Quantcast

വീട്ടിൽ കവർച്ച: ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ നിന്ന് നാട്ടിലേക്ക് മടങ്ങി റഹീം സ്റ്റെർലിങ്‌

പ്രീക്വാര്‍ട്ടറില്‍ സെനഗലിനെതിരായ മത്സരത്തില്‍ റഹീം ടീമിലുണ്ടായിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2022-12-05 12:25:02.0

Published:

5 Dec 2022 12:20 PM GMT

വീട്ടിൽ കവർച്ച: ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ നിന്ന് നാട്ടിലേക്ക് മടങ്ങി റഹീം സ്റ്റെർലിങ്‌
X

ദോഹ: വീട്ടില്‍ കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച് ഇംഗ്ലണ്ടിന്റെ മുന്നേറ്റ താരം റഹീം സ്റ്റെര്‍ലിങ്. പ്രീക്വാര്‍ട്ടറില്‍ സെനഗലിനെതിരായ മത്സരത്തില്‍ റഹീം ടീമിലുണ്ടായിരുന്നില്ല. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്ന സ്റ്റെര്‍ലിങിനെ നോക്കൗട്ട്‌ മത്സരത്തില്‍ കാണാതായതോടെയാണ് ചോദ്യം ഉയര്‍ന്നത്.

പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റിയാണ്‌ സ്റ്റെര്‍ലിങിന്റെ കാര്യത്തില്‍ വ്യക്ത വരുത്തിയത്. ചില സാഹചര്യങ്ങളില്‍ ഫുട്ബോളല്ല, കുടുംബത്തിനാകും പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു സൗത്ത്‌ഗേറ്റിയുടെ പ്രതികരണം. കൂടുതൽ സമ്മർദം സ്റ്റെർലിങിന്റെ മേൽ അടിച്ചേൽപ്പിക്കുന്നില്ല, അദ്ദേഹത്തിന്റെ സാന്നിധ്യം ഇപ്പോള്‍ കുടുംബം ആഗ്രഹിക്കുന്നു, വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയാവും സ്റ്റെര്‍ലിങിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും സൗത്ത്‌ഗേറ്റി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ആയുധധാരികളായ കവർച്ചാസംഘമാണ് താരത്തിന്റെ വീട് ആക്രമിച്ചത്. മൂന്ന് കുട്ടികളടങ്ങിയ കുടുംബമാണ് സ്റ്റെർലിങിന്റെത്. സംഭവമറിഞ്ഞ സ്റ്റെര്‍ലിങ് ആശങ്കാകുലനായെന്നും വീട്ടിലേക്ക് മടങ്ങാന്‍ അതിയായി താല്‍പാര്യം പ്രകടിപ്പിച്ചുവെന്നും താരവുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

അതേസമയം സ്റ്റെർലിങിന്റെ അഭാവം ഇംഗ്ലണ്ടിനെ ബാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ അദ്ദേഹത്തിന്റെ പകരക്കാരനായി ഇറങ്ങിയ റാഷ്‌ഫോര്‍ഡ് രണ്ട് ഗോളും നേടിയിരുന്നു. ഇന്നലെ സെനഗലിനെതിരെ റാഷ്‌ഫോര്‍ഡും കളിച്ചിരുന്നില്ല. പകരം ബുകായോ സാകയാണ് കളത്തിലെത്തിയത്. സാക ഒരു ഗോള്‍ നേടുകയും ചെയ്തു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

TAGS :

Next Story