സൂപ്പർ ലീഗ് കേരള: ആദ്യജയം മലപ്പുറം എഫ്സിക്ക്
ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്
കൊച്ചി: മഹീന്ദ്ര സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ആദ്യജയം മലപ്പുറം എഫ്സിക്ക്. ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ ആദ്യാവസാനം കൊച്ചിക്ക് മേൽ ആധിപത്യം പുലർത്തിയാണ് മലപ്പുറത്തിന്റെ ആധികാരിക ജയം. താരനിരയുമായി എത്തിയ മലപ്പുറത്തിന് ഒരു ഘട്ടത്തിലും ഭീഷണിയാകാൻ മരിയോ ലെമോസിന്റെ സംഘത്തിന് ആയില്ല.
മത്സരം ആരംഭിച്ച മൂന്നാം മിനിറ്റിൽ തന്നെ മലപ്പുറം നയം വ്യക്തമാക്കി. മുൻ ഐ ലീഗ് ഗോൾഡൻ ബൂട്ട് വിന്നർ പേഡ്രോ മാൻസിയിലൂടെ ആദ്യ ഗോൾ. ഗോൾ തിരിച്ചടിക്കാൻ കൊച്ചി ശ്രമിച്ചെങ്കിലും മലപ്പുറം വിട്ടുകൊടുത്തില്ല.
39ാം മിനിറ്റിൽ മലയാളി താരം ഫസ്‌ലു റഹ്മാനിലൂടെ മലപ്പുറം ലീഡ് ഇരട്ടിയാക്കി. ആദ്യപകുതിയുടെ അവസാനം കൊച്ചി താരം ഡിസരി ഒമ്രന് സുവർണ്ണ അവസരം ലഭിച്ചെങ്കിലും പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു. രണ്ടാം പകുതിയിലും കൊച്ചി അലസ മനോഭാവത്തിൽ കളിച്ചതോടെ ആദ്യ ജയം മലപ്പുറം സ്വന്തമാക്കി.
കൊച്ചിയുടെ സൂപ്പർതാരം റാഫേൽ അഗസ്റ്റോയ്ക്ക് കളിയുടെ ഒരു ഘട്ടത്തിലും തന്റെ പഴയ മികവ് പുറത്തെടുക്കാനായില്ല. മലപ്പുറം എഫ്സിക്കായി നായകൻ അനസ് എടത്തൊടിക, വിദേശ സൂപ്പർ താരങ്ങളായ പെട്രോമാൻസി,ജോസഫ് ബെട്ടിയ, അലക്സി സാഞ്ചസ് എന്നിവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു.
വർണ്ണാഭമായ പരിപാടികളോടെ ആയിരുന്നു സൂപ്പർ ലീഗിന്റെ ആദ്യ എഡിഷന് തുടക്കമായത്. ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ്, മലയാളി റാപ്പർമാരായ ഡബ്സി, ഫെജോ, വിഖ്യാത ഡ്രമ്മർ ശിവമണി, സ്റ്റീഫൻ ദേവസ്സി, ആട്ടം കലാസമിതി എന്നിവരുടെ പ്രകടനത്തോടെ ആയിരുന്നു സീസണിന് തുടക്കമായത്. നടന്മാരായ പൃഥ്വിരാജ്, ആസിഫ് അലി, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ള വിവിധ ക്ലബ്ബുകളുടെ ഉടമസ്ഥരും മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.
Adjust Story Font
16