Quantcast

ഇറ്റലിയെ നിഷ്പ്രഭമാക്കി ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്

വ്യക്തമായ ആധിപത്യം പുലർത്തിയാണ് അർജന്റീന യൂറോ ചാമ്പ്യന്മാരെ തകർത്തത്

MediaOne Logo

André

  • Updated:

    2022-06-01 21:07:38.0

Published:

1 Jun 2022 8:55 PM GMT

ഇറ്റലിയെ നിഷ്പ്രഭമാക്കി ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്
X

ലണ്ടൻ: യൂറോപ്യൻ, ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഫുട്‌ബോൾ ചാമ്പ്യന്മാർ മാറ്റുരക്കുന്ന ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്. യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ഒരു വർഷത്തിനിടെ രണ്ടാം കിരീടം സ്വന്തമാക്കുന്നത്. കോപ ജേതാക്കൾക്കു വേണ്ടി ലൗത്താറോ മാർട്ടിനസ്, എയ്ഞ്ചൽ ഡിമരിയ, പൗളോ ഡിബാല എന്നിവർ ഗോളുകൾ നേടി. ലൗത്താറോയുടെയും ഡിബാലയുടെയും ഗോളുകൾക്ക് മെസിയും ഡിമരിയക്ക് ലൗത്താറോയും വഴിയൊരുക്കി.

മൂന്നു പതിറ്റാണ്ടിനു ശേഷം പുനരാരംഭിച്ച വൻകരാ ജേതാക്കൾ തമ്മിലുള്ള സൂപ്പർ പോരാട്ടത്തിന് സൂപ്പർ താരങ്ങളടങ്ങുന്ന മികച്ച നിരകളാണ് അണിനിരന്നത്. രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ അണിനിരത്തി അർജന്റീന 4-2-3-1 എന്ന ഫോർമേഷനിൽ കളിച്ചപ്പോൾ 4-3-3 ആയിരുന്നു റോബർട്ടോ മാൻചിനി പരിശീലിപ്പിച്ച ഇറ്റലിയുടെ ശൈലി.

യൂറോപ്യൻ ചാമ്പ്യന്മാർക്കെതിരെ മികച്ച ഒത്തിണക്കവും അച്ചടക്കവും പാലിച്ച അർജന്റീന ആദ്യപകുതിയിൽ വ്യക്തമായ ആധിപത്യമാണ് പുലർത്തിയത്. സ്വന്തം ഹാഫിൽ ഊന്നിനിന്ന് ലാറ്റിനമേരിക്കക്കാർ നീക്കങ്ങൾ മെനഞ്ഞപ്പോൾ അമിതാവേശം കാണിക്കാതെ കാത്തുനിന്നുള്ള കളിയായിരുന്നു ഇറ്റലിയുടേത്. ലയണൽ മെസ്സിയുടെയും എയ്ഞ്ചൽ ഡിമരിയയുടെയും കാലുകളിൽ പന്തുകിട്ടുമ്പോഴൊക്കെ അർജന്റീനയുടെ നീക്കങ്ങൾക്ക് വേഗത കൈവന്നെങ്കിലും ബൊനുച്ചിയും കെല്ലിനിയും നയിച്ച ഇറ്റാലിയൻ ഡിഫൻസ് ജാഗ്രത പുലർത്തി. ഒരുവേള ബോക്‌സിനു തൊട്ടുപുറത്തുവെച്ച് അർജന്റീനക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മെസ്സിയുടെ കിക്കിന് ആൾമതിൽ തടസ്സമായി.

