ഫ്രാൻസ് ഗോളടി മേളത്തിൽ തകർന്ന് ആസ്‌ട്രേലിയ(4-1)
ഇരട്ട ഗോളുകളുമായി ജിറൂഡ് തിളങ്ങിയ മത്സരത്തിൽ ആസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയവുമായി ഫ്രാൻസ്
ദോഹ: ഇരട്ട ഗോളുകളുമായി ജിറൂഡ് തിളങ്ങിയ മത്സരത്തിൽ ഗ്രൂപ്പ് 'ഡി'യില്‍ ആസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയവുമായി ഫ്രാൻസ്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ വിജയം. ജിറൂഡിന് പുറമെ, അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. ആദ്യം ഗോൾ നേടി ആസ്‌ട്രേലിയ ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് ഫ്രാൻസ് കളം പിടിക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ഫ്രാൻസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. ആദ്യം ഗോളടിച്ച് ആസ്‌ട്രേലിയ ഞെട്ടിച്ചെങ്കിലും ഒത്തിണക്കത്തോടെയുള്ള ഫ്രാൻസിന്റെ മുന്നേറ്റം ലീഡ് നേടിക്കൊടുത്തു. അഡ്രിയൻ റാബിയറ്റ്, ഒലീവർ ജിറൂഡ് എന്നിവരാണ് ഫ്രാൻസിനായി ആദ്യ പകുതിയില്‍ ഗോൾ നേടിയത്. ക്രെയ്ഗ് ഗുഡ്‌വിനാണ് ആസ്‌ട്രേലിയയുടെ സ്‌കോറർ.
The reigning champs are up and running 🔥@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 22, 2022
കളി തുടങ്ങി ആവേശം കയറുംമുമ്പെ ക്രെയ്ഗ് ഗുഡ്‌വിനിലൂടെ ആസ്‌ട്രേലിയാണ് ആദ്യം ലീഡ് എടുത്തത്. ഒമ്പതാം മിനുറ്റിലായിരുന്നു ആ ഗോള്‍. ഇതിന്റെ ഞെട്ടലിലായിരുന്നു ഫ്രാന്‍സ്. ഗോള്‍ മടക്കാന്‍ എംബാപ്പെ പലവട്ടം ആസ്‌ട്രേലിയൻ ഗോൾമുഖത്ത് എത്തി. അതിനിടെ 27ാം മിനുറ്റിലാണ് അഡ്രിയൻ റാബിയറ്റ് ലക്ഷ്യംകാണുന്നത്. ഹെഡറിലൂടെയായിരുന്നു റാബിയറ്റിന്റെ ഗോൾ. ഗ്രീസ്മാനെടുത്ത കോര്‍ണര്‍ തിയോ ഹെര്‍ണാണ്ടസ് റാബിയറ്റിന് മറിച്ച് നല്‍കുകയായിരുന്നു. താരത്തിന്റെ ഹെഡര്‍ തടുക്കാനായി ഓസീസ് ഗോള്‍കീപ്പര്‍ മാത്യു റയാന്‍ കൈവെച്ചെങ്കിലും വലക്കുള്ളിലേക്ക്.
ഇതിന്റെ ആരവം അടങ്ങും മുമ്പ് ഒലിവർ ജിറൂഡിലൂടെ രണ്ടാം ഗോളും. 32ാം മിനുറ്റിലായിരുന്നു ജിറൂഡിന്റെ തകർപ്പൻ ഗോൾ. ഇത്തവണ റാബിയറ്റ്, കട്ട്ബാക്ക് ചെയ്ത പന്ത് ജിറൂഡ് സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു. അതോടെ ഫ്രാന്‍സ് മുന്നിൽ(2-1). ആദ്യ പകുതിയുടെ അവസാന ഭാഗത്ത് ആസ്‌ട്രേലിയയുടെ ഭാഗത്ത് നിന്ന് മികച്ചൊരു നീക്കം വന്നെങ്കിലും പോസ്റ്റിലിടിച്ചു മാറി. രണ്ടാം പകുതി തുടങ്ങിയപ്പോഴും ആസ്ട്രേലിയന്‍ ഗോള്‍മുഖം ഫ്രാന്‍സ് വിറപ്പിച്ചു. എംബാപ്പെ തുടക്കം മുതല്‍ ആസ്ട്രേലിയന്‍ ബോക്സില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഗോള്‍ ലഭിച്ചത് 68ാം മിനുറ്റിൽ. ഹെഡറിലൂടെയായിരുന്നു എംബാപ്പെയുടെ ഗോള്‍.
രണ്ട് ആസ്ട്രേലിയന്‍ പ്രതിരോധ താരങ്ങളുടെ നടുവില്‍ നിന്ന് ചാടി എംബാപ്പെ പന്ത് വലയിലെത്തിച്ചു. മൂന്ന് മിനുറ്റുകള്‍ക്കപ്പുറം വരുന്നു, ഫ്രാന്‍സിന്റെ നാലാം ഗോള്‍. ജിറൂഡായിരുന്നു ഫ്രാന്‍സിനായി ഇത്തവണ ഗോള്‍ നേടിത്. ഇതിന് വഴിയൊരുക്കിയത് എംബാപ്പെയും. താരത്തിന്റെ രണ്ടാം ഗോള്‍. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയെന്ന റെക്കോര്‍ഡും ജിറൂഡ് സ്വന്തമാക്കി. അവസരങ്ങള്‍ പിന്നെയും ഫ്രാന്‍സിനായിരുന്നു. എന്നാല്‍ ഗോള്‍ വന്നില്ല.അതേസമയം ഗോളിനായി ആസ്ട്രേലിയ പരക്കം പാഞ്ഞെങ്കിലും ഒന്നും നടന്നില്ല. അതോടെ ആദ്യ മത്സരം തന്നെ ജയിച്ച് നിലവിലെ ചാമ്പ്യന്മാര്‍ തുടങ്ങി. ഡെന്മാര്‍ക്കിനെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം.
Adjust Story Font
16