മഞ്ഞക്കടലും നീന്തി; അർജന്റീന ക്വാർട്ടറിൽ
മെസിയും അൽവാരസുമാണ് ഗോള് കണ്ടെത്തിയത്.
ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിലെ രണ്ടാം മത്സരത്തിൽ ആസ്ത്രേലിയയെ തോല്പ്പിച്ച് അർജന്റീന ക്വാർട്ടറിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ അൽവാരസ് (57–ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനലിലേക്ക് പാത തുറന്നത്. ഓസ്ട്രേലിയയുടെ ആശ്വാസഗോൾ 77–ാം മിനിറ്റിൽ പകരക്കാരൻ താരം ക്രെയ്ഗ് അലക്സാണ്ടർ ഗുഡ്‌വിൻ നേടി അവസാന എട്ടില്‍ നെതർലാൻഡ്‌സുമായാണ്‌സ്‌കലോനി പടയുടെ ക്വാർട്ടർ മത്സരം.
പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന ബഹുദൂരം മുന്നിൽനിന്ന ആദ്യപകുതിയിൽ, ഹൈപ്രസിങ്ങിലൂടെ ഓസീസും സാന്നിധ്യമറിയിച്ചു. ഇടയ്ക്കിടെ ഓസീസ് താരങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ അർജന്റീന ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു. ആസ്‌ത്രേലിയൻ ബോക്‌സിനുള്ളിൽ അർജന്റീന കളിയുടെ തുടക്കത്തിൽ തന്നെ ഭീതി സൃഷ്ടിച്ചിരുന്നു. മഞ്ഞപ്പടയുടെ പ്രതിരോധ കോട്ട പൊളിക്കാൻ അർജന്റീനയ്ക്കായിരുന്നില്ല. കൂടുതല് സമയത്തും അർജന്റീന താരങ്ങളുടെ കാലില് തന്നെയിരുന്നു ബോൾ.
ആദ്യ പകുതിയിൽ 35-ാം മിനിറ്റിൽ മെസി ഗോള്‍വലകുലുക്കിയതോടെയാണ് കളി അതിന്റെ മുറുക്കത്തിലേക്ക് എത്തിയത്. ഒട്ടാമെൻഡി നൽകിയ പാസ് കാലിൽ സ്വീകരിച്ച മെസ്സി ആസ്‌ത്രേലിയൻ ബോക്‌സിന്റെ 15 വാര അകലെ നിന്ന് ബുള്ളറ്റ് കണക്കെ തൊടുത്തുവിട്ടു. ആസ്‌ത്രേലിയൻ ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക്. നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ലോകകപ്പ് ഗോളാണിത്.
ഓസീസ് ഗോളിയുടെ ഗുരുതരമായ പിഴവാണ് 58 ാം മിനിറ്റിൽ ആൽവാരേസ് മുതലാക്കിയത്. ഓസീസ് പ്രതിരോധക്കാർ പന്ത് ഗോളിക്ക് നൽകി. ഗോളി അത് ക്ലിയർ ചെയ്യാതെ ഡ്രിബിളിങ്ങിന് ശ്രമിച്ചു. ഓടിവന്ന് പന്ത് റാഞ്ചിയ ആൽവരെസ് അത് നേരെ വലയിലേക്ക് തൊടുത്തു.
അർജന്റീന ഗോൾമുഖത്തേക്ക് ആസ്ത്രേലിയ നടത്തുന്ന മുന്നേറ്റങ്ങളെല്ലാം ഫലമില്ലാതെ അവസാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആസ്ത്രേലിയ. ഒരു ഗോൾ മടക്കിയത്. അർജന്റീന ഗോൾമുഖത്ത് 25 വാര അകലെ നിന്ന് ഗുഡ്‌വിൻ തൊടുത്ത ബുള്ളറ്റ് ഷോട്ട്, അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ ദേഹത്തുതട്ടി ഗതി മാറി വലയിൽ കയറുകയായിരുന്നു. ഈ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിന് സാധിച്ചുള്ളൂ.
