ഒട്ടും സൗഹൃദമില്ല; യു.എ.ഇയെ അഞ്ചു ഗോളിന് തോൽപ്പിച്ച് അർജന്റീന
ഒന്നാം പകുതിയവസാനിക്കുമ്പോൾ തന്നെ എതിരില്ലാത്ത നാല് ഗോളുകൾക്ക് അർജൻറീന മുന്നിലായിരുന്നു
ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ യു.എ.ഇയെ അഞ്ചു ഗോളിന് തോൽപ്പിച്ച് അർജൻറീന. ഒന്നാം പകുതിയവസാനിക്കുമ്പോൾ തന്നെ എതിരില്ലാത്ത നാല് ഗോളുകൾക്ക് അർജൻറീന മുന്നിലായിരുന്നു. പിന്നീട് രണ്ടാം പകുതിയുടെ 60-ാം മിനിറ്റിൽ ജാക്വയിൻ കൂടി യുഎഇയുടെ ഗോൾവല കുലുക്കി. ഇതോടെ അർജൻറീനക്ക് അഞ്ചു ഗോൾ വിജയത്തിന് വഴിയൊരുങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ എയ്ഞ്ചൽ ഡി മരിയ ഇരട്ടഗോളുകൾ നേടിയപ്പോൾ സൂപ്പർ താരം ലയണൽ മെസിയും ജൂലിയൻ അൽവാരസും ഓരോ ഗോളുകൾ വീതം നേടി.
മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ കളിയുടെ തുടക്കം മുതൽ അർജന്റീനയാണ് കളം നിറഞ്ഞു കളിച്ചത്.നിരന്തരമായ അർജന്റീനിയൻ മുന്നേറ്റങ്ങളിൽ യു.എ.ഇ പ്രതിരോധം ആടിയുലഞ്ഞു. കളിയുടെ 17ാം മിനിറ്റിൽ അർജന്റീന ആദ്യ ഗോൾ കണ്ടെത്തി.
വലതു വിങ്ങിലൂടെ കുതിച്ചു പാഞ്ഞ ലയണൽ മെസി മറിച്ചു നൽകിയ പന്തിനെ ജൂലിയൻ അൽവാരസ് വലയിലെത്തിക്കുകയായിരുന്നു. ഗോൾ വീണ് എട്ട് മിനിറ്റ് കഴിഞ്ഞതും അർജന്റീന അടുത്ത വെടി പൊട്ടിച്ചു. ഇക്കുറി എയ്ഞ്ചൽ ഡി മരിയയുടെ ഊഴമായിരുന്നു. മാർകോസ് അക്വിനയുടെ ക്രോസിൽ മനോഹരമായൊരു കർവിങ് ഷോട്ടിലൂടെ മരിയ പന്തിനെ വലയിലാക്കി.
37ാം മിനിറ്റിൽ വീണ്ടും അർജന്റീനയുടെ മാലാഖ അവതരിച്ചു. ഇക്കുറി പെനാൽട്ടി ബോക്സിന് അകത്ത് രണ്ട് ഡിഫന്റമാരെ വെട്ടിയൊഴിഞ്ഞാണ് മരിയ വല കുലുക്കിയത്. ഒന്നാം പകുതി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കേ ആയിരുന്നു സൂപ്പർ താരം ലയണൽ മെസിയുടെ മിന്നും ഗോൾ പിറന്നത്. എയ്ഞ്ചൽ ഡി മരിയ നീട്ടി നൽകിയ പന്തുമായി കുതിച്ച ലിയോ മൂന്ന് ഡിഫന്റർമാരെ കാഴ്ചക്കാരാക്കി നിർത്തി വല കുലുക്കി.
Adjust Story Font
16