Quantcast

2022; മെസി വര്‍ഷം

മിശിഹായുടെ പുഞ്ചിരി, റോണോയുടെ കണ്ണീര്‍ .. ഫുട്ബോള്‍ ലോകത്തെ സംഭവബഹുലമായൊരു വര്‍ഷം പടിയിറങ്ങുമ്പോള്‍

MediaOne Logo
2022; മെസി വര്‍ഷം
X

കാല്‍പ്പന്തു കളിയുടെ വിശ്വകിരീടത്തില്‍ ഫുട്ബോളിന്‍റെ മിശിഹായുടെ സുവര്‍ണ ചുംബനം... രണ്ടരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷം ബാലന്‍ഡിയോര്‍ പുരസ്കാരത്തില്‍ ഫ്രഞ്ച് മുത്തം... ഫുട്ബോള്‍ ഇതിഹാസം പെലെയുടെ വിയോഗം... അങ്ങനെയങ്ങനെ ഫുട്ബോള്‍ ലോകത്തിന് സംഭവ ബഹുലമായൊരു വര്‍ഷമായിരുന്നു 2022. ചരിത്രത്തിലാദ്യമായി ഒരു അറബ് രാജ്യം ആതിഥേയത്വം വഹിച്ച ലോകകപ്പ് ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ ഓര്‍മകള്‍ സമ്മാനിച്ചാണ് കൊടിയിറങ്ങിയത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പേ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന മുഴുവന്‍‌ വിമര്‍ശനങ്ങളുടെയും മുനയൊടിച്ച ഖത്തര്‍ മനോഹാരമായാണ് വിശ്വമേളയെ അണിയിച്ചൊരുക്കിയത്. ലോകകപ്പിന് ശേഷം ബി.ബി.സി നടത്തിയ സര്‍വേയില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായി തെരഞ്ഞെടുക്കപ്പെട്ടത് ഖത്തര്‍ ലോകകപ്പായിരുന്നു. സര്‍വേയില്‍ 78 ശതമാനം വോട്ടും നേടിയാണ് ഖത്തര്‍ നൂറ്റാണ്ടിലെ മികച്ച ലോകകപ്പായി തെരഞ്ഞെടുക്കപ്പെട്ടത്.

കാല്‍പ്പന്തിന്‍റെ വിശ്വസിംഹാസനത്തില്‍ മിശിഹാ

മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ഏറ്റുവാങ്ങി പോഡിയത്തിലൂടെ നടന്നു പോകുമ്പോള്‍ ലയണല്‍ മെസ്സി പതിയെ ലോകകിരീടത്തിനടുത്തേക്ക് നടന്ന് വന്നു. വിശ്വ കിരീടത്തിന്‍റെ നെറുകെയില്‍ പതിയെ കൈ കൊണ്ട് തലോടി ലോക ഫുട്ബോളിന്‍റെ മിശിഹാ അതില്‍ ചുംബിച്ചു. ആനന്ദം കൊണ്ട് ലിയോയുടെ മുഖം വിടരുന്നുണ്ടായിരുന്നു. മൂന്നരപ്പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്‍റീന കാല്‍പ്പന്തിന്‍റെ വിശ്വകിരീടത്തില്‍ മുത്തമിടുമ്പോള്‍ ഭൂഗോളത്തില്‍ ലിയോയേക്കാള്‍ ആനന്ദമുള്ള വേറെയാരുണ്ടാവും?

ലുസൈൽ സ്‌റ്റേഡിയത്തിൽ 90 മിനിറ്റിലും എക്‌സ്ട്രാ ടൈമിലും കണ്ട ത്രസിപ്പിക്കുന്ന കാഴ്ചകൾക്ക് ശേഷമാണ് ലയണൽ മെസ്സിയും സംഘവും ലോക ജേതാക്കളുടെ സിംഹാസനത്തിലേക്ക് നടന്നുകയറിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനല്‍. മത്സരത്തിന്‍റെ 80 ആം മിനിറ്റിലേക്ക് കടക്കുമ്പോള്‍ കളത്തിലും കണക്കിലും അർജന്‍റീന ബഹുദൂരം മുന്നിലായിരുന്നു. ആല്‍ബിസെലസ്റ്റകള്‍ വിജയമുറപ്പിച്ച ഘട്ടത്തിലാണ് തുടക്കം മുതൽ അകപ്പെട്ടിരുന്ന കൂട് തുറന്ന് കിലിയൻ എംബാപ്പെ ലുസൈലില്‍ അവതരിച്ചത്. മിനിറ്റുകളുടെ ഇടവേളകളിൽ നേടിയ ഇരട്ട ഗോളിലൂടെ എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 108 ആം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്‍റീന വീണ്ടും മുന്നിലെത്തി. ജയമുറപ്പിച്ച് ആഘോഷം തുടങ്ങിയവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി വീണ്ടും ഫ്രാന്‍സിന്‍റെ മറുപടി. 118-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ എംബാപ്പെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇതോടെ മത്സരം 3-3 സമനിലയിൽ.

പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് എന്ന അതികാന് മുന്നില്‍ തകര്‍ന്നടിയുന്ന ഫ്രഞ്ച് പടയെയാണ് പിന്നീട് ലുസൈലില്‍ കണ്ടത്. ഫ്രാൻസിന്റെ രണ്ടാം കിക്ക് എമി തട്ടിയറ്റി. മൂന്നാം കിക്ക് പുറത്തേക്ക്. നിർഭാഗ്യം പാടെ മാറിനിന്ന ഷൂട്ടൗട്ടിൽ അർജന്റീനിയൻ താരങ്ങളുടെ കാലിൽ നിന്ന് പോയ പന്തുകളെല്ലാം വലതുളച്ചു. അന്യം നിന്ന ആ കിരീടവും കയ്യിലേന്തി ഓമനിച്ചുമ്മവച്ച് മിശിഹായും കൂട്ടരും ആനന്ദ നൃത്തമാടി. ഗോള്‍ഡന്‍ ബൂട്ടൊഴികെ മറ്റെല്ലാ വ്യക്തിഗത ട്രോഫികളും തങ്ങളുടെ പേരില്‍ കുറിച്ച് രാജകീയമായി തന്നെയാണ് അര്‍ജന്‍റീന കാല്‍പ്പന്തിന്‍റെ വിശ്വകിരീടത്തില്‍ മുത്തമിട്ടത്. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ലയണല്‍ മെസ്സി സ്വന്തമാക്കിയപ്പോള്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം എമിലിയാനോ മാര്‍ട്ടിനസും യുവതാരത്തിനുള്ള പുരസ്കാരം എന്‍സോ ഫെര്‍ണാണ്ടസും സ്വന്തമാക്കി. ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരമായ ഗോള്‍ഡന്‍ ബോളിന് കിലിയന്‍ എംബാപ്പെ അര്‍ഹനായി.

ഖത്തറിലെ കണ്ണീരോര്‍മകള്‍

ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ലോകത്തെ പല വന്‍ ശക്തികളുടേയും അപ്രതീക്ഷിത വീഴ്ച്ചകള്‍ക്ക് കൂടി വേദിയായി. ഹോട്ട് ഫേവറേറ്റുകളായി വന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ജര്‍മനിയും ബെല്‍ജിയവുമാണ് ആരാധകരെ ആദ്യം കണ്ണീരണിയിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ മൊറോക്കോയോട് തോറ്റ ബെല്‍ജിയം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തതത്.

ഏഷ്യന്‍ ശക്തികള്‍ക്ക് മുന്നില്‍ വീഴുന്നത് തുടര്‍ക്കഥയാക്കിയ ജര്‍മനി ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ജപ്പാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ പരാജയം. ഒടുക്കം വെറും ഒറ്റ ജയത്തിലൊതുങ്ങി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി പുറത്തേക്ക്. ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരങ്ങളായ റോണോയുടെയും നെയ്മറിന്‍റെയും കണ്ണീര്‍ വീണു. ഷൂട്ടൌട്ടില്‍ ക്രൊയേഷ്യക്ക് മുന്നില്‍ വീണ ബ്രസീലിന്‍റെ ലോകകപ്പ് മോഹങ്ങള്‍ അവസാനിക്കുമ്പോള്‍ നിറകണ്ണുകളോടെ മൈതാനത്തിരുന്ന നെയ്മറും മൊറോക്കോക്ക് മുന്നില്‍ വീണ് പുറത്താവുമ്പോള്‍ പൊട്ടിക്കരഞ്ഞ് മൈതാനം വിടുന്ന ക്രിസ്റ്റ്യാനോയും ഖത്തറിലെ കണ്ണീര്‍ കാഴ്ചയായി.