28-ാം മിനുട്ടിൽ സ്വന്തം ഹാഫിൽ ഇറ്റാലിയൻ താരങ്ങൾ വരുത്തിയ അലസതയാണ് ആദ്യഗോളിന് വഴിതുറന്നത്. ഗോൾകീപ്പർ ഡൊണറുമ്മയിൽ നിന്നാരംഭിച്ച നീക്കം ഭേദിക്കാൻ അർജന്റീനാ താരങ്ങൾ പ്രസ് ചെയ്യുന്നതിനിടെ ജോർജിഞ്ഞോയുടെ കാലിൽ നിന്ന് ലൗത്താറോ മാർട്ടിനസ് പന്ത് റാഞ്ചി മെസ്സിക്കു നൽകി. തന്നെ വട്ടമിട്ടു നിന്ന ഡിലൊറൻസോയെ ശരീരബലത്താൽ മറികടന്ന് ബോക്‌സിൽ കയറിയ മെസ്സി ഗോൾവരയ്ക്കു തൊട്ടരികിൽ വെച്ച് പന്ത് ഗോൾപോസ്റ്റിന് കുറുകെ പാസ് ചെയ്തു. കീപ്പർക്കും പ്രതിരോധത്തിനുമിടയിലൂടെ വന്ന പന്തിൽ കാൽവെച്ച് ലൗത്താറോ ലക്ഷ്യം കണ്ടു.

ഗോൾ വഴങ്ങിയ ഇറ്റലി മികച്ച നീക്കങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും ക്രിസ്റ്റ്യൻ റൊമേറോയും നിക്കൊളാസ് ഒറ്റമെൻഡിയുമടങ്ങുന്ന പ്രതിരോധം കുലുങ്ങിയില്ല. അതിനിടയിൽ അർജന്റീനയുടെ ചില ആക്രമണങ്ങൾ ഇറ്റാലിയൻ ഗോൾമുഖത്ത് ആശങ്ക പരത്തുകയും ചെയ്തു. അർജന്റീനയുടെ ഒരുഗോൾ ലീഡിൽ കളി ഇടവേളയ്ക്കു പിരിയുമെന്ന് തോന്നിച്ച ഘട്ടത്തിൽ തീർത്തും അപ്രതീക്ഷിതമായാണ് ഡി മരിയയുടെ ഗോൾ വന്നത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തുടങ്ങിവച്ച നീക്കത്തിൽ പന്ത് സ്വീകരിച്ച ലൗത്താറോ മാർട്ടിനസ് മുന്നോട്ടുകയറി പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിലേക്ക് പാസ് ചെയ്തു. കെല്ലിനിയും ഗോൾകീപ്പറും തമ്മിലുള്ള ആശയക്കുഴപ്പത്തിനിടെ ഡി മരിയ മനോഹരമായൊരു ചിപ്പിലൂടെ ഗോൾ നേടി.

വാശിയേറുമെന്ന് കരുതിയ രണ്ടാം പകുതി അർജന്റീനയുടെ സമ്പൂർണാധിപത്യത്തിലായിരുന്നു. ഇറ്റലിക്കാർക്ക് പന്ത് തൊടാൻ പോലും നൽകാതെ അർജന്റീന പന്തുതട്ടിയപ്പോൾ അവസരങ്ങൾ ഒന്നൊന്നായി പിറന്നു. ഗോളെന്നുറച്ച മെസിയുടെ ഷോട്ടുകൾ തട്ടിയകറ്റി ഡൊണറുമ്മ വലിയ നാണക്കേടിൽ നിന്ന് ഇറ്റലിയെ രക്ഷിച്ചു. അവസാന മിനുട്ടുകളിൽ ഡിമരിയക്ക് പകരക്കാരനായിറങ്ങിയ ഡിബാല, ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടിൽ ഇറ്റലിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയുമടിച്ചു. പന്തുമായി ഓടിക്കയറിയ മെസ്സിയെ തടയാൻ ഇറ്റാലിയൻ പ്രതിരോധത്തിന് കഴിഞ്ഞെങ്കിലും സൂപ്പർതാരത്തിന്റെ കാലിൽ നിന്ന് പന്ത് ലഭിച്ച ഡിബാല അർജന്റീനയുടെ മൂന്നാം ഗോളും കണ്ടെത്തി.

TAGS :

Next Story