പ്രീമിയർലീഗിൽ ആർസനൽ-ലിവർപൂൾ ആവേശ സമനില; 2-2
81ാം മിനിറ്റിൽ മുഹമ്മദ് സലാഹിലൂടെ ലിവർപൂൾ സമനില പിടിക്കുകയായിരുന്നു
ലണ്ടൻ: പ്രീമിയർലീഗിൽ ലിവർപൂൾ-ആർസനൽ പോരാട്ടം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോൾവീതം നേടിയാണ് കൈകൊടുത്തത്. കളി തീരാൻ പത്തുമിനിറ്റ് ബാക്കിനിൽക്കെ മുഹമ്മദ് സലാഹിലൂടെയാണ് ലിവർപൂൾ സമനില പിടിച്ചത്. ആർസനലിനായി ബുക്കായോ സാക്ക(9), മിക്കേൽ മെറീനോ(43) ഗോൾനേടി. ലിവർപൂളിനായി വിർജിൽ വാൻഡെക്(18), മുഹമ്മദ് സലാഹ്(81) ലക്ഷ്യംകണ്ടു. സമനിലയോടെ ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുന്നു. ആർസനലാണ് മൂന്നാമത്.
സ്വന്തം തട്ടകമായ എമിറേറ്റ് സ്റ്റേഡിയത്തിൽ തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഗണ്ണേഴ്‌സ് ലിവർപൂൾ ബോക്‌സിലേക്ക് ഇരമ്പിയെത്തി. 9ാം മിനിറ്റിൽ മികച്ചൊരു പാസിംഗ് ഗെയിമിനൊടുവിൽ സാക്ക വലകുലുക്കി. ബെൻവൈറ്റ് നൽകിയ ലോങ്‌ബോൾ സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച ഇംഗ്ലീഷ് താരം ലിവർപൂൾ പ്രതിരോധ താരത്തെ കബളിപ്പിച്ച് ഫിനിഷ് ചെയ്തു. എന്നാൽ 18ാം മിനിറ്റിൽ കോർണറിൽ നിന്ന് ചെമ്പട സമനില പിടിച്ചു. അലക്‌സാണ്ടർ അർണോൾഡിന്റെ കോർണർകിക്ക് ലൂയിസ് ഡയസ് ബോക്‌സിലേക്ക് ഫ്‌ളിക് ചെയ്തുനൽകി. ആർസനൽ പ്രതിരോധത്തെ മറികടന്ന് വാൻഡെക് ഹെഡ്ഡറിലൂടെ വലകുലുക്കി.(1-1).
43ാം മിനിറ്റിൽ മറ്റൊരു സെറ്റ്പീസിലൂടെ ആർസനൽ വീണ്ടും മുന്നിലെത്തി. ഡെക്ലാൻ റൈസിന്റെ ഫ്രീകിക്ക് കൃത്യമായി ഹെഡ്ഡർ ചെയ്ത് മിക്കേൽ മെറീനെ ആരാധകർക്ക് ആവേശംപകർന്നു. ഗണ്ണേഴ്‌സിനായി സ്പാനിഷ് താരത്തിന്റെ ആദ്യ ഗോളാണിത്. ഒരു ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ച ആതിഥേയർ രണ്ടാം പകുതിയിലും ആക്രമിച്ച് കളിച്ചു. ഇതിനിടെ 54ാം മിനിറ്റിൽ പ്രതിരോധതാരം ഗബ്രിയേൽ പരിക്കേറ്റു പുറത്തായി. മത്സരം അവസാന മിനിറ്റിലേക്ക് കടന്നതോടെ ആവേശം പാരമ്യത്തിലെത്തി. അലക്‌സാണ്ടർ അർണോൾഡ് നൽകിയ ലോങ്‌ബോളുമായി മുന്നേറിയ ഡാർവിൻ ന്യൂനസ് രണ്ട് ആർസനൽ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സിൽ നിന്ന് സലാഹിനെ ലക്ഷ്യമാക്കി പന്ത് മറിച്ചുനൽകി. ബോക്‌സിൽ ഫ്രീയായി നിൽക്കുകയായിരുന്ന ഈജിപ്ഷ്യൻ അനായാസം ഫിനിഷ് ചെയ്തു. അവസാന മിനിറ്റുകളിൽ ഗോൾനേടാൻ ആർസനലിന് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
Adjust Story Font
16