മൊറോക്കോയുടെ പടയോട്ടം

ഖത്തര്‍ ലോകകപ്പ് ചരിത്രത്തിലോര്‍മിക്കപ്പെടുന്നത് അര്‍ജന്‍റീനക്കൊപ്പം ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയുടെ പേരില്‍ കൂടിയാവും. ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയെ തകര്‍ത്ത് സെമിയില്‍ പ്രവേശിച്ച മൊറോക്കോ ലോക ഫുട്ബോളിന്‍റെ ചരിത്ര പുസ്തകത്തിലേക്കാണ് ഓടിക്കയറിയത്. ലോകകപ്പ് സെമി ഫൈനലില്‍ ഇടംപിടിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ.

ഗ്രൂപ്പ് എഫിലെ സമവാക്യങ്ങളെ മുഴുവൻ പൊളിച്ചെഴുതിയായിരുന്നു മൊറോക്കോയുടെ അവിശ്വസനീയ പടയോട്ടം. ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം, റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ, ഒപ്പം കരുത്തരായ കാനഡയും. പ്രവചനങ്ങളിലൊന്നും വലുതായി മൊറോക്കൊയുടെ പേരാരും കണ്ടില്ല. പക്ഷേ കളത്തിൽ ലോകം കണ്ടത് മറ്റൊന്നായിരുന്നു.

2018 ലോകകപ്പിലെ റണ്ണറപ്പുകളെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബെൽജിയത്തെ നാട്ടിലേക്കയച്ച് ഒറ്റ മത്സരം പോലും തോൽക്കാതെ മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിൽ കടന്നത്. ക്രൊയേഷ്യക്കും ബെൽജിയത്തിനുമെതിരെ ഒരു ഗോൾ പോലും വഴങ്ങിയില്ല. കാനഡക്ക് നൽകിയത് ഒരു ഓൺ ഗോൾ മാത്രം. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലും മൊറോക്കന്‍ പടയോട്ടത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഒടുക്കം മൊറോക്കോയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞ തവണത്തെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് വരേണ്ടി വന്നു. സെമിയില്‍ ഫ്രാന്‍സിനെതിരെ വലിയ പോരാട്ട വീര്യം കാഴ്ചവച്ചാണ് മൊറോക്കോ കീഴടങ്ങിയത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ക്രൊയേഷ്യക്ക് മുന്നില്‍ വീണെങ്കിലും ഖത്തര്‍ ലോകകപ്പില്‍ നിന്ന് തലയുയര്‍ത്തി തന്നെയായിരുന്നു മൊറോക്കോയുടെ മടക്കം.

റോണോ ഇതിലും കൂടുതല്‍ അര്‍ഹിച്ചിരുന്നു

ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തറിൽ നിന്നു മടങ്ങുമ്പോള്‍ കോടിക്കണക്കിന് പോര്‍ച്ചുഗീസ് ആരാധകരുടെ കണ്ണു നിറഞ്ഞു. കിരീടമെന്നതിലുപരി സ്വന്തം ടീമിൽ പോലും പകരക്കാരനായി മാറേണ്ടിവന്ന അപമാനവും പേറിയായിരുന്നു റോണോയുടെ മടക്കം. മൊറോക്കോയോട് തോറ്റ് കളം വിടുമ്പോള്‍ ഒന്ന് ചേര്‍ത്തു പിടിക്കാന്‍ സ്വന്തം ടീമില്‍ നിന്ന് ഒരാളും അയാളുടെ അടുത്തേക്ക് വന്നില്ല.

ടൂര്‍ണമെന്‍റില്‍ നിര്‍ണായക മത്സരങ്ങളില്‍ പോലും ടീമില്‍ പകരക്കാരന്‍റെ റോളിലായിരുന്നു റോണോ. കളത്തിലിറങ്ങുമ്പോഴാവട്ടെ സഹതാരങ്ങള്‍ അയാള്‍ക്ക് പന്തെത്തിക്കാന്‍ വിമുഖത കാണിക്കുന്നതും ആരാധകര്‍ കണ്ടു. ഖത്തര്‍ ലോകകപ്പില്‍ ആകെ ഒരു തവണയാണ് റോണോക്ക് വലകുലുക്കാനായത്.

ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തി ലോകകപ്പ് നേടാനാവുമെന്നത് ഫെര്‍ണാണ്ടോ സാന്‍റോസിന്‍റെ വ്യാമോഹമായിരുന്നു എന്ന് ലൂയി ഫിഗോയടക്കമുള്ള മുന്‍ താരങ്ങള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. അവഗണനയ്ക്കും ഒറ്റപ്പെടലിനുമിടയിൽ ഇനി ക്രിസ്റ്റ്യാനോ എത്രനാൾകൂടി ദേശീയ ടീമിൽ ഉണ്ടാവുമെന്നാണ് ആരാധകരുടെ ചോദ്യം.

ബാലന്‍ ഡിയോര്‍ നിറവില്‍ ബെന്‍സേമ

പരിക്കിനോടും വിവാദങ്ങളോടും പടവെട്ടിയാണ് 2022ലെ ബാലന്‍ ഡിയോര്‍ പുരസ്കാര നേട്ടത്തിലേക്ക് ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമ നടന്നു കയറിയത്. ക്ലബിലും ദേശീയ ടീമിലും മിന്നും പ്രകടനമാണ് ഇക്കാലയളവില്‍ താരം പുറത്തെടുത്തത്. 24 വർഷങ്ങൾക്ക് ശേഷമാണ് ബാലന്‍ ഡി യോര്‍ ഫ്രഞ്ച് മണ്ണിലേക്ക് തിരികെ എത്തുന്നത്.

ഒരു പതിറ്റാണ്ടിലധികം മെസ്സിയുടെയും റൊണാൾഡോയുടെയും പേര് ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട വേദി. ലൂക്കാ മോഡ്രിച്ചിന് ശേഷം ആ വേദിയിൽ മറ്റൊരു പേര് കൂടി ഉയരുമ്പോൾ അത് ബെൻസേമയുടേതാകണം എന്നത് ചരിത്രത്തിന്‍റെ നിയോഗമായിരുന്നു. ലോക ഫുട്ബോളിനെ മെസ്സിയും റൊണാൾഡോയും അടക്കിവാണ കാലത്ത് അവരുടെ നിഴലിലായിരുന്നു ബെൻസേമ.

ബെൻസേമയുടെ കരിയറിലെ മികച്ച പ്രകടനം കണ്ട വർഷമായിരുന്നു 2021. 44 ഗോളും 15 അസിസ്റ്റും താരം റയലിനായി നേടി. നിർണായക മത്സരങ്ങളിലെല്ലാം റയലിന്‍റെ വിജയ നായകനായി. ചാമ്പ്യൻസ് ലീഗും ലാലിഗയും റയൽ സ്വന്തമാക്കിയപ്പോൾ ബെൻസേമയായിരുന്നു ലോസ് ബ്ലാങ്കോസിനായി പട നയിച്ചത്. ഫ്രാന്‍സിന് യുവേഫ നാഷന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും ബെന്‍സേമ നിര്‍ണ്ണായക പങ്കുവഹിച്ചു. ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് ഫ്രാന്‍സിനായി പന്ത് തട്ടാനാവാതിരുന്ന താരം ലോകപ്പ് കഴിഞ്ഞയുടന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് തന്‍റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു.

വിട പെലെ

ബ്രസീല്‍ ഇതിഹാസം പെലെയുടെ വിടവാങ്ങല്‍ ഫുട്ബോള്‍ ലോകത്തിന് തീരാനഷ്ടമാണ് സമ്മാനിച്ചത്. 2022 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു ആരാധകരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരത്തിന്‍റെ വിയോഗ വാര്‍ത്തയെത്തിയത്. കുടലിലെ അർബുദത്തെ തുടർന്ന്​ ആരോഗ്യനില മോശമായതിനാൽ ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു 82കാരനായ പെലെ. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

