മോഡ്രിച്ചിനെയും സംഘത്തെയും തടയാൻ ആരുണ്ട്? മത്സരം മൊറോക്കോക്കെതിരെ
അവസാനം കളിച്ച അഞ്ച് കളികളിൽ ഒന്നിൽപോലും തോൽക്കാതെയാണ് ലൂക്കയും സംഘവും ഖത്തറിലെത്തുന്നത്
ദോഹ: 2018ലെ ഫൈനൽ മറന്ന് പുതിയൊരു അദ്ധ്യായം രചിക്കാനാണ് ഖത്തർ ലോകകപ്പിന് ക്രൊയേഷ്യ എത്തുന്നത്. ഇന്നത്തെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യ ഇറങ്ങുമ്പോൾ എതിരാളികൾ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ്. ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടം അൽബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 3.30ന് ആരംഭിക്കും.
2018 റഷ്യയിലെ ഫൈനൽ കളിച്ചവരാണ് ക്രൊയേഷ്യ. പ്രവചനക്കാരെയെല്ലാം കാറ്റിൽ പറത്തിയുള്ള പ്രകടനം. എന്നാൽ ഫൈനലിൽ 4-2ന് ഫ്രാൻസിനോട് തോറ്റു. സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു ക്രൊയേഷ്യയുടെ രാജകീയ ഫൈനൽ പ്രവേശം. ആ ഫൈനൽ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് പറയുകയാണ് ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച്.
ഓർമകളുണ്ടെങ്കിലും അതെല്ലാം മാറ്റി ഖത്തറിൽ പുതിയ എനർജിയിലാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. റഷ്യൻ ലോകകപ്പിൽ പന്ത് തട്ടിയ പലും ഇക്കുറി ടീമിനൊപ്പമില്ല. കരുത്തും വേഗതയുമുള്ള ഒത്തിരി യുവതാരങ്ങൾ പുതുതായി ടീമിനൊപ്പം ചേർന്നു. ഈയൊരു എനർജിയിലാണ് നായകന്റെ പ്രതീക്ഷകളത്രെയും. പരിക്കിന്റെ പ്രശ്‌നങ്ങളൊന്നും ക്രൊയേഷ്യയെ അലട്ടുന്നില്ല. പ്രതിരോധത്തിൽ മാർസലോ ബ്രോസോവിച്ച്, ദോമാഗോജ് വിദ എന്നിവരും വലകാക്കാൻ ഡൊമിനിക് ലിവോകോവിച്ചുമുണ്ട്. ഇവാൻ പെരിസിച്ച്, മാർക്കോ ലിവാജ, ബ്രൂണോ പെറ്റ്‌കോവിച്ച് തുടങ്ങിയ മുന്നേറ്റ നിരയും സജ്ജം.
അവസാനം കളിച്ച അഞ്ച് കളികളിൽ ഒന്നിൽപോലും തോൽക്കാതെയാണ് ലൂക്കയും സംഘവും ഖത്തറിലെത്തുന്നത്. നാലെണ്ണം ജയിച്ചപ്പോൾ ഒന്ന് സമനിലയിൽ പിരിയുകയായിരുന്നു. ഫ്രാൻസുമായിട്ടായിരുന്നു സമനില. അതേസമയം മൊറോക്കയും ഒരുങ്ങിത്തന്നെയാണ്. മൊറോക്കോയും അവസാനം കളിച്ച അഞ്ച് മത്സരങ്ങള്‍ തോറ്റിട്ടില്ല. മുന്‍ പ്രതിരോധ താരം വാലിഡ് റെഗ്രാഗുയിയെ പരിശീലകനാക്കിയാണ് മൊറോക്കൻ അധികൃതർ ടീം പണിഞ്ഞത്. ചെൽസിയുടെ മധ്യനിരൻ താരം ഹാകിം സിയേച്ചിനെ ടീമിലെത്തിച്ചതാണ് പരിശീലകന്റെ ശ്രദ്ധേയ നീക്കം. ഹാകിമിന്റെ മികവിൽ മൊറോക്ക വൻ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. പ്രതിരോധ താരം നയീഫ് അക്വേർഡ് പരിക്ക് മാറിയതും ടീമിന് പ്രതീക്ഷയേറ്റുന്നു.
ലോകകപ്പിൽ ആദ്യമായിട്ടാണ് ക്രൊയേഷ്യയും മൊറോക്കോയും പരസ്പരം ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് 1996ൽ സൗഹൃദ മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് 2-2 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. ബെൽജിയം, കാനഡ എന്നിവർ കൂടി അടങ്ങുന്നതാണ് ഗ്രൂപ്പ് എഫ്. 1986ന് ശേഷം ആദ്യമായാണ് കാനഡ ലോകകപ്പ് വേദിയിൽ പന്ത് തട്ടുന്നത്.
Adjust Story Font
16