ക്രൊയേഷ്യയെ വീഴ്ത്തി അർജൻറീനയുടെ ആറാം ലോകകപ്പ് ഫൈനൽ
എട്ടുവട്ടം ഫൈനലിൽ കടന്ന ജർമനിയും ഏഴുവട്ടം കളിച്ച ബ്രസീലുമാണ് ഇനി നീലപ്പടക്ക് മുമ്പിലുള്ളത്
ദോഹ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രവേശനത്തിൽ അർജൻറീനക്കിത് ആറാമൂഴം. ഇന്നലെ നടന്ന സെമിഫൈനലിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നുഗോളിന് തകർത്തതോടെയാണ് ടീം ഇറ്റലിയുടെ റെക്കോഡിനൊപ്പം എത്തിയത്. എട്ടുവട്ടം ഫൈനലിൽ കടന്ന ജർമനിയും ഏഴുവട്ടം കളിച്ച ബ്രസീലുമാണ് ഇനി നീലപ്പടക്ക് മുമ്പിലുള്ളത്. 2014ൽ ഫൈനലിൽ കളിച്ച അർജൻറീനയെ അന്ന് ജർമനി എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചിരുന്നു. മൂന്നിലേറെ ഗോൾ നേടി സെമിഫൈനലിൽ വിജയിക്കുന്ന രണ്ടു ടീമുകളിലൊന്നാണ് അർജൻറീന. മറ്റൊന്ന് ജർമനിയാണ്. 1930ൽ യു.എസ്.എയെ അർജൻറീന 6-1ന് തോൽപ്പിച്ചിരുന്നു.
ക്രൊയേഷ്യക്കെതിരെ 2018ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട 3-0 തോൽവിക്ക് അതേ നാണയത്തിൽ സുപ്രധാന മത്സരത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് അർജൻറീന. നായകൻ ലയണൽ മെസി ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്ത മത്സരത്തിൽ എതിരില്ലാത്ത മൂന്നുഗോളുകൾ നേടിയാണ് നീലപ്പട വിജയിച്ചത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയുമായി മെസ്സിപ്പട ഏറ്റുമുട്ടിയപ്പോൾ 3-0 തോൽവിയായിരുന്നു ഫലം. ആന്റേ റെബിക്, ലൂക്ക മോഡ്രിച്ച്, ഇവാൻ റെകിറ്റിച്ച് എന്നിവരാണ് അന്ന് ക്രോട്ട് പടക്കായി വല കുലുക്കിയത്. തുടർന്നും മികച്ച പ്രകടനം നടത്തിയ അവർ ആദ്യമായി ലോകകപ്പ് ഫൈനലിലുമെത്തിയിരുന്നു. റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഇരുടീമുകളുമുണ്ടായിരുന്നത്.
2006ലും 2014ലുമായി നടന്ന സൗഹൃദ മത്സരങ്ങളിൽ ഇരുടീമുകളും ഓരോ മത്സരങ്ങളിൽ വിജയിക്കുകയായിരുന്നു. ലോകകപ്പിലും ഇതേ രീതിയിലാണ് മത്സര ഫലം. 2018ൽ അർജൻറീന പരാജയപ്പെട്ടപ്പോൾ 1998ൽ എതിരില്ലാത്ത ഒരു ഗോളിന് ലാറ്റിനമേരിക്കൻ കരുത്തർ വിജയിച്ചിരുന്നു.
33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. 69ാം മിനുട്ടിൽ അൽവാരസ് തന്നെ ക്രൊയേഷ്യൻ ശവപ്പെട്ടിൽ മൂന്നാം ആണിയടിച്ചു. തകർപ്പൻ ഫോമിലയിരുന്ന മെസി നൽകിയ പാസിലായിരുന്നു അൽവാരസ് തന്റെ രണ്ടാം ഗോൾ നേടിയത്. ഇതോടെ എതിരില്ലാത്ത മൂന്നു ഗോളുകൾ അർജൻറീന സ്‌കോർബോർഡിൽ ചേർക്കപ്പെടുകയായിരുന്നു. നേരത്തെ അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. 25ാം മിനുട്ടിലാണ് കളിയിലെ ആദ്യ ഷോട്ട് വന്നത്. എന്നാൽ ഫെർണാണ്ടസെടുത്ത ഷോട്ട് ലിവാകോവിച്ച് തടുത്തിട്ടു. 41ാം മിനുട്ടിൽ മെസിയെടുത്ത കോർണർ ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി. നാളെ രാത്രി നടക്കുന്ന ഫ്രാൻസ് - മൊറോക്കോ സെമിഫൈനലിലെ വിജയികൾ ഡിസംബർ 18ന് രാത്രി എട്ടരക്ക് നടക്കുന്ന ഫൈനലിൽ അർജൻറീനയെ നേരിടും.
ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം; മെസിക്ക് നേട്ടങ്ങളനവധി
ഇന്നത്തെ സെമിയോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് മെസി നേടി. 24 മത്സരങ്ങൾ കളിച്ച താരത്തിന് ലോതർ മത്തേവൂസിന്റെ 25 മത്സരങ്ങളെന്ന നേട്ടത്തിനൊപ്പമാണ് താരമെത്തിയത്. ക്യാപ്റ്റനായി മെസി 19 മത്സരങ്ങളും കളിച്ചു. അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി. നോക്കൗട്ട് ഘട്ടത്തിൽ (6) ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. പെലെ, ഗ്രെഗോർസ് ലാറ്റോ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം എന്നിവർ മൂന്ന് ലോകകപ്പുകളിൽ ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ലോകകപ്പ് ഗോൾവേട്ടയിൽ അർജൻറീനയുടെ മുന്നേറ്റ നിരക്കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡ് മെസ്സി മറികടന്നു. 10 ഗോളുകളുടെ റെക്കോഡാണ് ഇന്നത്തെ പെനാൽറ്റി ഗോളോടെ ഇതിഹാസ താരം മറികടന്നത്. ഡീഗോ മറഡോണ (8), ഗില്ലെർമോ സ്റ്റെബൈൽ (8), മരിയോ കെംപെസ് (6), ഗോൺസാലോ ഹിഗ്വെയ്ൻ (5) എന്നിവരാണ് മറ്റു ഗോൾവേട്ടക്കാർ.
ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരവും മെസിയാണ്. 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. എന്നാൽ ഏറ്റവും ദീർഘ ലോകകപ്പ് കരിയർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരിലാണ്. 16 വർഷവും 160 ദിവസവുമാണ് റൊണാൾഡോയുടെ ലോകകപ്പ് മത്സര കരിയർ.
2002 മുതൽ നൽകുന്ന പ്ലയർ ഓഫ് ദി മാച്ച് അവാർഡ് ഇന്നത്തോടെ പത്ത് തവണയാണ് മെസിക്ക് ലഭിച്ചിട്ടുള്ളത. ഇവയിൽ നാലെണ്ണം 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു. ഒരു ലോകകപ്പിൽ ഇത്ര തവണ മത്സരത്തിലെ താരമായ റെക്കോഡ് 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ വെസ്‌ലി സ്‌നെയ്ജ്‌ദെറും നേടിയിരുന്നു. ജർമനിയുടെ മിറോസ്ലേവ് ക്ലോസെ 17 മത്സര വിജയങ്ങളിൽ പങ്കാളിയായപ്പോൾ മെസി 16 എണ്ണത്തിലാണ് പങ്കെടുത്തത്. ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടം ശക്തമാവുകയാണ്. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഒലീവിയർ ജിറൂദ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം.
Adjust Story Font
16