Quantcast

എക്‌സ്ട്രാ ടൈമിൽ റൊണാൾഡോയുടെ 'മാജിക്': അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കിരീടം അൽ നസറിന്

അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് അല്‍ നസര്‍ കിരീടം ചൂടിയത്

MediaOne Logo

Web Desk

  • Updated:

    2023-08-12 19:27:17.0

Published:

12 Aug 2023 7:07 PM GMT

എക്‌സ്ട്രാ ടൈമിൽ റൊണാൾഡോയുടെ മാജിക്: അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കിരീടം അൽ നസറിന്
X

റിയാദ്: എക്‌സ്ട്രാ ടൈമിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോളിൽ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് കിരീടം അൽ നസറിന്. അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചായിരുന്നു അൽനസര്‍ കിരീടം ചൂടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എത്തിയ റൊണാൾഡോക്ക് സൗദിയിലെ ആദ്യ കിരീട നേട്ടമാണിത്. അൽനസർ നേടിയ രണ്ട് ഗോളുകളും ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു.

കിങ് ഫഹദ് അന്താരാഷ്ട്ര ഫുട്‌ബോൾ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാഴ്ത്തും വിധമായിരുന്നു മത്സരത്തിന്റെ പോക്ക്. ആദ്യ വിസിൽ മുഴങ്ങിയത് മുതൽ ശക്തമായ മുന്നേറ്റങ്ങളായിരുന്നു. ഇരു ബോക്‌സിലും പന്ത് എത്തി. എന്നാൽ ആദ്യ ഗോൾ അടിക്കാനുള്ള യോഗം ഹിലാലിനായിരുന്നു. 51ാം മിനുറ്റിൽ ബ്രസീൽ താരം മൈക്കിൽ റിച്ചാർഡാണ് അൽ നസർ വലയിൽ പന്ത് എത്തിച്ചത്.

അതോടെ റൊണാൾഡോക്ക് വേണ്ടി ഇരമ്പിയിരുന്ന കാണികൾ തലയിൽ കൈവെച്ചു. പിന്നാലെ റെഡ് കാർഡ്. അൽനസർ സെന്റർ ബാക്ക് താരം അബ്ദുള്ള അൽ അമ്രിക്കാണ് ചുവപ്പ് കാർഡ് ലഭിച്ചത്. ഇതോടെ അൽ നസർ പത്ത് പേരായി ചുരുങ്ങി. അവിടന്നങ്ങോട്ടാണ് റൊണാൾഡോ ഇരട്ട ഗോളുമായി അൽ നസറിന് കിരീടം നേടിക്കൊടുത്തത്. 74ാം മിനുറ്റിലായിരുന്നു ആദ്യ ഗോൾ വന്നത്. വലത് വിങ്ങിലൂടെ അല്‍ നസര്‍ താരം ഘനത്തിന്റെ മുന്നേറ്റം. പ്രതിരോധ നിരയ്ക്ക് തൊടാൻ പറ്റാത്ത രീതിയിലുള്ള ആ നീക്കം ഒരു ലോ ക്രോസിലൂടെ റൊണാൾഡോയുടെ കാലിലേക്ക്.

പന്ത് ഒന്ന് തട്ടിയിടേണ്ട ചുമതലയെ സൂപ്പർ താരത്തിനുണ്ടായിരുന്നുള്ളൂ. അൽ ഘനമിന്റെ നീക്കം മനസിലാക്കി റൊണാൾഡോയും ഗോൾ മുഖത്തേക്ക് കുതിക്കുന്നുണ്ടായിരുന്നു. ഈ ടൂർണമെന്റിലെ താരത്തിന്റെ അഞ്ചാം ഗോൾ. എന്നാൽ നിശ്ചിത സമയത്തും ഇഞ്ച്വറി ടൈമിലും സമനില പൂട്ട് പൊട്ടിക്കാൻ ഇരു ടീമുകൾക്കും ആയില്ല. ശേഷം മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. ഇവിടെയാണ് റൊണാൾഡോയുടെ മാജിക് വരുന്നത്. 98ാം മിനുറ്റിലാണ് റൊണാൾഡോയുടെ രണ്ടാം ഗോൾ. റീ ബൗണ്ടായി വന്ന പന്ത് ഹെഡറിലൂടെയാണ് താരം വലക്കുളളിൽ എത്തിച്ചത്.

റൊണാൾഡോയുടെ സാന്നിധ്യം പേടിച്ച് ഹിലാൽ താരം ക്ലിയർ ചെയ്ത പന്താണ് റീ ബൗണ്ടിലൂടെ ഗോളാകുന്നത്. ഹിലാൽ താരത്തിന്റെ ക്ലിയറൻസ് നേരെ എത്തിയത് അൽ നസറിന്റെ സെകോ ഫൊഫാനയുടെ കാലിലേക്ക്. ഒന്നും നോക്കാതെയുള്ള താരത്തിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. എന്നാല്‍ പന്ത് വന്നത് റൊണാൾഡോയുടെ അടുത്തേക്കും. ഹിലാൽ പ്രതിരോധ താരങ്ങള്‍ ക്ലിയർ ചെയ്യാൻ എത്തും മുമ്പെ മിന്നൽ വേഗത്തിലൊരു റൊണാൾഡോയുടെ ഹെഡർ. പന്ത് വലക്കുള്ളിൽ! അതോടെ അല്‍ നസറിന് വിജയവും.

Watch Video

TAGS :

Next Story