2014ൽ അർജന്റീനയെ 'രക്ഷിച്ച' അഹ്‌മദ് മൂസയ്‌ക്കെതിരെയും പറഞ്ഞു; ഇത് മലപ്പുറത്ത് സെവൻസ് കളിച്ച മൂസയാണ്!
സെവൻസ് ഫുട്‌ബോൾ ക്ലബ് അൽ മദീന ചെർപ്പുളശ്ശേരിയുടെ താരമായിരുന്നു മൂസ എന്നായിരുന്നു പ്രചാരണം
ഖത്തർ ലോകകപ്പിൽ ബ്രസീലിനെതിരെ ഗോളടിച്ച വിൻസെന്റ് അബൂബക്കർ കേരളത്തിൽ സെവൻസ് കളിച്ച താരമാണെന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ കുറഞ്ഞ നേരം കൊണ്ടാണ് പ്രചരിച്ചത്. ബ്രസീൽ വിരുദ്ധ ആരാധകർ ട്രോളായി തുടങ്ങിയ പ്രചാരണം സത്യമാണോ വ്യാജമാണോ എന്ന ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കി. ഇന്ത്യയിൽ തന്നെ വന്നു കളിച്ചിട്ടില്ലാത്ത ഒരു താരത്തെ കുറിച്ചാണ് ഫേസ്ബുക്കിലും വാട്‌സാപ്പിലും വ്യാജ റിപ്പോർട്ടുകൾ പ്രചരിച്ചത്.
ലോകകപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ഇതാദ്യമായല്ല ഇത്തരം വ്യാജ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടുന്നത്. 2018ലെ ലോകകപ്പിൽ ഐസ്‌ലാൻഡിനെതിരെ ഗോൾ നേടിയ നൈജീരിയൻ താരം അഹ്‌മദ് മൂസയും വ്യാജവാർത്തയുടെ ഇരയായിരുന്നു. പ്രമുഖ സെവൻസ് ഫുട്‌ബോൾ ക്ലബ് അൽ മദീന ചെർപ്പുളശ്ശേരിയുടെ താരമായിരുന്നു മൂസ എന്നായിരുന്നു പ്രചാരണം.
കൊളത്തൂർ നാഷണൽ ക്ലബ് ടൂർണമെന്റിൽ മൂസ അൽ മദീനയ്ക്കായി ബൂട്ടണിഞ്ഞു എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ അവകാശവാദം. ഇതിന് പിന്നാലെ അൽ മദീന ചെർപ്പുളശ്ശേരി ക്ലബ് വിശദീകരണക്കുറിപ്പിറക്കി. ടീം മാനേജർ ഹാരിസ് പാച്ചേനി പുറത്തിറക്കിയ കുറിപ്പിങ്ങനെ;
പ്രിയമുള്ള ഫുട്ബോൾ പ്രേമികളെ,
ഒന്ന്, രണ്ട് ദിവസമായി സോഷ്യൽ മീഡിയ വഴി നൈജീരിയൻ താരം മൂസയുമായി ബന്ധപ്പെട്ട് ഒരു ഫെയ്ക്ക് ന്യൂസ് പലരും പല ഗ്രൂപ്പുകളിലുമായി പ്രചരിപ്പിക്കുന്നുണ്ട്, ഇദ്ദേഹം അൽ മദീന ചെര്പ്പു ളശ്ശേരി ടീമിൽ ഒരു സീസണിലും കളിച്ചിട്ടില്ല.. ഈ വാര്ത്തുയുമായി ബന്ധപ്പെട്ട് അൽ മദീന ടീമിനും, ടിം മാനേജ്മെന്റിനും യാതൊരു പങ്കുമില്ല എന്നും കൂടി എല്ലാവരേയും അറിയിക്കുന്നു....
ഇത് പോലുള്ള ഫെയ്ക്ക് ന്യൂസുകൾ പരമാവധി എല്ലാവരും ഒഴിവാക്കുക.
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.
