തുണീഷ്യയെ തകർത്ത് അറബ് കപ്പ് അൾജീരിയക്ക്
ലൂസേഴ്‌സ് ഫൈനലിൽ ശക്തരായ ഈജിപ്തിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ മറികടന്ന് ഖത്തർ മൂന്നാം സ്ഥാനം സ്വന്തമാക്കി
ഫിഫ അറബ് കപ്പ് അൾജീരിയക്ക്. ഖത്തറിൽ നടന്ന ആവേശകരമായ ഫൈനലിൽ തുണീഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അൾജീരിയ തോൽപ്പിച്ചത്. ഖത്തർ അമീർ ശൈഖ് തമീം അൽത്താനി ട്രോഫി സമ്മാനിച്ചു.
അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ഫിഫ അറബ് കപ്പിന്റെ കലാശപ്പോരാട്ടം നടന്നത്. ആഫ്രിക്കൻ ഫുട്‌ബോളിലെ കരുത്തന്മാരായ അൾജീരിയയും തുണീഷ്യയും ബലാബലം നിന്നപ്പോൾ ആദ്യ 90 മിനുറ്റിൽ ആർക്കും അക്കൗണ്ട് തുറക്കാനായില്ല. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. തൊണ്ണൂറ്റിയൊമ്പതാം മിനുട്ടിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് തുണീഷ്യൻ വലയിലെത്തിച്ച് അൾജീരിയ മുന്നിലെത്തി.
ഒപ്പമെത്താൻ കിണഞ്ഞുശ്രമിച്ച തൂണിഷ്യ പലപ്പോഴും ഗോളിനരികെയെത്തിയെങ്കിലും നിർഭാഗ്യം വില്ലനായി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ഒരിക്കൽ കൂടി തുണീഷ്യൻ വലകുലുക്കി അൾജീരിയ ജയവും കിരീടവും കൈക്കലാക്കി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി ചാമ്പ്യന്മാർക്കുള്ള ട്രോഫി സമ്മാനിച്ചു. ലൂസേഴ്‌സ് ഫൈനലിൽ ശക്തരായ ഈജിപ്തിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ മറികടന്ന് ഖത്തർ മൂന്നാം സ്ഥാനം സ്വന്തമാക്കി.
Adjust Story Font
16