Quantcast

ഫ്രാൻസിന് നഷ്ടപ്പെട്ടത് 60 വർഷത്തിനിടെ ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമാകാനുള്ള അവസരം

ഈ ഫൈനലോടെ ഒന്നിലധികം ലോകകപ്പ് ഫൈനലുകളിൽ ടീമിനെ എത്തിക്കുന്ന ആറാമത് കോച്ചായി ദിദിയർ ദെഷാംപ്സ് മാറി

MediaOne Logo

Sports Desk

  • Updated:

    2022-12-18 20:13:25.0

Published:

18 Dec 2022 8:12 PM GMT

ഫ്രാൻസിന് നഷ്ടപ്പെട്ടത് 60 വർഷത്തിനിടെ ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമാകാനുള്ള അവസരം
X

ദോഹ: അർജൻറീനക്കെതിരെയുള്ള ഫൈനലിൽ പരാജയപ്പെട്ടതോടെ ഫ്രാൻസിന് നഷ്ടപ്പെട്ടത് 60 വർഷത്തിനിടെ ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമായി മാറാനുള്ള അവസരം. ഇതിന് മുമ്പ് രണ്ട് ടീമുകളാണ് ഇത്തരത്തിൽ കിരീടം നിലനിർത്തിയിട്ടുള്ളത്. 1934, 1938 ലോകകപ്പുകളിൽ ഇറ്റലിയും 1958, 1962 ലോകകപ്പുകളിൽ ബ്രസീലും തുടർകിരീടങ്ങൾ നേടിയിരുന്നു.

ആ സ്വപ്‌നം നടന്നില്ലെങ്കിലും, ഈ ഫൈനലോടെ ഒന്നിലധികം ലോകകപ്പ് ഫൈനലുകളിൽ ടീമിനെ എത്തിക്കുന്ന ആറാമത് കോച്ചായി ദിദിയർ ദെഷാംപ്സ് മാറി. നേരത്തെ ടീമുകളെ ഒന്നിലധികം ഫൈനലുകളിൽ എത്തിച്ച കോച്ചുമാരിൽ ഒരാൾക്ക് മാത്രമാണ് വിജയം നേടിക്കൊടുക്കാനായത്. ഇതിഹാസ താരമായ വിറ്റോറിയോ പോസ്സോയുടെ പരിശീലനത്തിലാണ് 1934, 1938 ലോകകപ്പുകളിൽ ഇറ്റലി കിരീടം നേടിയത്. പക്ഷേ ദെഷാംപ്‌സിന് ഫ്രഞ്ച് പടയ്ക്ക് കിരീടം നേടിക്കൊടുക്കാനായില്ല.

1930ൽ ആദ്യ ലോകകപ്പ് നേടിയത് ഉറുഗ്വേയാണ്. 1934ലെ ലോകകപ്പിൽ അവർ പങ്കെടുത്തില്ല. അക്കുറി ഇറ്റലി ജേതാക്കളായി. തൊട്ടടുത്ത് നടന്ന 1938ലെ ലോകകപ്പിലും അവർ വിജയ കിരീടം ചൂടി. എന്നാൽ 1950 ൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ആ ലോകകപ്പിൽ ആദ്യ ജേതാക്കളായ ഉറുഗ്വേ വീണ്ടും രാജക്കന്മാരായി. 1954ൽ അവർ സെമിഫൈനൽ വരെയെത്തിയെങ്കിലും വെസ്റ്റ് ജർമനിയാണ് കിരീടം നേടിയത്. 1958ൽ അവർ സെമി ഫൈനലിൽ തോറ്റ് മടങ്ങി. അക്കുറി ബ്രസീൽ അവരുടെ ആദ്യ കിരീടം നേടി. 1962 ൽ അവർ ചാമ്പ്യൻ പദവി നിലനിർത്തി. എന്നാൽ 1966ൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ആ ലോകകപ്പിൽ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ കിരീടം കൊണ്ടുപോയി. എന്നാൽ 1970ലെ ലോകകപ്പിൽ ഇംഗ്ലീഷ് പട ക്വാർട്ടർ ഫൈനലിൽ മടങ്ങി. ഈ ലോകകപ്പിൽ ബ്രസീൽ തങ്ങളുടെ മൂന്നാം കിരീടം നേടി. എന്നാൽ 1974ൽ അവർ സെക്കൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. വെസ്റ്റ് ജർമനിയാണ് ചാമ്പ്യന്മാരായത്. എന്നാൽ അവർ സെക്കൻഡ് ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായ 1978ലെ ലോകകപ്പിൽ അർജൻറീന തങ്ങളുടെ കന്നിക്കിരീടം നേടി. എന്നാൽ 1982ൽ സെക്കൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങാനായിരുന്നു നീലപ്പടയുടെ വിധി. അക്കുറി ജേതാക്കളായ ഇറ്റലി 1986ലെ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിൽ പുറത്തായി. ആ ലോകകപ്പിൽ അർജൻറീനൻ പട തങ്ങളുടെ രണ്ടാം കിരീടം ലാറ്റിനമേരിക്കയിലേക്ക് കൊണ്ടുപോയി. അടുത്ത ലോകകപ്പ് 1990ൽ നടന്നപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ നിന്ന് അവരുടെ സൗഭാഗ്യം വെസ്റ്റ് ജർമനി തട്ടിപ്പറിച്ചു. തുടർ കിരീടം നേട്ടം കൊതിച്ച നീലപ്പടക്ക് റണ്ണേഴ്സ് അപ്പായി മടങ്ങാനായിരുന്നു വിധി. എന്നാൽ 1994ൽ ജർമനി ക്വാർട്ടർ ഫൈനലിൽ മടങ്ങി. ബ്രസീലാണ് കിരീടം നേടിയത്. തുടർന്ന് 1998ലെ ലോകകപ്പിൽ കിരീടം നേടിയുള്ള മഞ്ഞപ്പടയുടെ പോരാട്ടം ഫൈനൽ വരെയെത്തി. പക്ഷേ തോറ്റ് റണ്ണേഴ്സ് അപ്പായി മടങ്ങി ഏറ്റവും കുടുതൽ തവണ കിരീടം നേടിയ നാട്ടുകാർ. ഫ്രാൻസാണ് അന്നവരെ കരയിച്ച് കിരീടം കൊണ്ടുപോയത്. എന്നാൽ 2002 ലോകകപ്പിൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മടങ്ങേണ്ടി വന്നു. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ബ്രസീലാണ് ജേതാക്കളായത്. 2006ൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോറ്റു മടങ്ങി. ഇറ്റലിയാണ് ലോകചാമ്പ്യന്മാരായത്. എന്നാൽ 2010 അവർ ഗ്രൂപ്പ് ഘട്ടത്തിൽ കളി നിർത്തേണ്ടിവന്നു. സ്പെയിനാണ് കിരീടം നേടിയത്. 2014ൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ജർമനിയാണ് കാൽപ്പന്തിന്റെ ലോകമേൽവിലാസം നേടിയത്. 2018ൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ ഫ്രാൻസ് രണ്ടാം ലോകകിരീടം ചൂടി.

ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ റെക്കോഡ് ബ്രസീലിന്

ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ റെക്കോഡ് ബ്രസീലിനാണ്. അഞ്ചു കിരീടങ്ങളാണ് മഞ്ഞപ്പടയുടെ ഷോക്കേസിലുള്ളത്. നാലു വീതം വിജയങ്ങളുള്ള ജർമനിയും ഇറ്റലിയുമാണ് രണ്ടാം സ്ഥാനത്ത്. അർജൻറീനയ്ക്ക് ഇന്നത്തെ വിജയത്തോടെ മൂന്നു ലോകകപ്പ് കിരീടമായി. 2022 ലോകകപ്പിലെ ഫൈനലിൽ വിജയിച്ച നീലപ്പട ഇതിഹാസ താരം ലയണൽ മെസ്സിയുടെ ആദ്യ കിരീടം നേട്ടം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് രണ്ടു വീതം ലോകചാമ്പ്യൻ പട്ടമാണുള്ളത്. ബ്രസീൽ ഏഴു വട്ടം ഫൈനൽ കളിച്ചപ്പോൾ രണ്ടുവട്ടം റണ്ണേഴ്സ് അപ്പായി. എട്ടുവട്ടം ഫൈനലിലെത്തിയ ജർമനി നാലു വട്ടമാണ് രണ്ടാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്നത്. ഇറ്റലി ആറു വട്ടം ഫൈനലിലെത്തിയപ്പോൾ രണ്ടു വട്ടം റണ്ണേഴ്സ് അപ്പായി.

അർജൻറീന ആറു വട്ടമാണ് ഫൈനലിലെത്തിയത്. മൂന്നുവട്ടവും തോൽവിയായിരുന്നു ഫലം. ഫ്രാൻസ് ഇന്നത്തേതടക്കം നാലു വട്ടമാണ് ഫൈനലിലെത്തിയത്. രണ്ടു വട്ടമാണ് റണ്ണേഴ്സ് അപ്പായത്. നെതർലൻഡ്സും മൂന്നുവട്ടം ലോകകപ്പ് ഫൈനലിലെത്തിയിട്ടുണ്ട്. എന്നാൽ മൂന്നുവട്ടവും റണ്ണേഴ്സ് അപ്പായി മടങ്ങാനായിരുന്നു ഡച്ച് പടയുടെ വിധി. രണ്ടുവട്ടം ഫൈനൽ പ്രവേശനം നേടിയ ഉറുഗ്വേ രണ്ടു വട്ടവും ജേതാക്കളായാണ് തിരിച്ചുകയറിയത്. ചെക്കോസ്ലാവാക്യയും ഹംഗറിയും രണ്ടുവട്ടം ഫൈനലിലെത്തിയെങ്കിലും കിരീടം നേടിയില്ല. ഓരോ വട്ടം ഫൈനലിലെത്തിയ സ്പെയിനും ഇംഗ്ലണ്ടും കിരീടവുമായി മടങ്ങിയപ്പോൾ സ്വീഡനും ക്രൊയേഷ്യയും റണ്ണേഴ്സ് അപ്പിൽ തൃപ്തിപ്പെടേണ്ടി വന്നു.

കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഞായറാഴ്ച നടന്ന ഫൈനലിൽ അർജൻറന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടിൽ നാലു അർജൻറീനൻ താരങ്ങൾ ഗോളടിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോൺസാലോ മോണ്ടിയേൽ, ലിയനാർഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണൽ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാൻസ് നിരയിൽ രണ്ടൽ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാൽ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടിൽ കൂമാന്റെ കിക്ക് മാർട്ടിനെസ് തടുത്തപ്പോൾ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വർഷത്തിന് ശേഷം ലോകകപ്പിൽ തുടർ കിരീടമെന്ന് ഫ്രാൻസിന്റെ സ്വപ്‌നം പൊലിഞ്ഞു.

France missed out on becoming the first team in 60 years to retain the World Cup

TAGS :

Next Story