കേട്ടാൽ വിശ്വസിക്കാത്ത 6 ഫുട്ബോൾ സത്യങ്ങൾ !
പ്രീമിയർ ലീഗിലെ ‘ഇംഗ്ലീഷ്’ ശാപം
ഒന്നിനൊന്ന് മികച്ച ക്ലബുകൾ. അതിലേറെ മികച്ച മാനേജർമാർ. അതിഗംഭീരമായ സ്റ്റേഡിയങ്ങൾ..? ലോക ഫുട്ബോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ വെല്ലാൻ പോന്ന മറ്റൊരു ലീഗുമില്ല. ഇംഗ്ലീഷ് താരങ്ങളെ സൂപ്പർ സ്റ്റാറുകളാക്കി മാറ്റിയതിലും ഇംഗ്ലണ്ടിലെ നഗരങ്ങളെ ലോകമറിയുന്ന ഇടങ്ങളാക്കി മാറ്റിയതും പ്രീമിയർ ലീഗാണ്. എന്നാൽ 1992ൽ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് പ്രീമിയർ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം നാട്ടുകാരനായ, അഥവാ ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു മാനേജർ പോലും പ്രീമിയർ ലീഗ് കിരീടം നേടിയിട്ടില്ല.
കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും അതൊരു സത്യമാണ്. സ്കോട് ലാൻഡുകാരനായ അലക്സ് ഫെർഗൂസൺ 14 തവണയും സ്പാനിഷുകാരനായ പെപ് ഗ്വാർഡിയോള ആറ് തവണയും പ്രീമിയർ ലീഗ് കീരീടം നേടി. ഫ്രാൻസിൽ നിന്നുള്ള ആഴ്സൻ വെങറും പോർച്ചുഗീസുകാരായ ഹോസെ മൗറീന്യോ മൂന്നുതവണ വീതം നേടി. ഇറ്റലിക്കാരായ കാർലോ ആഞ്ചലോട്ടി, റോബർട്ടോ മാൻസീനി, ക്ലൗഡിയോ റാനിയേരി, അന്റോണിയോ കോന്റെ എന്നീ നാലുപേരും കിരീടത്തിൽ തൊട്ടിട്ടുണ്ട്. ജർമനിക്കാരനായ യുർഗാൻ ക്ലോപ്പും ചിലിയിൽ നിന്നുള്ള മാനുവൻ പെല്ലെഗ്രനിയും ഓരോ തവണയും നേടി. പക്ഷേ ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു മാനേജർക്കും ഇതുവരെയും അതിന് സാധിച്ചിട്ടില്ല. എന്നാൽ സ്പാനിഷ് ലീഗിലും ബുണ്ടസ് ലിഗയിലും സിരി എയിലുമെല്ലാം അതത് രാജ്യങ്ങളിൽ നിന്നുള്ള മാനേജർമാർ തന്നെയാണ് കിരീട നേട്ടത്തിൽ മുന്നിലുള്ളത്.
‘വിദേശികൾ’ തൊടാത്ത ലോകകപ്പ്
അതേ സമയം ഫുട്ബോൾ ലോകകപ്പിൽ കാര്യങ്ങൾ മറിച്ചാണ്. നൂറ്റാണ്ട് ചരിത്രമുള്ള ഫുട്ബോൾ ലോകകപ്പിൽ ഒരു വിദേശ കോച്ചും ഇന്നേവരെ ലോകകിരീടം വിജയിച്ചിട്ടില്ല. സംശയമുണ്ടെങ്കിൽ ഒന്ന് നോക്കിക്കോളൂ. അവസാനം വിജയിച്ചത് അർജന്റീനക്കാരനായ ലയണൽ സ്കലോണി, അതിനു മുമ്പ് ഫ്രഞ്ചുകാരനായ ദിദിയർ ദെഷാംപ്സ്. അതിന് മുമ്പ് ജർമനിയുടെ യോക്വിം ലോ, അതിന് മുമ്പ് സ്പാനിഷുകാരനായ വിസെന്റ് ഡെൽബോസ്ക്... അങ്ങനെ അതത് രാജ്യക്കാർ തന്നെ കിരീടം നേടിയ ലിസ്റ്റ് നീണ്ടുനീണ്ടുപോകുന്നു. അതേ സമയം രണ്ട് വിദേശ മാനേജർമാർ ടീമിനെ ഫൈനലിൽ എത്തിച്ചിട്ടുണ്ട്. 1978ലെ നെതർലാൻഡ്സ് കോച്ചായ എർണെസ്റ്റ് ഹാപ്പലും 1958ലെ സ്വീഡിഷ് കോച്ചായ ജോർജ് റെയ്നറുമാണ് അത്.
