Quantcast

അർജന്റീന, യുറുഗ്വായ് ടീമുകൾ ഖത്തറിലിറങ്ങിയത് 900 കിലോ മാംസവുമായി-കാരണമിതാണ്

''അസാഡോ കഴിച്ചാണ് ഞങ്ങൾ ഒരുമിച്ചിരിക്കുന്നതും മനസ് തുറന്ന് സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം.''-അർജന്റീന കോച്ച് ലയണൽ സ്‌കലോണി

MediaOne Logo

Web Desk

  • Updated:

    2022-11-18 12:56:59.0

Published:

18 Nov 2022 12:54 PM GMT

അർജന്റീന, യുറുഗ്വായ് ടീമുകൾ ഖത്തറിലിറങ്ങിയത് 900 കിലോ മാംസവുമായി-കാരണമിതാണ്
X

ദോഹ: ലോകകപ്പ് ഫുട്‌ബോളിനായി ഖത്തറിലെത്തിയ അർജന്റീന, യുറുഗ്വായ് ടീമുകൾക്കൊപ്പം 900 കിലോ മാംസവും. സ്വന്തം നാട്ടിൽനിന്നാണ് ഇത്രയും വലിയ അളവിലുള്ള മാംസം ടീമിനൊപ്പം ദോഹയിൽ എത്തിച്ചിരിക്കുന്നത്. നാട്ടിൽ ലഭിക്കുന്ന ശുദ്ധമായ മാംസം തന്നെ താരങ്ങൾക്ക് ദോഹയിലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് ടീം മാനേജ്‌മെന്റുകൾ നൽകുന്ന വിശദീകരണം.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റ്(ഐ.എൻ.എ.സി) ആണ് യുറുഗ്വായ് ടീമിനായി മാംസം എത്തിച്ചത്. മികച്ച പോഷകാഹാരവുമായാണ് ടീം ലോകകപ്പിന് തിരിച്ചിരിക്കുന്നതെന്ന് യുറുഗ്വായ് ഫുട്‌ബോൾ അസോസിയേഷൻ(എ.യു.എഫ്) അധ്യക്ഷൻ ഇഗ്നാഷിയോ അലോൻസോ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച യുറുഗ്വായ് മാംസവുമായാണ് ടീം ഖത്തറിലേക്ക് പറന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്ത് ഏറ്റവും കൂടുതൽ മാംസം കഴിക്കുന്നവരിൽ മുന്നിലുള്ള രാജ്യങ്ങളാണ് അർജന്റീനയും യുറുഗ്വായും. ബാർബിക്യു മാതൃകയിൽ തയാറാക്കുന്ന അസാഡോയാണ് അർജന്റീന, യുറുഗ്വാ, ചിലി, പരാഗ്വായ് ഉൾപ്പെടുന്ന തെക്കനമേരിക്കൻ രാജ്യങ്ങളിലെ ജനപ്രിയ വിഭവങ്ങളിലൊന്ന്. യുറുഗ്വായ്, അർജന്റീന ടീമുകൾ ഇതിനുമുൻപും ലോകകപ്പുകളിൽ അസോഡോ താരങ്ങൾക്കായി തയാറാക്കിയിരുന്നു.

ടീമിനെ ഒന്നിച്ചുനിർത്തുന്നതിൽ അസാഡോയ്ക്ക് വലിയ പങ്കുണ്ടെന്നാണ് അർജന്റീന കോച്ച് ലയണൽ സ്‌കലോണി പ്രതികരിച്ചത്. ''എന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് അസാഡോ. എന്നാൽ, അതിലുമപ്പുറമാണത്. ടീമിനകത്ത് ഒരുമയുടെയും കൂട്ടായ രസതന്ത്രത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു അത്. അത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.''-സ്‌കലോണി പറഞ്ഞു.

അസാഡോ കഴിച്ചാണ് ഞങ്ങൾ ഒരുമിച്ചിരിക്കുന്നതും മനസ് തുറന്ന് സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം. അത് വെറുമൊരു മാംസത്തിന്റെ കാര്യമല്ല. ഒരു കൂട്ടായ്മയുടെ ഭാഗമാണതെന്നും സ്‌കലോണി കൂട്ടിച്ചേർത്തു.

അതേസമയം, മറ്റൊരു തെക്കനമേരിക്കൻ രാജ്യമായ ബ്രസീൽ ടീം മാംസ വിഭവങ്ങളൊന്നും ഖത്തറിലേക്ക് കൊണ്ടുപോയിട്ടില്ല. എന്നാൽ, പ്രസിദ്ധമായ ബ്രസീൽ കോഫിയും മസാലക്കൂട്ടുകളും 30 കി.ഗ്രാം കപ്പപ്പൊടിയും ടീമിനൊപ്പം കൂട്ടിയിട്ടുണ്ട്. ബ്രസീലിലെ ജനപ്രിയ വിഭവമായ ഫറോഫ തയാറാക്കാനാണ് ഇത് എത്തിച്ചിരിക്കുന്നത്.

Summary: Argentina, Uruguay take 4,000 pounds of meat to World Cup in Qatar

TAGS :

Next Story