അന്ന് മൂസ അർജന്റീനയോട് ചെയ്തത്
2014 ലോകകപ്പിൽ നൈജീരിയ, ഐസ്‌ലാൻഡ്, ക്രൊയേഷ്യ എന്നിവരുൾപ്പെട്ട ഗ്രൂപ്പ് ഡിയിലായിരുന്നു അർജന്റീന. ആദ്യ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് അർജന്റീന തോറ്റു. രണ്ടാം മത്സരത്തിൽ ഐസ്‌ലാൻഡ് നീലക്കുപ്പായക്കാരെ (1-1) സമനിലയിൽ തളച്ചു. പുറത്തേക്ക് പോകുമെന്ന ഘട്ടത്തിൽ നൈജീരിയ ഏകപക്ഷീയമായ രണ്ടു ഗോളിന് ഐസ്‌ലാൻഡിനെ വീഴ്ത്തിയത് അർജന്റീനയ്ക്ക് സഹായകരമായി. അന്ന് പ്രീമിയർ ലീഗ് ക്ലബ്ബായ ലസ്റ്റർ സിറ്റി താരമായിരുന്നു അഹ്‌മദ് മൂസ. 2018 ലോകകപ്പിലും കളിക്കാനെത്തിയ മൂസ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്‌ക്കെതിരെ ഇരട്ട ഗോളുകൾ നേടിയിരുന്നു. സെമി ഫൈനലിൽ നെതർലാൻഡ്‌സിനോട് തോറ്റാണ് അർജന്റീന ആ ലോകകപ്പിൽനിന്ന് പുറത്തായത്.
ഇന്ന് വിൻസെന്റ് ചെയ്തത്
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറിയ ബ്രസീലിനെ ഇഞ്ച്വറി ടൈമിൽ വിൻസെന്റ് അബൂബക്കർ നേടിയ ഏക ഗോളിനാണ് കാമറൂൺ കീഴടക്കിയത്. ഹീറോ ആയി മാറിയതിന് പിന്നാലെ, കേരളത്തിൽ സെവൻസ് കളിച്ച താരമാണ് വിൻസെന്റ് എന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട കാർഡുകളും കുറിപ്പുകളും ഫേസ്ബുക്കിലും വാട്‌സാപ്പിലും പങ്കുവച്ചത്. 'ആയിരം ബ്രസീലിന് അര അബു' എന്ന പേരിൽ ആന്റി ബ്രസീൽ ഫാൻസ് ഇതാഘോഷമാക്കുകയും ചെയ്തു.
മലപ്പുറത്തെ പ്രമുഖ സെവൻസ് ഫുട്‌ബോൾ ടീമായ സൂപ്പർ സ്റ്റുഡിയോ അടക്കമുള്ള ക്ലബ്ബുകൾക്ക് വേണ്ടി വിൻസെന്റ് കളിച്ചുവെന്നാണ് പ്രചാരണം. ഇതേക്കുറിച്ച് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ക്ലബ് മാനേജർ അഷ്‌റഫ് ബാവുക്ക മീഡിയവൺ ഓൺലൈനോട് പ്രതികരിച്ചത് ഇങ്ങനെ;
'വിൻസെന്റ് അബൂബക്കർ ഞങ്ങളുടെ ക്ലബിൽ കളിച്ചുവെന്നത് വ്യാജവാർത്തയാണ്. അയാൾ ഇന്ത്യയിൽ തന്നെ വരാത്ത പ്ലേയറാണ്. ഈ റിപ്പോർട്ടുകൾ കണ്ട് സെവൻസ് ഫുട്ബോൾ മാനേജർമാരുമായി ബന്ധപ്പെട്ടിരുന്നു. അങ്ങനെയൊരാൾ കേരളത്തിൽ വന്നിട്ടില്ല. ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ താരങ്ങൾ കൂടുതലായി വരുന്നത്. നേരത്തെ കാമറൂണിൽനിന്ന് കളിക്കാർ വന്നിരുന്നു. ഇപ്പോൾ കൂടുതലില്ല. നൈജീരിയയിലുള്ള കളിക്കാർ നേരത്തെ ധാരാളം വന്നിരുന്നെങ്കിലും ഇപ്പോൾ അവർക്ക് നിയന്ത്രണങ്ങളുണ്ട്.'