മൂന്ന് തവണയാണ് കാല്‍‌പ്പന്തു കളിയുടെ വിശ്വകിരീടം പെലെ കാനറികളുടെ ഷെല്‍ഫിലെത്തിച്ചത്. ചരിത്രത്തില്‍ ഇത് വരെ പെലെക്ക് മാത്രം സാധ്യമായ ഒന്ന്. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു അത്. യൂൾറിമേ കപ്പ് അങ്ങനെ ബ്രസീലിന്‍റേത് മാത്രമായി. 1363 മത്സരങ്ങളില്‍ നിന്നായി 1281 ഗോളുകള്‍, നൂറ്റാണ്ടിന്റെ താരം തുടങ്ങി കാൽപന്ത് കളത്തിൽ പെലെയുടെ നേട്ടങ്ങള്‍ക്ക് പകരം വക്കാനൊന്നുമില്ല.

അവഗണനയിൽ നിന്ന് ദേശീയ ഹീറോയായി മാറിയ കഥയാണ് പെലെയുടേത്. കറുപ്പിനെ അകറ്റി നിർത്തിയ ലോകം പെലെയെ കറുത്തമുത്തെന്ന് വാഴ്ത്തി. തെരുവിൽ പന്തുതട്ടി നടന്ന ബാലൻ പതിനഞ്ചാം വയസില്‍ സാന്റോസിൽ എത്തിയതോടെ കാൽപന്തുകളിയുടെ തലവര മാറി. പന്തിന് മേലുള്ള പ്രഹരശേഷി, അതിൻറെ കൃത്യത, സഹതാരങ്ങൾ എങ്ങനെ ചലിക്കുമെന്ന് അതിവേഗം അളക്കാനുള്ള കഴിവ്. പെലെയെന്ന ഒറ്റപ്പേരിൻറെ മികവിൽ സാൻറോസ് ക്ലബ് ലോകം ചുറ്റി.

ചാമ്പ്യന്‍സ് ലീഗ് ഹെഡ്ഡിങ് ബാക്ക് ടു ഇറ്റ്സ് സ്പിരിച്വല്‍ ഹോം

കഴിഞ്ഞ സീസണ്‍ ആരംഭിക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗിലെ ഹോട്ട് ഫേവറേറ്റുകളൊന്നുമായിരുന്നില്ല റയല്‍ മാഡ്രിഡ്. ക്രിസ്റ്റ്യാനോയും സെര്‍ജിയോ റാമോസുമടക്കമുള്ള ഇതിഹാസനിരയുടെ പടിയിറക്കത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഒരിക്കല്‍ പോലും റയല്‍ മാഡ്രിഡിന് വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. യൂറോപ്പിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ മാഡ്രിഡ് യുഗം അവസാനിക്കുകയാണ് എന്ന് പലരും നേരത്തേ തന്നെ വിധിയെഴുതിയിരുന്നു. എന്നാല്‍ എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ വീണ്ടുമൊരിക്കല്‍ കൂടി കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം രാജകീയമായി അവതരിച്ചു.

പ്രീക്വാര്‍ട്ടറില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ പി.എസ്.ജി യെയും ക്വാര്‍ട്ടറില്‍ ചെല്‍സിയേയും തകര്‍ത്ത് സെമിയില്‍. സെമി പോരാട്ടത്തിലെ ഒന്നാം പാദത്തില്‍ സിറ്റിക്ക് മുന്നില്‍ തകര്‍ന്ന മാഡ്രിഡ് രണ്ടാം പാദത്തില്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രം കണ്ടതില്‍ വച്ച് ഏറ്റവും വലിയൊരു തിരിച്ചു വരവിലൂടെ കളി പിടിച്ചു. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂളിനെ തകര്‍ത്ത് തങ്ങളുടെ പതിനാലാം കിരീടത്തില്‍ ലോസ് ബ്ലാങ്കോസ് മുത്തമിട്ടു.

ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രത്തില്‍ 17 തവണ കലാശപ്പോരിനെത്തിയ റയല്‍ മാഡ്രിഡിന് ആകെ മൂന്ന് തവണ മാത്രമാണ് നാളിതു വരെ കാലിടറിയത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ആറു തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ മാഡ്രിഡ് ഒരു തവണ പോലും എതിരാളികള്‍ക്ക് മുന്നില്‍ അടിയറവു പറഞ്ഞിട്ടില്ല

TAGS :

Next Story