Quantcast

ലിവർപൂൾ മധ്യനിര വാഴാൻ അർജന്റീനൻ സൂപ്പർ താരം; ഡീൽ പൂർത്തിയായെന്ന് റിപ്പോർട്ട്

റോബർട്ടോ ഫിർമിനോ അടക്കം നാലു താരങ്ങൾ അരങ്ങൊഴിയുന്നതോടെ മധ്യനിര ഉടച്ചുവാർക്കാനാണ് മാനേജ്‌മെന്‍റ് ആലോചിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-05-19 08:40:34.0

Published:

19 May 2023 8:38 AM GMT

Alexis MacAllister is set to join Liverpool
X

അർജന്റീനൻ മിഡ്ഫീൽഡർ അലക്‌സിസ് മക് അലിസ്റ്ററിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ സ്വന്തമാക്കിയെന്ന് റിപ്പോർട്ട്. കൂടുമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായി ട്രാൻസ്ഫർ ജേണലിസ്റ്റ് പെഡ്രോ അൽമെഡ ട്വീറ്റ് ചെയ്തു. നിലവിൽ ബ്രൈറ്റൻ എഫ്‌സിയുടെ താരമാണ് മക് അലിസ്റ്റർ. 70 ദശലക്ഷം പൗണ്ട് വരെയാണ് താരത്തിനായി ബ്രൈറ്റൺ ചോദിച്ചിരുന്നത്.

പ്രീമിയര്‍ ലീഗില്‍നിന്ന് ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലാലീഗയിൽനിന്ന് ബാഴ്‌സലോണ ക്ലബുകളും മക്അലിസ്റ്ററിനായി രംഗത്തുണ്ടായിരുന്നു. ഖത്തർ ലോകകപ്പ് നേടിയ അർജന്റീനൻ സംഘത്തിലെ പ്രധാനിയായിരുന്നു മക്അലിസ്റ്റർ. അതേസമയം, കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തീർപ്പിലെത്തിയിട്ടില്ലെന്ന് വിഖ്യാത ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പറയുന്നു.



റോബർട്ടോ ഫിർമിനോ അടക്കം നാലു മുന്‍നിര താരങ്ങൾ അരങ്ങൊഴിയുന്നതോടെ മധ്യനിര ഉടച്ചുവാർക്കാനാണ് കോച്ച് യുർഗൻ ക്ലോപ്പും മാനേജ്‌മെന്റും ആലോചിക്കുന്നത്. മക് അലിസ്റ്ററിന് പുറമേ, ഇംഗ്ലീഷ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഡെക്ലാൻ റൈസിനെ ടീമിലെത്തിക്കാനും മാനേജ്‌മെന്റിന് പദ്ധതിയുണ്ട്. റൈസിനായി ചെല്‍സിയും രംഗത്തുണ്ട്.

2015 മുതൽ ടീമിണ്ടായിരുന്ന ഫിർമിനോയ്ക്ക് പുറമേ, ഗിനിയൻ മിഡ്ഫീൽഡർ നാബി കൈറ്റ, ഇംഗ്ലീഷ് താരങ്ങളായ ജെയിംസ് മിൽനർ, അലക്‌സ് ഓക്‌സ്ലൈഡ് ചേംബർലൈൻ എന്നിവരും ടീം വിടുമെന്ന് ലിവർപൂൾ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു. 2019ലെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചവരാണ് നാലു പേരും.



സാദിയോ മാനേ, മുഹമ്മദ് സലാഹ് എന്നിവർക്കൊപ്പം മുന്നേറ്റനിരയിൽ സജീവമായിരുന്ന ഫിർമിനോ ക്ലബിനായി 254 കളികളിൽനിന്ന് 80 ഗോൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽനിന്നെത്തിയ മിൽനർ ക്ലബിനായി 330 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 2018ൽ ആർബി ലീപ്‌സിഗിൽനിന്നെത്തിയ കൈറ്റ 129 കളികളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ഈ സീസണിൽ 12 മത്സരം മാത്രമേ കളിച്ചുള്ളൂ. ചേംബർലൈനും കളിക്കാൻ കൂടുതൽ അവസരം ലഭിച്ചിരുന്നില്ല. 2017 ൽ ആഴ്‌സണലിൽനിന്നെത്തിയ താരം ക്ലബിനായി 146 മത്സരങ്ങളിൽ ജഴ്‌സി അണിഞ്ഞിട്ടുണ്ട്.

ഈ സീസണിലെ മോശം പ്രകടനമാണ് വലിയ മാറ്റങ്ങൾക്ക് ലിവർപൂൾ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. പ്രീമിയർ ലീഗിലെ പോയിന്റ് പട്ടികയിൽ 65 പോയിന്റുമായി നിലവിൽ അഞ്ചാമതാണ് ലിവർപൂൾ.




TAGS :

Next Story