Quantcast

എംബാപ്പെയെ നായകനാക്കി, ഗ്രീസ്മാന് അനിഷ്ടം- കളി മതിയാക്കുന്നു

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ച ഹ്യൂഗോ ലോറിസിന് പകരമായാണ് കോച്ച് ദെഷാംപ്‌സ് എംബാപ്പെയെ പരിഗണിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-21 12:42:18.0

Published:

21 March 2023 11:28 AM GMT

embappe and griezman
X

യുവതാരം കിലിയൻ എംബാപ്പെയെ നായകനാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഫ്രഞ്ച് ദേശീയ ടീമിൽ പൊട്ടിത്തെറി. കോച്ച് ദിദിയർ ദെഷാംപ്‌സിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുതിർന്ന താരം അന്റോണിയോ ഗ്രീസ്മാൻ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് കായിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.

ഖത്തർ ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പിന്നാലെ ഫ്രഞ്ച് ടീം നായകനും ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചിരുന്നു. ലോറിസിന് പകരമായാണ് ദെഷാംപ്‌സ് എംബാപ്പെയെ പരിഗണിച്ചത്. ഈ തീരുമാനത്തിൽ ഗ്രീസ്മാന് പ്രതിഷേധമുണ്ടെന്ന് ലെ ഫിഗറോ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.



2014ൽ ടീമിനായി അരങ്ങേറിയത് മുതൽ 117 അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരമാണ് 32കാരനായ ഗ്രീസ്മാൻ. 42 ഗോളുകളും സ്വന്തമായുണ്ട്. ഖത്തർ ലോകകപ്പിൽ ദെഷാംപ്‌സിന്റെ പദ്ധതികളിലെ പ്രധാന താരമായിരുന്നു ഗ്രീസ്മാന്‍. ക്ലബ് തലത്തില്‍ ഗ്രീസ്മാൻ അത്‌ലറ്റികോ മാഡ്രിഡിന്റെയും എംബാപ്പെ പിഎസ്ജിയുടെയും താരമാണ്.

2024 യൂറോ യോഗ്യതാ മത്സരങ്ങൾ അടുത്തയാഴ്ച മുതൽ ആരംഭിക്കുകയാണ്. നെതർലാൻഡ്‌സ്, അയർലാൻഡ് ടീമുകളെയാണ് ഫ്രാൻസിന് നേരിടാനുള്ളത്. 27ന് അയർലാൻഡിനെതിരെയാണ് ആദ്യ മത്സരം.





TAGS :

Next Story