ഒരോവറില്‍ വിട്ടു കൊടുത്തത് 24 റണ്‍സ്; നായകനായുള്ള അരങ്ങേറ്റത്തിൽ നാണക്കേടുമായി അഫ്രീദി
അഫ്രീദിയുടെ ടി20 കരിയറിലെ ഏറ്റവും എക്‌സ്പൻസീവായ ഓവറാണ് ഈഡന്‍ പാര്‍ക്കില്‍ പിറന്നത്
ഓക്ലാന്‍ഡ്: ടി 20 ക്രിക്കറ്റിൽ നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരം പാക് പേസർ ഷഹീൻ അഫ്രീദി ഒരിക്കലും ഓർക്കാനാഗ്രഹിക്കില്ല. കിവീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ തോൽവിയോടെയാണ് പാകിസ്താൻ തുടങ്ങിയത്. 46 റൺസിനായിരുന്നു പാക് പടയുടെ തോൽവി.
എന്നാൽ തോൽവിയേക്കാൾ ഷഹീൻ അഫ്രീദിയെ വേട്ടയാടാൻ പോവുന്നത് മത്സരത്തിൽ താരമെറിഞ്ഞ രണ്ടാമത്തെ ഓവറാണ്. ഈ ഓവറിൽ കിവീസ് ബാറ്റര്‍ ഫിൻ അലൻ അടിച്ചെടുത്തത് 24 റൺസാണ്. അഫ്രീദിയുടെ ടി 20 കരിയറിലെ ഏറ്റവും എക്‌സ്പൻസീവായ ഓവറായത് മാറി. അഫ്രീദിയെ തലങ്ങും വിലങ്ങും അതിർത്തി കടത്തിയ അലൻ രണ്ട് സിക്‌സും മൂന്നു ഫോറുമാണ് ഈ ഓവറിൽ അടിച്ചെടുത്തത്. അങ്ങനെ നായകനായുള്ള താരത്തിന്‍റെ അരങ്ങേറ്റം വലിയൊരു നാണക്കേടിലാണ് കലാശിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് അടിച്ചെടുത്തത്. കിവീസിനായി ഡാരില്‍ മിച്ചലും കെയിന്‍ വില്യംസണും അര്‍ധ സെഞ്ച്വറി കുറിച്ചു. മറുപടി ബാറ്റിങ്ങില്‍ പാക് ഇന്നിങ്സ് 18 ഓവറില്‍ 180 റണ്‍സില്‍ അവസാനിച്ചു.
കിവീസിനായി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഡാരില്‍ മിച്ചല്‍ പുറത്തെടുത്തത്. വെറും 27 പന്തില്‍ നിന്നാണ് താരം 61 റണ്‍സ് അടിച്ചെടുത്തത്. നാല് പടുകൂറ്റന്‍ സിക്സുകളും നാല് ഫോറുകളും മിച്ചലിന്‍റെ ഇന്നിങ്സിന് മേമ്പൊടി ചാര്‍ത്തി. 42 പന്തില്‍ 57 റണ്‍സുമായി വില്യംസണ്‍ മിച്ചലിന് മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങില്‍ പാക് ബാറ്റര്‍മാര്‍ മികച്ച രീതിയിലാണ് തുടങ്ങിയത്. ഫോമിലേക്ക് തിരിച്ചെത്തിയ ബാബര്‍ അസം അര്‍ധ സെഞ്ച്വറി കുറിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് പാക് പോരാട്ടത്തെ 180 ല്‍ അവസാനിപ്പിച്ചു. കിവീസിനായി ടിം സൗത്തി നാല് വിക്കറ്റ് വീഴ്ത്തി. നേരത്തേ റണ്‍സ് വിട്ട് നല്‍കാന്‍ മത്സരിച്ചെങ്കിലും പാക് നായകന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഡാരില്‍ മിച്ചലാണ് കളിയിലെ താരം.
ലോകകപ്പ് ചരിത്രത്തില്‍ ഒരു പാക് ബോളറുടെ ഏറ്റവും എക്സ്പെന്‍സീവായ സ്പെല്ലെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡും അഫ്രീദിയുടെ പേരിലാണുള്ളത്. അതും കിവീസിനെതിരായ മത്സരത്തിലാണ് പിറന്നത്. കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലാന്‍റിനെതിരെ പത്തോവറില്‍ 90 റണ്‍സാണ് അഫ്രീദി വിട്ട് നല്‍കിയത്. ലോകകപ്പ് ചരിത്രത്തില്‍ മുമ്പൊരു പാക് ബോളറും ഒരു മത്സരത്തില്‍ ഇത്രയും റണ്‍സ് വിട്ട് നല്‍കിയിട്ടില്ല.
Adjust Story Font
16