നാല് തവണ തോറ്റിട്ടും നേടിയ ചാമ്പ്യൻസ് ലീഗും ഒരു മത്സരം തോറ്റതിനാൽ പോയ പ്രീമിയർ ലീഗും
യുർഗാൻ ക്ലോപ്പും കുട്ടികളും നിറഞ്ഞാടിയ സീസണായിരുന്നു 2018-19. ഏറെക്കാലമായി കാത്തിരുന്ന ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ മുത്തമിട്ടു. എന്നാൽ കിരീടം നേടിയെങ്കിലും അതേ വർഷം ചാമ്പ്യൻസ് ലീഗിൽ തന്നെ ലിവർപൂൾ നാലുതവണ പരാജയപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ നാപ്പോളിയോട് 1-0ത്തിനും റെഡ് സ്റ്റാർ ബെൽഗ്രേഡിനോട് 2-0ത്തിനും പാരിസ് സെന്റ് ജർമനോട് 2-1നും തോറ്റു. അഥവാ എവേ മത്സരങ്ങളിലെല്ലാം പരാജയപ്പെട്ട ലിവർപൂൾ ആൻഫീൽഡിൽ ഇവരെയെല്ലാം മറിച്ചിടുകയും ചെയ്തു.
പിന്നീട് പ്രീ ക്വാർട്ടറിൽ ബയേണിനെയും ക്വാർട്ടറിൽ എഫ്.സി പോർട്ടോയെയും തോൽപ്പിച്ച ലിവർപൂൾ സെമിയിൽ ബാഴ്സലോണക്കെതിരെ ക്യാമ്പ് നൗവിൽ 3-0ത്തിനും പരാജയപ്പെട്ടു. എന്നാൽ ആൻഫീൻഡ് ബാഴ്സക്ക് ഭീകരരാത്രിയായ ദിനത്തിൽ നാലെണ്ണം തിരിച്ചുകൊടുത്ത് ലിവർപൂൾ ഫൈനലിലേക്ക് കടക്കുകയും ചെയ്തു. അഥവാ നാലുമത്സരം തോറ്റിട്ടും ലിവർപൂൾ യൂറോപ്പിന്റെ രാജാക്കൻമാരായി. അതേ സമയം പ്രീമിയർ ലീഗിൽ ലിവർപൂൾ ഒരേ ഒരു മത്സരം മാത്രമാണ് തോറ്റത്. എന്നിട്ടും അവർക്ക് പ്രീമിയർ ലീഗ് കിട്ടിയതുമില്ല. 30 ജയവും ഏഴ് സമനിലയും ഒരു തോൽവിയുമുണ്ടായിരുന്ന ലിവർപൂളിന്റെ പേരിലുണ്ടായിരുന്നത് 97 പോയന്റ്. നാലെണ്ണത്തിൽ തോറ്റിട്ടും ഡ്രോയായ മത്സരങ്ങൾ കുറവായിരുന്ന മാഞ്ചസ്റ്റർ സിറ്റി ഒരു പോയന്റ് വ്യത്യാസത്തിൽ കിരീടം ചൂടുകയായിരുന്നു.
ക്ലിനിക്കൽ ഫിലിപ്പ് ലാം
ഫുട്ബോളിൽ ഡിഫൻഡർമാർ എന്നത് വലിയ ജോലി ഭാരമുള്ളവരാണ്. പലസമയങ്ങളിലും എതിരാളികളെ പിടിച്ചുകെട്ടുന്നതിനിടയിൽ അറിഞ്ഞും അറിയാതെയുമുള്ള ഫൗളുകൾ അവർക്ക് സംഭവിക്കാറുമുണ്ട്. മഞ്ഞയായും ചുവപ്പായും കാർഡുകളും ലഭിക്കാറുണ്ട്. എന്നാൽ 2014 സെപ്റ്റംബറിനും 2015 ഒക്ടോബറിനും ഇടയിലുള്ള ഒരു വർഷക്കാലം ബയേൺ മ്യൂണിക് ഡിഫൻഡറായ ഫിലിപ്പ് ലാം കാർഡ് പോയിട്ട് ഒരു ഫൗൾ പോലും ചെയ്തില്ല എന്നത് വളരെ കൗതുകമുള്ള കാര്യമാണ്. സർജിക്കർ സ്ലൈഡിങ് അഥവാ വളരെ കൃത്യമായ ടാക്കിളുകളാണ് ലാമിന്റേത് എന്നാണ് പറയപ്പെടുന്നത്.
