ്‌സ് ഇന്ന് ആദ്യ പോരിനിറങ്ങുന്നു. മൂന്ന് തവണ ഫൈനൽ കളിച്ചിട്ടും കിരീടം കൈവിട്ടു പോയ ചരിത്രം തിരുത്താനുറച്ചാണ് ഓറഞ്ചുപടയുടെ വരവ്. സാദിയോ മാനേയെുടെ പിന്മാറ്റത്തോടെ കരുത്തുചോർന്ന സെനഗലാണ് എതിരാളികൾ. ലോകഭൂപടത്തിൽ തിരഞ്ഞാൽ യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറ് ജർമനിക്കും അപ്പുറത്ത് ബ്രിട്ടനുമിടയിൽ കടലിനോട് ചേർന്നു കിടപ്പുണ്ട് നെതർലൻഡ്‌സ് എന്ന ഹോളണ്ട്. എന്നാൽ ലോകഫുട്‌ബോൾ ഭൂപടത്തിൽ ഇവർക്കൊപ്പമില്ല ഓറഞ്ചുകാർ. മൂന്ന് തവണ ഫൈനൽ കളിച്ചിട്ടും ലോകകിരീടം പുളിപ്പേറിയൊരു ഓറഞ്ച് അല്ലിയായി മാറിപ്പോയവരാണവർ.

ടോട്ടൽ ഫുട്‌ബോൾ ലോകത്തെ പഠിപ്പിച്ചിട്ടും യൊഹാൻ ക്രൈഫ് എന്ന അതികായനുണ്ടായിട്ടും നേടാനാകാതെ പോയ ആ സൗഭാഗ്യം തേടിയാണ് ലൂയി വാൻഗലെന്ന തന്ത്രജ്ഞനായ പരിശീലകന് കീഴിൽ ഇത്തവണ ഓറഞ്ച് പടയിറങ്ങുന്നത്. ആര്യൻ റോബനെപ്പോലൊരാൾ ഒഴിച്ചിട്ട സിംഹാസനപദവിയിലേക്ക് പകരമൊരാളില്ല. റഷ്യയിൽ യോഗ്യതനേടാനാകാതെ പോയവർ പക്ഷേ പൊരുതാനുറച്ചൊരു സംഘവുമായാണ് എത്തുന്നത്.

പ്രതിരോധത്തിലെ നായകൻ വിർജിൽ വാൻഡിക്, കൂട്ടിന് ഏതൊരാക്രമണത്തെയും തടഞ്ഞിടാൻ ശേഷിയുള്ള ഡാലി ബ്ലിൻഡും ഡിവ്രിജും ഡംഫ്രിസും പോലെ എണ്ണം പറഞ്ഞവർ. മധ്യത്തിൽ അതിവേഗക്കാരൻ ഫ്രങ്ക് ഡിജോങും ക്ലാസനും. മുന്നേറ്റത്തിൽ തീപടർത്താൻ മെംഫിസ് ഡീപേ. അതിശയിപ്പിക്കുന്ന കുന്തമുനയാകാൻ നൊവാ ലാങ് എന്ന ഇരുപത്തിമൂന്നുകാരൻ.സമീപകാലത്തെ ഏറ്റവും മികച്ച ടീമെന്ന് ഓറഞ്ച് ആരാധകർ വിശ്വസിക്കുന്ന സംഘം ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായിതന്നെ മുന്നേറുമെന്നാണ് വിലയിരുത്തൽ.

ആദ്യ കളി ആഫ്രിക്കൻ വീര്യം പേറുന്ന സെനഗലിനെതിരെ, സാദിയോ മാനെയെന്നഉരുക്കുമനുഷ്യന്റെ പരിക്കുലച്ചുകളഞ്ഞ എതിരാളികളെ അനായാസം മറികടക്കാമെന്ന കണക്കുകൂട്ടലുണ്ട് ഹോളണ്ടിന്. ഗ്യാലറിയിൽ പിന്തുണ നിറച്ച് പതിവുപോലെ ഓറഞ്ച് നിറത്തിൽ മുങ്ങി ആവേശം വിതറും ആരാധകക്കൂട്ടം.

ശൈത്യകാലത്തെ ഈ ലോകപോരാട്ടം അവരിൽ പ്രതീക്ഷ നിറയ്ക്കുന്നു. തണുപ്പുകാലം ഓറഞ്ച് വിളവെടുപ്പിന്റെ കാലമാണ്. ഏറ്റവും മധുരമേറിയ ഓറഞ്ച് വിളവെടുക്കുന്ന ഡിസംബറിലാണ് ലോകകപ്പിന്റെ കലാശപ്പോര്. ഇക്കാലമത്രയും പുളിച്ചുതികട്ടിയ ഓർമകൾക്ക് ഈ തണുപ്പിൽമധുരം വിളമ്പാനാകുമെന്ന ശുഭപ്രതീക്ഷയിലാണവർ.

TAGS :

Next Story