Quantcast

ഇനിയേസ്റ്റ: ആഘോഷിക്കപ്പെടാത്ത ഇതിഹാസം

MediaOne Logo

സഫ്‌വാന്‍ റാഷിദ്

  • Updated:

    2024-10-09 11:50:00.0

Published:

9 Oct 2024 11:45 AM GMT

ഇനിയേസ്റ്റ: ആഘോഷിക്കപ്പെടാത്ത ഇതിഹാസം
X

‘‘അസാധാരണ കാര്യങ്ങൾ ചെയ്ത ഒരു സാധാരണ മനുഷ്യന്റെ കഥയാണിത്..’’ ഓറിയോ ബോഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആന്ദ്രേസ് ഇനിയേസ്റ്റ...ദി അൺ എക്പെക്റ്റഡ് ഹീറോ എന്ന ഡോക്യുമെന്ററിയുടെ പരസ്യ വാചകമാണിത്. ‘‘തലയിൽ ചായങ്ങൾ പുരട്ടുകയോ ശരീരം ടാറ്റൂകളാൽ നിറക്കുകയോ ചെയ്യാത്തതിനാൽ തന്നെ മാധ്യമങ്ങൾ അവനെ ആഘോഷിക്കുന്നുണ്ടാകില്ല. പക്ഷേ അവനാണ് മികച്ചവൻ’’ -ഇനിയേസ്റ്റയെക്കുറിച്ച് പെപ് ഗ്വാർഡിയോള പറഞ്ഞ വാക്കുകളാണിത്.

കാൽപാദങ്ങൾകൊണ്ട് മനുഷ്യസാധ്യമാകുന്നതെല്ലാം നെയ്തെടുത്തിട്ടും ഇനിയേസ്റ്റ അയാൾ അർഹിക്കുന്ന വിധം ആഘോഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷേ ഫുട്ബോളിന്റെ മർമമറിയുന്നവർ അയാളെ എക്കാലത്തെയും മികച്ചവരുടെ കൂട്ടത്തിൽ അണിനിരത്തുന്നു. പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ അയാൾ നേടാത്തതായി ഒന്നുമില്ല. ഒൻപത് ലാലിഗ കിരീടങ്ങളിലും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും ബാഴ്സലോണയുടെ പേര് പതിയുമ്പോൾ അമരക്കാരിലൊരാളായി അയാളുണ്ടായിരുന്നു. ആ കാലുകൾ തീർത്ത കുറിയ പാസുകളും അയാൾ മുൻകൂട്ടി ദർശിച്ച വിഷനുകളിലുമായിരുന്നു ക്യാമ്പ്നൗ പൂത്തുലഞ്ഞത്.

രണ്ട് തവണ യൂറോയിലും ചരിത്രത്തിലാദ്യമായി ലോകകിരീടത്തിലും സ്പാനിഷ് സംഘം മുത്തമിടുമ്പോൾ അതിലും ആ കൈയ്യൊപ്പുണ്ടായിരുന്നു. ലോക ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പെപിന്റെ ബാഴ്സയുടെയും സ്പെയിനിന്റെ ഗോൾഡൻ ജനറേഷന്റെയും എഞ്ചിനായി പ്രവർത്തിച്ച ഇനിയേസ്റ്റയുടെ പേരിൽ ഒരിക്കൽ പോലും ബാലൻ ഡി ഓർ ചാർത്തപ്പെടാത്തത് അനീതിയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. മെസ്സി-റൊണാൾഡോ യുഗത്തിൽ പന്തുതട്ടിയത് കൊണ്ട് മാത്രം കാൽപന്തിന്റെ അമരത്തിരിക്കാൻ സാധിക്കാതെ വന്ന മറ്റൊരാൾ.


സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ നിന്നും ഒരു മണിക്കൂർ മാത്രം ഡ്രൈവ് ചെയ്ത് പോകാവുന്ന അകലത്തിലുള്ള ഫ്യൂവന്റെബില്ലയാണ് ഇനിയേസ്റ്റയുടെ ജന്മസ്ഥലം. പക്ഷേ ഫുട്ബോളിൽ കറ്റാലൻ മതമാണ് അയാൾ സ്വീകരിച്ചത്. അന്തർമുഖനായ തങ്ങളുടെ കുട്ടിയെ 12ാം വയസ്സിലാണ് ‘ലാ മാസിയ’ അക്കാദമിയിയിൽ ചേർക്കാൻ മാതാപിതാക്കൾ തീരുമാനിക്കുന്നത്. മാതാപിതാക്കളില്ലാത്ത അക്കാദമിയിലെ രാത്രികളിൽ കരഞ്ഞിരുന്ന ആ കുട്ടി പതിയെ ഫുട്ബോളിനെയും കറ്റാലൻ ഫിലോസഫിയെയും സ്നേഹിച്ചുതുടങ്ങി. വൈകാതെ ബാഴ്സയുടെ അണ്ടർ 15 ടീമിന്റെ ക്യാപ്റ്റനായ അവൻ 1999 നൈക്ക് പ്രീമിയർ കപ്പിൽ മുത്തമിട്ടതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫുട്ബോളിന്റെ മർമമറിയുന്ന പെപ് ഗ്വാർഡിയോളയടക്കമുള്ളവർ ഇനിയേസ്റ്റയുടെ പ്രതിഭയെ അന്നേ തിരിച്ചറിഞ്ഞു.

1998ൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയിച്ചത്തോടെ കരുത്തും ശരീരവും അത്ലറ്റിക് മികവുമുള്ള താരങ്ങൾക്കേ ഇനി ഫുട്ബോൾ ലോകത്ത് സ്ഥാനമുള്ളൂവെന്ന ഒരു വിശ്വാസം പടർന്നിരുന്നു. പൊതുവേ ക്ലബുകളെല്ലാം അത്തരം ഒരു വിശ്വാസത്തിലാണ് പിന്നീടുള്ള ടീമുകളെയെല്ലാം പടുത്തുയർത്തിയത്. എന്നാൽ അധികം ഉയരമോ അസാധാരണ അത്ലറ്റിക് മികവോ അവകാശപ്പെടാനില്ലാത്ത സാവിയും ഇനയേസ്റ്റയും വന്ന് ആ ധാരണകളെ ചവറ്റുകൂട്ടയിലേക്ക് എറിയുന്നതാണ് പിന്നീട് ലോകം കണ്ടത്.


ബാഴ്സലോണയിൽ ഫ്രാങ്ക് റൈക്കാർഡിന്റെ കാലത്ത് തന്നേ ഇനിയേസ്റ്റ വരവറിയിച്ചിരുന്നുവെങ്കിലും ആ പ്രതിഭ മൈതാനത്ത് പൂർണമായും വിരിഞ്ഞത് പെപ് ഗ്വാർഡിയോള ഗുഗത്തിലാണ്. അതിസുന്ദരമായ നൃത്തച്ചുവടുകളോടെ സാവിയും ഇനിയേസ്റ്റയും പന്തുതട്ടി മുന്നേറുമ്പോൾ ലോകം അവർക്കൊപ്പം കൈയ്യടിച്ചു. ആ കാലുകൾ നീട്ടി നൽകിയ പന്തുകളെ ലക്ഷ്യത്തിലെത്തിച്ചാണ് ലയണൽ മെസ്സി ലോകഫുട്ബോളിന്റെ സിംഹാസനത്തിൽ കയറിയിരുന്നത്.

ആ കാലുകളിൽ നിന്നും ഉയിർകൊണ്ടതൊന്നും ഇടിമിന്നലുകളായിരുന്നില്ല. അതി മനോഹര മാരിവില്ലുകളായിരുന്നു അത്. പക്ഷേ ആ മാരിവില്ലിന്റെ മൂർച്ചയേറ്റ് എത്രയോ തവണ എതിരാളികളുടെ ഹൃദയം മുറഞ്ഞു. 2009 ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാംപാദം. ക്യാമ്പ് നൗവിൽ നടന്ന ആദ്യ പാദത്തിൽ കറ്റാലൻ സംഘത്തെ ചെൽസി ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടിയിരുന്നു. സ്റ്റാംഫർഡ് ബ്രിഡ്ജിൽ നടന്ന രണ്ടാം പാദത്തിൽ ഒൻപതാം മിനുറ്റിൽ മൈക്കൽ എസ്സിയാന്റെ ഗോളിൽ മുന്നിലെത്തിയ ചെൽസി ബാഴ്സയെ ഗോളടിക്കാനനുവദിക്കാതെ ചെറുത്തുനിൽക്കുകയാണ്. മത്സരം 90 മിനുറ്റും കടന്ന് അവസാനത്തെ കൂട്ടപ്പൊരിച്ചിലുകളിലേക്ക് നീണ്ടു. സ്റ്റാംഫർഡ് ബ്രിഡ്ജിന്റെ നീലപുതച്ച ഗാലറികൾ വിജയത്തെ വരവേൽക്കാനായി ചാന്റുകൾ ചൊല്ലിത്തുടങ്ങി. അതിനടിയിലാണ് പെനൽറ്റി ബോക്സിന്റെ വെളിയിൽ നിൽക്കുന്ന ഇനിയേസ്റ്റക്ക് മെസ്സി ഒരു പന്ത് നീട്ടി നൽകുന്നത്. ഒരു പൂപറിക്കുന്ന ലാഘവത്തിൽ അയാൾ ആ പന്ത് വലയുടെ മൂലയിലേക്കിറക്കി.

