മെസിയോ എംബാപ്പെയോ? ആരുടെ കാലുകളണിയും ഗോൾവേട്ടയുടെ സുവർണ പാദുകം?
ഫൈനലിൽ കളിക്കുന്ന ഇരുതാരങ്ങളും അഞ്ച് വീതം ഗോളുകളാണ് നേടിയിരിക്കുന്നത്
ദോഹ: അർജൻറീനൻ നായകൻ ലയണൽ മെസിയോ ഫ്രാൻസിന്റെ കിടിലൻ ഫോർവേഡ് കിലിയൻ എംബാപ്പെയോ? ആരുടെ കാലുകളണിയും ഗോൾവേട്ടയുടെ സുവർണ പാദുകം? ലോകകപ്പിൽ ഇനി ഫൈനൽ മത്സരം മാത്രം ബാക്കി നിൽക്കേ ആരാധകരുടെ മനസ്സിൽ ഈ ചോദ്യമുയരുന്നു. ഫൈനലിൽ കളിക്കുന്ന ഇരുതാരങ്ങളും അഞ്ച് വീതം ഗോളുകളാണ് നേടിയിരിക്കുന്നത്. മെസിയുടെ പേരിൽ മൂന്നും എംബാപ്പെയുടെ പേരിൽ രണ്ടും അസിസ്റ്റുകളാണുള്ളത്. ഡിസംബർ 18ന് ഇന്ത്യൻ സമയം എട്ടര മുതൽ നടക്കുന്ന മത്സരത്തോടെ ഗോൾഡൻ ബൂട്ട് ഉടമയെയും തിരിച്ചറിയാനാകും. ലൂസൈൽ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ താരങ്ങൾ തുല്യഗോളുകൾ നേടിയാൽ പെനാൽറ്റിയല്ലാതെ അടിച്ച ഗോളുകളുടെ എണ്ണം പരിഗണിക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1994 മുതലുള്ള ഗോൾഡൻ ബൂട്ട് ടൈ ബ്രേക്കർ റൂൾ ഇപ്രകാരമാണെന്നാണ് ഒളിമ്പിക്‌സ്.കോം റിപ്പോർട്ട് ചെയ്യുന്നത്. അതിന് ശേഷമാണ് അസിസ്റ്റും കുറവ് മിനുട്ട് കളിച്ചതും പരിഗണിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെ വന്നാൽ എംബാപ്പെക്കാണ് നേട്ടമാകുക. നിലവിൽ മെസിയുടെ മൂന്നു ഗോളുകൾ പെനാൽറ്റിയിലൂടെയാണ്. സൗദി അറേബ്യ, നെതർലാൻഡ്‌സ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഈ ഗോളുകൾ. ആസ്‌ത്രേലിയക്കെതിരെയാണ് മെസി പെനാൽറ്റിയിലൂടെയല്ലാതെ ഗോളടിച്ചത്. പോളണ്ടിനെതിരെയുള്ള മത്സരത്തിൽ താരം പെനാൽറ്റി പാഴാക്കിയിരുന്നു. എംബാപ്പെയുടെ ഒരു ഗോളും പെനാൽറ്റിയിലൂടെ നേടിയതല്ല.
എന്നാൽ ഫിഫ വേൾഡ് കപ്പ് സ്റ്റാറ്റ്‌സ് ഔദ്യോഗിക ട്വിറ്റർ പേജിൽ പറയുന്നത് ആദ്യം അസിസ്റ്റുകളുടെ എണ്ണവും രണ്ടാമത് മിനുട്‌സ് പെർ ഗോളുമാണ് പരിഗണിക്കുകയെന്നാണ്. അങ്ങനെയെങ്കിൽ എംബാപ്പെയേക്കാൾ ഒരു അസിസ്റ്റ് കൂടുതലുള്ള മെസിക്ക് നേട്ടമാകും. എന്നാൽ ഗോളിന് 95 മിനുട്ടാണ് എംബാപ്പെയുടേത്. മെസിയുടേത് ഗോളിന് 114 മിനുട്ടാണ്. 570 മിനുട്ട് കളിച്ചാണ് മെസി അഞ്ച് ഗോൾ നേടിയത്. എന്നാൽ എംബാപ്പെ 477 മിനുട്ടാണ് കളിച്ചിട്ടുള്ളത്. കുറവ് മിനുട്ട് കളിച്ച് കൂടുതൽ മികച്ച പ്രകടനം നടത്തിയതാണ് പരിഗണിക്കപ്പെടുക.