ആരാണ് വിൻസെന്റ് അബൂബക്കർ?
1992 ജനുവരി 22ന് കാമറൂണിലെ വടക്കൻ മേഖലയായ ഗറൗവയിലാണ് വിൻസന്റിന്റെ ജനനം. എഡ്വേഡ് അബൂബക്കറിന്റെയും മൗബിൽ ആലിസിന്റെയും എട്ടു മക്കളിൽ അഞ്ചാമനാണ്. പഠിക്കുന്ന കാലത്ത് ഗോൾകീപ്പറായിരുന്ന വിൻസന്റ് പിന്നീട് സ്‌ട്രൈക്കിങ്ങിലേക്ക് കളം മാറുകയായിരുന്നു. പ്രാദേശിക സ്‌കൗട്ടുകൾ പയ്യന്റെ കളിവൈഭവം കണ്ടെത്തിയതോടെ വിൻസെന്റിന്റെ തലവര തെളിഞ്ഞു. 2006ൽ ഗരൗഡിയിലെ കോടൺ സ്‌പോർട് ക്ലബിൽ പ്രവേശനം കിട്ടി. നാലു വർഷത്തന് ശേഷം ഫ്രഞ്ച് ഫുട്‌ബോൾ ക്ലബ്ബായ വലൻസിനെസ് വിൻസന്റിനെ റാഞ്ചി.
ക്ലബിനായി 72 കളികളിൽനിന്ന് ഒമ്പതു ഗോളുകൾ നേടി. 2013ൽ മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ ലോറിയന്റിലേക്ക് ചേക്കേറി. ഒരു വർഷം മാത്രമേ അവിടെ നിന്നുള്ളൂ. അപ്പോഴേക്കും മുൻനിര ക്ലബ്ബായ പോർട്ടോയിൽനിന്നുള്ള വിളിയെത്തി. പോർട്ടോയ്ക്കു വേണ്ടി 36 ഗോളാണ് വിൻസന്റ് അടിച്ചു കൂട്ടിയത്. ഇക്കാലയളവിൽ വായ്പാ അടിസ്ഥാനത്തിൽ തുർക്കി ക്ലബ്ബായ ബെസിക്ടാസിന് വേണ്ടി കളിച്ചു. 2020ൽ അവരുമായി കരാറൊപ്പിട്ടു. തുർക്കിഷ് ക്ലബിൽ നിന്ന് കഴിഞ്ഞ വർഷം സൗദി ക്ലബ് അൽ നസ്‌റിലേക്ക് ചേക്കേറി. അൽ നസ്‌റിനു വേണ്ടി 31 കളികളിൽനിന്ന് പത്ത് ഗോളാണ് വിൻസെന്റ് നേടിയിട്ടുള്ളത്.
കാമറൂൺ അണ്ടർ 20 ടീമിലും 2010 മുതൽ ദേശീയ ടീമിലും കളിച്ചു വരുന്നു. ദേശീയ ടീമിനായി 95 കളിയിൽനിന്ന് 39 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഈ ലോകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടുന്ന ആദ്യത്തെ കളിക്കാരനാണ് വിൻസന്റ് അബൂബക്കർ. ഒരു ലോകകപ്പ് മത്സരത്തിൽ സിനദിൻ സിദാനു ശേഷം റെഡ് കാർഡ് കിട്ടുന്ന താരം കൂടിയാണ് ഇദ്ദേഹം. 2006ൽ ഇറ്റലിക്കെതിരെയുള്ള ഫൈനലിലാണ് സിദാൻ റെഡ് കാർഡ് വാങ്ങിയത്.
Adjust Story Font
16