ആ ഗോളിന്റെ ചിറകിലേറിയാണ് ബാഴ്സ റോമിൽ ഫൈനൽ കളിക്കാൻ പോയത്. ആ ഫൈനലിന് മുന്നോടിയായി ആരെയാണ് ഏറ്റവും ഭയക്കുന്നതെന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ ആന്ദ്രേസ് ഇനിയേസ്റ്റയെന്ന് സർ അലക്സ് ഫെർഗൂസൺ മറുപടി പറഞ്ഞു. മത്സര ശേഷം ലോകത്തെ ഏറ്റവും ഫുട്ബോൾ താരം അയാളാണെന്നായിരുന്നു വെയ്ൻ റൂണി പറഞ്ഞത്.

കരിയറിൽ ഗോളടിക്കുന്നവനായി അറിയപ്പെട്ടിരുന്നില്ലെങ്കിലും അയാൾ നേടിയ ഗോളുകളിൽ പലതും ചരിത്രത്തിലേക്കാണ് പറന്നിറങ്ങിയത്. നൂറ്റാണ്ടിലേറെ ചരിത്രമുള്ള സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും ഐക്കോണിക്കായ ഗോൾ മുളപൊട്ടിയത് ആ കാലിൽ നിന്നായിരുന്നു. തൊട്ടുപിന്നാലെയുള്ള 2012 യൂറോയിൽ സ്പാനിഷ് സംഘം ഒരിക്കൽ കൂടി മുത്തമിട്ടപ്പോൾ ടൂർണമെന്റിന്റെ താരമായതും അയാൾ തന്നെ.

ഫുട്ബോൾ അക്കാഡമികളിലെ ശാസ്ത്രീയ പരിശീലനങ്ങൾ കൊണ്ട് വിരിയിച്ചെടുക്കാവുന്ന ഒരു ഉൽപ്പന്നമല്ല ഇനിയേസ്റ്റ. ചിലർക്ക് ജന്മം കൊണ്ട് മാത്രം അനുഗ്രഹീതമായി ലഭിക്കുന്ന കലയാണ് ഫുട്ബോളെന്നതിന് ഇനിയേസ്റ്റയും ഒരു സാക്ഷിയാണ്. പരിക്കുള്ള കാലുമായാണ് 2009 ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇനിയേസ്റ്റ ഇറങ്ങിയത്. അതുകൊണ്ടുതന്നെ മത്സരത്തിൽ വലതുകാൽ കൊണ്ട് ഷോട്ടുതിർക്കരുതെന്ന് ഇനിയേസ്റ്റയോട് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വലതുകാൽ കൊണ്ട് ഷോട്ടുതിർക്കാനാകാത്ത സമയത്ത് പോലും ആ മത്സരത്തിന്റെ ഗതിയെ അയാൾ ചാവിക്കൊപ്പം നിയന്ത്രിച്ചു


ഗോളടിച്ചിട്ടുണ്ടെങ്കിലും ഗോൾ സ്കോറിങ്ങ് മിഡ് ഫീൽഡർമാരിൽ ഇനിയേസ്റ്റയെ എണ്ണാറില്ല. അസിസ്റ്റുകളുടെ സ്റ്റാറ്റിസ്റ്റിക്സ് ബുക്കെടുത്താൽ അതിലും അയാൾ മുൻനിരയിലുണ്ടാകണമെന്നില്ല. പക്ഷേ ഡാറ്റകൾക്കുപ്പറത്ത് മൈതാനത്ത് അപൂർവമായി മാത്രം വിരിയുന്ന നയന മനോഹര ദൃശ്യമായിരുന്നു ഇനിയേസ്റ്റ.

TAGS :

Next Story