'വെൽ പോളിഷ്ഡ്' അർജന്റീന; മെസ്സിപ്പട പ്രീ ക്വാർട്ടറിലേക്ക്
ആസ്ത്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ പോളണ്ടിന്റെ പ്രതിരോധമതിലിനെ എണ്ണം പറഞ്ഞ രണ്ട് ഗോള്‍ കൊണ്ട് തുളച്ച അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജൂലിയൻ അൽവാരസും അലിസ്റ്ററുമാണ് അർജന്റീനയ്ക്കായി ഗോൾ കണ്ടെത്തിയത്. ആദ്യ മത്സരത്തില്‍ സൗദിയോട് തോല്‍വി ഏറ്റുവാങ്ങിയ മെസ്സിപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലേയ്ക്ക് എത്തുന്നത്. ആസ്ത്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി.
നിരന്തരം പൊളണ്ട് ബോക്‌സ് ലക്ഷ്യമാക്കി അർജന്റീനൻ താരങ്ങളുടെ മുന്നേറ്റമായിരുന്നു കളിയിലുടനീളം. പ്രതിരോധത്തിലൂന്നി കളിച്ചതുകൊണ്ടു തന്നെ പോളണ്ട് നിരയിൽ ഗോളടിക്കാനുള്ള നീക്കങ്ങൾ കുറവായിരുന്നു.
കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമിച്ച് കളിച്ചാണ് അര്‍ജന്റീന തുടങ്ങിയത്. പത്താം മിനിറ്റിൽ പോളണ്ട് വല ലക്ഷ്യമാക്കിയുള്ള മെസിയുടെ ഷോട്ട് ഗോൾകീപ്പർ സിസ്നി തട്ടിയകറ്റി. 17-ാം മിനിറ്റിൽ അർജന്റീനുടെ അക്യൂനയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 33-ാം മിനിറ്റില്‍ ഏയ്ഞ്ജല്‍ ഡി മരിയയുടെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്‌നിയുടെ കൃത്യമായ ഇടപെടലില്‍ അത് ഗോളായില്ല.
36-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വെച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഗോള്‍കീപ്പര്‍ സെസ്‌നി ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് വാറിന്റെ സഹായത്തോടെ റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത സൂപ്പര്‍ താരത്തിന് പിഴച്ചു. മെസ്സിയുടെ ഗോള്‍ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള അതിശക്തമായ ഷോട്ട് അത്ഭുതകരമായി സെസ്‌നി തട്ടിയകറ്റി. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്. പിന്നാലെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് ആദ്യ പകുതിയില്‍ ഗോള്‍ മാത്രം നേടാനായില്ല.
എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ സ്വഭാവം തന്നെ അർജന്റീന മാറ്റി. മിനിറ്റുകളുടെ വ്യത്യാസത്തിൽ പന്തുമായി പോളണ്ട് വല ലക്ഷ്യമാക്കി അർജന്റീനൻ താരങ്ങള്‍ കുതിച്ചു. എന്നാൽ 47-ാം മിനിറ്റില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് അലിസ്റ്റർ ലക്ഷ്യം കണ്ടു. അർജന്റീനയുടെ ആദ്യ ഗോൾ. വീണ്ടും തുടരെ തുടരെ ആക്രമണങ്ങൾ. എന്നാല്‍ അർജന്റീനയുടെ മുന്നേറ്റങ്ങൾ പോളണ്ട് ഗോൾ കീപ്പർ സെസ്‌നിയുടെ മുന്നിൽ അവസാനിച്ചു. പക്ഷേ 67-ാം മിനിറ്റിൽ വീണ്ടും സെസ്‌നിക്ക് പിഴച്ചു. ജൂലിയൻ അൽവാരസ് അർജന്റീനയ്ക്കായി രണ്ടാം ഗോളടിച്ചു. എൻസോ ഫെർണാണ്ടസിന്റെ പാസ്സ് തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിച്ചുകൊണ്ടാണ് ടീമിന്റെ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. 72-ാം മിനിറ്റില്‍ അല്‍വാരസ് വീണ്ടും വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി.
ഇന്‍ജുറി ടൈമില്‍ അര്‍ജന്റീനയുടെ ടാഗ്ലിയാഫിക്കോയുടെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് പ്രതിരോധതാരം കിവിയോര്‍ ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തിയെടുത്തു. വൈകാതെ അര്‍ജന്റീന ആധികാരികമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്.
മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ച മത്സരത്തിൽ ഇറങ്ങിയ ടീമിന്റെ പിൻനിരയിലും മധ്യനിരയിലും ആക്രമണ നിരയിലും വ്യക്തമായ മാറ്റങ്ങളാണ് കോച്ച് ലയണൽ സ്‌കലോനി വരുത്തിയത്. റൊമേരോ തിരികെയെത്തി. മെക്‌സിക്കോക്ക് എതിരെ മികച്ച പ്രകടനം നടത്തിയ ലിസാൻഡ്രോ മാർട്ടിനസ് ബെഞ്ചിലായി. അറ്റാക്കിൽ ലൗട്ടാരോ മാർട്ടിനസ് യുവതാരം അൽവാരസ് ആദ്യ ഇലവനിൽ എത്തി. എൻസോ ഫെർണാണ്ടസും ഇന്ന് ആദ്യ ഇലവനിലുണ്ട്. എൻസോയും മകാലിസ്റ്ററും ഡിപോളും ആയിരുന്നു മധ്യനിരയിൽ.
അർജന്റീന ടീം: എമിലിയാനോ മാർട്ടിനസ്, നിക്കൊളാസ് ഒറ്റമെൻഡി, മാർക്കോസ് അക്യൂന, ക്രിസ്റ്റിയൻ റൊമേറോ, നഹുവൽ മൊളീന, റോഡ്രിഗോ ഡി പോൾ, മക്ക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ
പ്രതിരോധത്തിന് ഊന്നൽ നൽകുന്ന പോളണ്ട് 4-4-1-1 ശൈലിയിലാണ് ടീമിനെ ഇറക്കിയത്. അതേസമയം 4-3-3-ശൈലിയിലാണ് അർജൻറീന ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ഇതോടെ ഇരുടീമും നേർക്കുനേർ ഏറ്റുമുട്ടിയ 12 കളിയിൽ 7 തവണ ജയം അർജന്റീനയ്‌ക്കൊപ്പവും മൂന്ന് തവണ പോളണ്ടിനുമായി. രണ്ട് മത്സരങ്ങൾ സമനിലയിലായി.
പോളണ്ട് ടീം: വോയ്ചെക്ക് ഷെസ്നി, മാട്ടി ക്യാശ്, ജാക്കൂബ് കിവിയോർ, കാമിൽ ഗ്ലിക്ക്, ബാർട്ടോസ് ബെറെസിൻസ്കി, ക്രിസ്റ്റ്യൻ ബീലിക്, ഗ്രെഗോർസ് ക്രിച്ചോവിയാക്, കരോൾ സ്വിഡെർസ്‌കി, പിയോറ്റർ സീലിൻസ്കി, പ്രിമിസ്ലോ ഫ്രാങ്കോവ്സ്കി, റോബർട്ട് ലെവൻഡോവ്സ്കി.
Adjust Story Font
16