Quantcast

ചരിത്രവും കണക്കുകളും ഒപ്പം; അർജന്റീന മെക്‌സിക്കോ കടക്കുമോ?

മെക്‌സിക്കോയുമായി ഏറ്റുമുട്ടിയ കഴിഞ്ഞ പത്തു മത്സരങ്ങളിൽ അർജന്റീന തോറ്റിട്ടിട്ടില്ല

MediaOne Logo

Web Desk

  • Published:

    26 Nov 2022 8:28 AM GMT

ചരിത്രവും കണക്കുകളും ഒപ്പം; അർജന്റീന മെക്‌സിക്കോ കടക്കുമോ?
X

ആദ്യ പോരാട്ടത്തിൽ സൗദി അറേബ്യയിൽനിന്നേറ്റ അപ്രതീക്ഷിത തോൽവിക്ക് ശേഷം ഞായറാഴ്ച പുലർച്ചെ അർജന്റീന വീണ്ടും കളത്തില്‍. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ മെക്‌സിക്കോയാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ. ആദ്യ മത്സരത്തിൽ റോബർട്ടോ ലവൻഡോവ്സ്‌കിയുടെ പോളിഷ് പടയെ സമനിലയിൽ കുരുക്കിയതിന്റെ വമ്പുമായാണ് മെക്‌സിക്കൻ പടയാളികളെത്തുന്നത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു നീലപ്പടയുടെ തോൽവി.

ഗ്രൂപ്പ് സി പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെയാണ് അർജന്റീന. ഇന്ന് തോറ്റാൽ അവസാന പതിനാറിലേക്കുള്ള പ്രവേശം കടുപ്പമേറിയതാകും. ഇന്നത്തെ ഫലം തങ്ങളുടെ വിധി നിർണയിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുമായി സംവദിച്ച സ്‌ട്രൈക്കർ ലൗതാറോ മാർട്ടിനസ് പറഞ്ഞത്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലുസൈൽ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.30നാണ് മത്സരം.

ചരിത്രം ഇങ്ങനെ

  • ലോകകപ്പിൽ ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് അർജന്റീനയും മെക്‌സിക്കോയും ഏറ്റുമുട്ടിയത്. മൂന്നു തവണയും വിജയം അർജന്റീനയ്‌ക്കൊപ്പം. ആദ്യത്തേത് 1930 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലാണ്. സ്‌കോർ 6-3. 2006ലാണ് അടുത്ത മത്സരം. സ്‌കോർ 2-1. 2010ലാണ് ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയത്. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു അന്ന് അർജന്റീനയുടെ ജയം.
  • മെക്‌സിക്കോയുമായി ഏറ്റുമുട്ടിയ കഴിഞ്ഞ പത്തു മത്സരങ്ങളിൽ അർജന്റീന തോറ്റിട്ടിട്ടില്ല. ഏഴെണ്ണത്തിൽ ജയിച്ചു. മൂന്നെണ്ണം സമനിലയായി.

ലൈനപ്പിൽ മാറ്റം വരുമോ?

മെസ്സിയെയും ലൗത്താരോ മാർട്ടിനസിനെയും മുമ്പിൽ നിർത്തിയുള്ള പരമ്പരാഗത 4-4-2 ഫോർമേഷനിലാണ് കോച്ച് ലയണൽ സ്‌കലോണി സൗദിക്കെതിരെ ടീമിനെ വിന്യസിച്ചത്. ഏകദേശം സമാനമായ കേളീ ശൈലി സ്വീകരിക്കുന്ന മെക്‌സിക്കോയ്‌ക്കെതിരെ ഫോർമേഷൻ മാറ്റാനുള്ള സാധ്യത കാണുന്നില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മങ്ങിപ്പോയ ചില താരങ്ങളെ സ്‌കലോണി മാറ്റിപ്പരീക്ഷിച്ചേക്കും.

പ്രതിരോധത്തിൽ ക്രിസ്ത്യൻ റൊമേറോക്ക് പകരം ലിസാൻഡ്രോ മാർട്ടിനസ് ആദ്യ ഇലവനിൽ ഇറങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കളിയിൽ റൊമേറോ കാത്ത സ്‌പേസിലൂടെയാണ് രണ്ടു ഗോളുകളും വന്നത്. അറ്റാക്കിങ് മിഡ്ഫീൽഡിൽ പാപു ഗോമസിന് പകരം മക് അലിസ്റ്ററിനും സാധ്യത കൽപ്പിക്കുന്നു. ലിയാൻഡ്രോ പെരദെസ്, ഡി പോൾ, ഡി മരിയ എന്നിവർ മധ്യനിരയിലുണ്ടാകും. ടാഗ്ലിയാഫിക്കോ, ഒട്ടമെൻഡി, മൊളിന എന്നിവർ വീണ്ടും ഇടംപിടിച്ചേക്കും.

മെക്‌സിക്കോയുടെ ഒച്ചാവ ഇഫക്ട്

പോളണ്ടിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ലവൻഡോവ്‌സ്‌കി എടുത്ത പെനാൽറ്റി കിക്ക് തടുത്ത ഗിലെർമോ ഒച്ചാവയുടെ മിന്നും ഫോം മെക്‌സിക്കോയ്ക്ക് ആശ്വാസം നൽകുന്നതാണ്. സ്‌ട്രൈക്കിങ്ങിൽ ഹിർവിങ് ലൊസാനോ, അലക്‌സിസ് വേഗയും ഇന്നും ആദ്യ ഇലവനിൽ ഇടംപിടിക്കും. കഴിഞ്ഞ കളിയിൽ നിറം മങ്ങിയെങ്കിലും സെൻട്രൽ സ്‌ട്രൈക്കർ ഹെന്റി മാർട്ടിനിൽ തന്നെയാകും കോച്ച് ജെറാഡോ മാർട്ടിനോ വീണ്ടും വിശ്വാസമർപ്പിക്കുക.

ജോർജ് സാഞ്ചസ്, സെസാർ മോണ്ടെസ്, ഹെക്ടർ മൊറേനോ, ജെസുസ് ഗല്ലാർഡോ എന്നിവരങ്ങുന്ന പ്രതിരോധത്തിനാകും മെസ്സിയെ പൂട്ടാനുള്ള ചുമതല. അർജന്റൈൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മധ്യനിരയിൽ നിന്ന് ഹെക്ടർ ഹെരേരയും എഡ്‌സൺ അൽവാരസും ലൂയിസ് ഷാവെസും പിന്നോട്ടിറങ്ങി വരുന്ന സാഹചര്യവുമുണ്ടാകും.

TAGS :

Next Story