ഫൈനൽ നിയന്ത്രിക്കാൻ പോളിഷ് റഫറി; എല്ലാ കണ്ണുകളും സൈമണിലേക്ക്
നോക്കൗട്ട് ഘട്ടത്തിലെ പല മത്സരങ്ങളിലും റഫറിമാർക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് ഉയർന്നിരുന്നത്
ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരം നിയന്ത്രിക്കുക പോളിഷ് റഫറി സൈമൺ മാർച്ചിനിയക്. ടൂർണമെന്റിൽ ഇതുവരെ ഏറ്റവും മികച്ച രീതിയിൽ കളി നിയന്ത്രിച്ച റഫറിയാണ് ഇദ്ദേഹം. ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ്-ഡെന്മാർക്ക്, പ്രീക്വാർട്ടറിൽ അർജന്റീന-ആസ്‌ട്രേലിയ മത്സരങ്ങൾ നിയന്ത്രിച്ചത് സൈമണാണ്. ഡിസംബർ 18ന് ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം എട്ടരയ്ക്കാണ് ഫൈനൽ.
ലോകകപ്പിൽ ഇതുവരെ ഒരു റെഡ്കാർഡും പെനാൽറ്റിയും അനുവദിക്കാത്ത റഫറിയാണ് ഇദ്ദേഹം. എന്നാൽ അഞ്ചു മഞ്ഞക്കാർഡുകൾ പുറത്തെടുത്തു. റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള 2018 യുവേഫ സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിച്ചിട്ടുണ്ട്.
പവൽ സോകോൽനികി, തോമസ് ലിസ്‌കിവിച്ച് എന്നിവരാണ് കളത്തിൽ സൈമണെ സഹായിക്കുക. യുഎസ്എയുടെ ഇസ്മായിൽ ഇൽഫത്താണ് ഫോർത്ത് റഫറി. പോളണ്ടിന്റെ തോമസ് ക്വിറ്റ്‌കോവ്‌സ്‌കിക്കാണ് വാർ ചുമതല.
നോക്കൗട്ട് ഘട്ടത്തിലെ പല മത്സരങ്ങളിലും റഫറിമാർക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് ഉയർന്നിരുന്നത്. അർജന്റീന-നെതർലാൻഡ്‌സ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി ആന്റോണിയോ മത്തേയു ലാഹോസിനെതിരെ ലയണൽ മെസ്സി രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്. മത്സരത്തിൽ 18 കാർഡുകളാണ് റഫറി പുറത്തെടുത്തിരുന്നത്.
അർജന്റീന-ക്രൊയേഷ്യ മത്സരത്തിലും റഫറീയിങ് വിമർശന വിധേയമായിരുന്നു. ഇറ്റാലിയൻ റഫറി ഡാനിയേല ഒർസാറ്റിനെതിരെ ക്രൊയേഷ്യൻ ലൂക്ക മോഡ്രിച്ചാണ് രംഗത്തെത്തിയിരുന്നത്. അർജന്റീനയ്ക്ക് അനുവദിച്ച ആദ്യത്തെ പെനാൽറ്റി തെറ്റായ തീരുമാനമായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. പോർച്ചുഗൽ-മൊറോക്കോ പോരാട്ടം നിയന്ത്രിച്ച റഫറിക്കെതിരെ പോർച്ചുഗൽ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസും പെപ്പെയും വിമർശനമുയർത്തിയിരുന്നു.
Adjust Story Font
16