Quantcast

വിരസം... സമനില; ഓസീസ്, ഇനി ഫൈനലില്‍ കാണാം

അവസാന ടെസ്റ്റ് സമനിലയായതോടെ ബോര്‍ഡര്‍-ഗവാസ്കര്‍ പരമ്പര (2-1)ന് ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-03-13 12:12:32.0

Published:

13 March 2023 10:39 AM GMT

final Test,draw,India win ,Border-Gavaskar series,Border-Gavaskar trophy
X

മത്സരശേഷം രോഹിത് ശര്‍മയും സ്റ്റീവ് സ്മിത്തും കൈകൊടുത്ത് പിരിയുന്നു

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയില്‍. ഫലമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായ മത്സരത്തിന്‍റെ ഫൈനല്‍ ഡേയില്‍ പിച്ചില്‍ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടാകുമോ എന്ന് മാത്രമായിരുന്നു അറിയേണ്ടത്. ഒന്നുമുണ്ടായില്ല. മൂന്നാം സെഷനില്‍ ഓസീസ് 84 റണ്‍സിന്‍റെ ലീഡ് നേടിയതോടെ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു.

അവസാന ടെസ്റ്റ് സമനിലയായതോടെ ബോര്‍ഡര്‍-ഗവാസ്കര്‍ പരമ്പര (2-1)ന് ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. അതേസമയം ഇന്ന് ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക തോല്‍വി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറെക്കുറെ വിരസമായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റിന്‍റെ അവസാന ദിനം.

ഇന്നലെ സ്റ്റമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. ഇന്ന് ആദ്യ സെഷനില്‍ മാത്യു ക്യൂനെമാൻറെ വിക്കറ്റ് വീണതല്ലാതെ വലിയ സംഭവങ്ങളൊന്നും ഉണ്ടായില്ല. നല്ല ടച്ചിലുണ്ടായിരുന്ന ട്രാവിസ് ഹെഡ് ടീം സ്കോര്‍ 153ല്‍ എത്തിയപ്പോള്‍ അക്സര്‍ പട്ടേലിന്‍റെ പന്തില്‍ ബൌള്‍ഡായി പുറത്തായി. നല്ലൊരു ഇന്നിങ്സ് കളിച്ച ട്രാവിസ് അര്‍ഹിച്ച സെഞ്ച്വറിക്ക് പത്ത് റണ്‍സകലെയാണ് വീണത്.

പിന്നീട് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ലബുഷൈനും ചേര്‍ന്ന് പ്രാക്ടീസ് മാച്ച് കളിക്കുന്ന ലാഘവത്തില്‍ കളി മുന്നോട്ടുകൊണ്ടുപോയി. 213 പന്ത് നേരിട്ടാണ് ലബുഷൈന്‍ 63 റണ്‍സെടുത്തത്. സ്മിത്താകട്ടെ 59 പന്തില്‍ നിന്ന് 10 റണ്‍സും.

ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനവും മൂന്നു വർഷത്തോളം നീണ്ട കാത്തിരിപ്പിനുശേഷമുള്ള കോഹ്ലിയുടെ ടെസ്റ്റ് സെഞ്ച്വറിയും മാത്രമാകും ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ടാകുക. വിരാട് കോഹ്ലിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. മാൻ ഓഫ് ദ സീരീസ് പുരസ്‌കാരം ആർ. അശ്വിനും രവീന്ദ്ര ജഡേജയും പങ്കിട്ടു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ജൂണ്‍ 7ന് (7-11) ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയം വേദിയാകും. റിസര്‍വ് ദിനമായി ജൂണ്‍ 12 ും നിശ്ചയിച്ചിട്ടുണ്ട്. 2021ല്‍ നടന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ആണ് ജേതാക്കളായത്. ലോര്‍ഡ്സില്‍ വെച്ചു നടന്ന കലാശപ്പോരില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്തായിരുന്നു കിവീസ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടത്.

1024 ദിവസത്തെ കാത്തിരിപ്പ്, സെഞ്ച്വറി നമ്പർ 75; കോഹ്‌ലി ദ ഗോട്ട്

ഒരു ടെസ്റ്റ് സെഞ്ച്വറിക്കായുള്ള വിരാട് കോഹ്‌ലിയുടെ മൂന്നു വർഷം നീണ്ട കാത്തിരിപ്പിന് വിരാമം. കൃത്യം 1204 ദിവസങ്ങൾക്ക് ശേഷം വെള്ളക്കുപ്പായത്തിൽ മുൻ നായകന് ഇതാ വീണ്ടും സെഞ്ച്വറി. അതും ആസ്‌ട്രേലിയ്‌ക്കെതിരെ. അഹമ്മദാബാദ് സ്‌റ്റേഡിയത്തിൽ പിറന്നത് കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ച്വറി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 75-ാമത്തെയും.അന്താരാഷ്ട്ര ശതകത്തിന്റെ എണ്ണത്തിൽ കോലിയുടെ അടുത്തൊന്നുമില്ല സജീവ ക്രിക്കറ്റിലെ താരങ്ങള്‍. 45 സെഞ്ച്വറി വീതം നേടിയ ജോ റൂട്ടും ഡേവിഡ് വാർണറുമാണ് മുൻ ഇന്ത്യൻ നായകന് പിറകിലുള്ളത്. 43 റൺസുമായി രോഹിത് ശർമ്മയും 42 സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.ടെസ്റ്റിൽ 39 സെഞ്ച്വറികളുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും 29 സെഞ്ച്വറിയുമായി വിവിഎസ് ലക്ഷ്മണും മാത്രമാണ് ഇനി കോഹ്‌ലിക്ക് മുമ്പിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ചേതേശ്വർ പുജാരയുടെ പേരില്‍ 24 സെഞ്ച്വറിയുണ്ട്.

TAGS :

Next Story