ഒരേ ഒരു മൗറീന്യോ
ഹോം ഗ്രൗണ്ടുകൾ എന്ന് പറയുന്നത് ഏത് കളിയിലായാലും മുൻതൂക്കം നൽകുന്ന കാര്യമാണ്. ഫുട്ബോളിലും അങ്ങനെത്തന്നെ. എന്നാൽ ഹോം ഗ്രൗണ്ടിലാണെങ്കിൽ പോലും 9 വർഷത്തോളം തോൽക്കാതിരിക്കുക എന്നത് വേറൊരു റേഞ്ചാണ്. ഹോസെ മൗറീന്യോയുടെ പേരിലാണ് ഈ റെക്കോർഡുള്ളത്. 2002 മുതൽ 2011 വരെയുള്ള കാലയളവിൽ ലീഗ് മത്സരങ്ങളിൽ ഒരു ഹോം ഗ്രൗണ്ട് മത്സരം പോലും മാനേജറെന്ന നിലയിൽ മൗറീന്യോ പരാജയപ്പെട്ടില്ല. നാലു പ്രമുഖ ലീഗുകളിലായി എഫ്.സി പോർട്ടോ, ചെൽസി, ഇന്റർമിലാൻ, റയൽ മാഡ്രിഡ് എന്നീ നാലുക്ലബുകളെ ഇക്കാലയളവിൽ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 150 മത്സരങ്ങളും അദ്ദേഹം പൂർത്തിയാക്കി. ഒടുവിൽ 2011 ഏപ്രിൽ രണ്ടിന് ലാലിഗയിലെ കുഞ്ഞൻ ക്ലബായ സ്പോർട്ടിങ് ഗിജോണാണ് മൗറീന്യോയുടെ ഹോം തേരോട്ടം അവസാനിപ്പിച്ചത്. ‘ലോങസ്റ്റ് ഫുട്ബോൾ അൺബീറ്റൺ ഹോം റൺ ബൈ എ മാനേജർ’ എന്ന തലക്കെട്ടിൽ ഇത് ഗിന്നസ് വേൾഡ് റെക്കോർഡ്സ് വെബ്സൈറ്റിലും കാണുന്നുണ്ട്.
ഹീറോയും വില്ലനും ഒരാൾ..
ഒരു മത്സരത്തിൽ നാലുഗോളടിക്കുന്നത് അപൂർവകാര്യമല്ല. പക്ഷേ ആസ്റ്റൺ വില്ല താരം ക്രിസ് നിഷോളിന്റെ നാല് ഗോളുകൾ വളരെ കൗതുകം നിറഞ്ഞതാണ്. 1976 മാർച്ചിൽ നടന്ന വില്ല-ലെസ്റ്റർ സിറ്റി മത്സരമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്. 15ാം മിനുറ്റിൽ ലെസ്റ്റർ താരമടിച്ച ഷോട്ട് നിഷോളിന്റെ ശരീരത്തിൽ തട്ടി സ്വന്തം വലയിലേക്ക്. സെൽഫ് ഗോൾ ബലത്തിൽ ലെസ്റ്റർ മുന്നിൽ. എന്നാൽ 40ാം മിനുറ്റിൽ അദ്ദേഹം ഒരു ഗോൾ നേടി വില്ലയെ ഒപ്പമെത്തിച്ചു. എന്നാൽ 53ാം മിനുറ്റിൽ അദ്ദേഹം വീണ്ടുമൊരു സെൽഫ് ഗോൾ നേടി. ലെസ്റ്റർ വീണ്ടും മുന്നിൽ. ഒടുവിൽ മത്സരം അവസാനിക്കാനിരക്കേ കോർണറിൽ നിന്നും ഒരു ഗോൾ കൂടി നേടി അദ്ദേഹം ആ മത്സരത്തെ അവിസ്മരണീയമാക്കി. മത്സരശേഷം അന്നത്തെ മത്സരത്തിനുപയോഗിച്ച പന്ത് ഒരു സുവനീറായി സൂക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും റഫറി സമ്മതിച്ചില്ല. കാരണം ആ റഫറി കളി നിയന്ത്രിക്കുന്ന അവസാന മത്സരമായിരുന്നു അത്. അതുകൊണ്ടുതന്നെ ആ പന്ത് അദ്ദേഹത്തിന് വേണമായിരുന്നു.
Adjust Story Font
16