ഫൈനലിൽ ഒരാൾ മാത്രം സ്‌കോർ ചെയ്താൽ ആ താരം ഗോൾഡൻ ബൂട്ട് നേടും. ഫൈനലോടെ ലോകകപ്പിൽ കളിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് മെസി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ കിരീടവും ഗോൾഡൻ ബൂട്ടും നേടി മടങ്ങാനായിരിക്കും താരം കൊതിക്കുന്നത്. എന്നാൽ അസാമാന്യ ഫോമിലാണ് എംബാപ്പെ കളിക്കുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രഞ്ച് പടയെ ഇക്കുറിയും വിജയികളാക്കാനും 60 വർഷം മുമ്പത്തെ തുടർവിജയ നേട്ടത്തിന് ഒപ്പമെത്താനാകും എംബാപ്പെയും സംഘവും കളിക്കുക.
നാലു ഗോളുകളുമായി ഇരുടീമുകളിലെ ഓരോ താരങ്ങൾ മെസിക്കും എംബാപ്പെക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. നാലു ഗോൾ വീതം നേടിയ ജൂലിയൻ അൽവാരസും ഒലീവിയർ ജിറൂദുമാണ് ഈ താരങ്ങൾ. ഇരുവരും ഫൈനലിൽ കളിക്കുന്നുണ്ട്. ലോകകപ്പിലെ ഗോൾഡൻ ബോളിനും പോരാട്ടം ശക്തമാണ്. ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് സമ്മാനിക്കുന്ന ഗോൾഡൻ ബോൾ ജേതാവിനെ ഫിഫ സാങ്കേതിക സമിതി തയ്യാറാക്കിയ മത്സരാർത്ഥികളുടെ ഷോർട്ട്ലിസ്റ്റിൽ ആഗോള മാധ്യമങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വോട്ടുചെയ്താണ് തിരഞ്ഞെടുക്കുക. ഫൈനലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്. എങ്കിലും മെസിയും എംബാപ്പെയും തന്നെയാണ് പട്ടികയിലുണ്ടാകുകയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസ്സി.
മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവിനായി അർജൻറീനയുടെ എമി മാർട്ടിനെസ്, ഫ്രാൻസിന്റെ ഹ്യൂഗോ ലോറിസ്, ക്രൊയേഷ്യയുടെ ഡൊമിനിക് ലിവാകോവിച്ച്, മൊറോക്കോയുടെ യാസിൻ ബൂനേ എന്നിവരാണ്. ഇവരിൽ ആദ്യ രണ്ടു പേർ ഫൈനലിൽ കളിക്കുന്നുണ്ട്.
2022 ലോകകപ്പിലെ ഫൈനലിൽ ഞായറാഴ്ച അർജൻറീനക്കെതിരെയുള്ള ഫൈനലിൽ വിജയിച്ചാൽ 60 വർഷത്തിനിടെ ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഫ്രാൻസ് മാറും. ഇതിന് മുമ്പ് രണ്ട് ടീമുകളാണ് ഇത്തരത്തിൽ കിരീടം നിലനിർത്തിയിട്ടുള്ളത്. 1934, 1938 ലോകകപ്പുകളിൽ ഇറ്റലിയും 1958, 1962 ലോകകപ്പുകളിൽ ബ്രസീലും തുടർകിരീടങ്ങൾ നേടിയിരുന്നു.
അർജൻറീനക്കെതിരെ ഫ്രഞ്ച് പട തങ്ങളുടെ മൂന്നാം ലോകകപ്പിനായാണ് ഇറങ്ങുന്നത്. ഒപ്പം തുടർച്ചയായ രണ്ടാം കിരീടധാരണത്തിനും. എന്നാൽ ഇതിഹാസ താരം ലയണൽ മെസ്സിയുടെ ആദ്യ കിരീടം നേട്ടം സാക്ഷാത്കരിക്കാനാണ് നീലപ്പട ഒരുങ്ങുന്നത്. അതിനാൽ കനത്ത പോരാട്ടം തന്നെ ലുസൈൽ സ്‌റ്റേഡിയത്തിൽ കാണാം. ഇന്ത്യൻ സമയം രാത്രി എട്ടരക്കാണ് മത്സരം.
Messi or Mbappe? Who will win the Golden Boot?
Adjust Story Font
16