കളിയുടെ 65 -ാം മിനിറ്റിൽ മനോഹരമായ ഡ്രിബ്ലിങ്ങുകളുമായി മെസ്സി കങ്കാരുപ്പടയുടെ ഗോൾവല ലക്ഷ്യമാക്കി കുതിച്ചെങ്കിലും തൊടുത്ത ഷോട്ട് പിഴച്ചു. ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ലൗട്ടാറോ മാര്‍ട്ടിനസ് ഏതാനും അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ അര്‍ജന്റീനയുടെ വിജയം ഇതിലും വലിയ മാര്‍ജിനില്‍ ആവുമായിരുന്നു. സ്‌കോറര്‍മാര്‍ മാത്രമല്ല, അവസാന സെക്കന്‍ഡില്‍ ക്വോളിന്റെ ഒരു ഷോട്ട് തടഞ്ഞ ഗോളി മാര്‍ട്ടിനെസ് കൂടിയാണ് അര്‍ജന്റീനയുടെ ഹീറോ.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് സ്‌കലോണി അര്‍ജന്റീനയെ ഇറക്കിയത്. പരിക്കേറ്റ ഏയ്ഞ്ജല്‍ ഡി മരിയ ആദ്യ ഇലവനില്ല. പകരം പപ്പു ഗോമസ് ടീമിലിടം നേടി. മെസ്സിയുടെ 1000-ാമത് മത്സരമാണിത്.
അർജന്റീന: മൊലിന, റൊമേരോ, ഒട്ടമെൻഡി, അക്യൂന, ഡിപോൾ, ഫെർണാണ്ടസ്, അലിസ്റ്റർ, ഗോമസ്, മെസി, അൽവാരസ്, മാർട്ടിനെസ്.
ആസ്‌ത്രേലിയ: മാത്യു റയാൻ, മിലോസ് ഡെജെനെക്, ഹാരി സൗറ്റർ, കെയ് റൗൾസ്, അസീസ് ബെഹിച്, ആരോൺ മൂയ്, ജാക്‌സൺ ഇർവിൻ, റൈലി മക്ഗ്രീ, കീനു ബാക്കസ്, മാത്യു ലീക്കി, മിച്ചൽ ഡ്യൂക്ക്.
അർജന്റീനയും ആസ്‌ത്രേലിയയും തമ്മിൽ ഏറ്റുമുട്ടിയത് 7 തവണയാണ്. ഏഴിൽ അഞ്ച് മത്സരത്തിലും വിജയിച്ച് സർവാധിപത്യം അർജന്റീനക്കൊപ്പമായിരുന്നു. ആസ്േ്രതലിയക്കു ഒരു കളിയിൽ വിജയിക്കാനായപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. 2007 ലാണ് ഇരുവരും അവസാനം ഏറ്റുമുട്ടിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയ്ക്ക് വിജയിക്കാനായി.
ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് അർജന്റീനയുടെ വരവ്. സൗദി അറേബ്യയോട് അട്ടിമറിയിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മെക്‌സിക്കോ, പോളണ്ട് ടീമുകളെ പരാജയപ്പെടുത്താനായതിന്റെ ആത്മവിശ്വാസത്തിലാണ ്‌സ്‌കലോണി പട. അഭിമാനപേരിൽ ലോക കിരീടത്തിലേക്കുള്ള ജൈത്രയാത്ര തുടരാൻ പുതിയ അടവുകൾ പരീക്ഷിച്ചായിരിക്കും അർജന്റീന ഗ്രൗണ്ടിലിറങ്ങുക. ഏറ്റവും മികച്ച ജയത്തിൽ കുറഞ്ഞതെന്നും അർജന്റീനക്ക് മുന്നിലുണ്ടാകില്ല.
ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനക്കാരായാണ് ആസ്‌ത്രേലിയ എത്തിയത്. ഫ്രാൻസിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടെങ്കിലും തുനീസിയ, ഡെൻമാർക്ക് ടീമുകളെ കെട്ടുകെട്ടിച്ചാണ് ഓസ്‌ട്രേലിയ പ്രീക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്. 2006-നുശേഷം ആദ്യമായാണ് അവർ നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്.
Adjust Story Font
16