അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങളുമായെത്തിയ ടീം ബസ് അടിച്ചു തകർത്ത് ആരാധകർ
ടീം ബസിനുള്ളിൽനിന്നു സിമെയോണി എതിർ ടീം ആരാധകരോട് ശാന്തരാകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതു കാണാമായിരുന്നു
കോപ്പ ഡെൽ റേ മത്സരത്തിനായി റയൽ സോസിയദാദിന്റെ ഹോം ഗ്രൗണ്ടിലേക്ക് താരങ്ങളുമായെത്തിയ അത്ലറ്റിക്കോ മാഡ്രിഡ് ടീം ബസിനു നേരെ സോസിയദാദ് ആരാധകരുടെ ആക്രമണം. ടീം ബസിന്റെ ജനാലച്ചില്ലുകൾ അക്രമ സംഘം അടിച്ചുതകർത്തു. സ്റ്റേഡിയത്തിനു പുറത്തു സംഘടിച്ചെത്തിയ ഹോം ടീം ആരാധകർ, പൊലീസിന് ഇടപെടാനാകുന്നതിനു മുൻപുതന്നെ ബസ് വളയുകയായിരുന്നു.
ബസിനു നേരെ ആരാധകർ പാഴ്വസ്തുക്കളും മറ്റും വലിച്ചെറിഞ്ഞു. അത്ലറ്റിക്കോ പരിശീലകൻ ഡിയഗോ സിമെയോണി ഉൾപ്പെടെയുള്ളവരെ ഇത് അസ്വസ്ഥരാക്കി. ടീം ബസിനുള്ളിൽനിന്നു സിമെയോണി എതിർ ടീം ആരാധകരോട് ശാന്തരാകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതു കാണാമായിരുന്നു.
'ഞങ്ങൾ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കാൻ തുടങ്ങുകയായിരുന്നു. സോസിയദാദ് ആരാധകർ എല്ലായ്‌പ്പോഴും സ്റ്റേഡിയത്തിനു പുറത്തു സംഘടിച്ചു നിൽക്കാറുള്ളതാണ്. പക്ഷേ, ഞങ്ങൾക്കു പൊലീസ് സംരക്ഷണം ഒരുക്കിയില്ല'- സംഭവത്തെക്കുറിച്ചു സിമെയോണി പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച, റയൽ ബെറ്റിസ്- സെവിയ്യ മത്സരത്തിനിടെ സെവിയ്യ താരത്തിന്റെ ശരീരത്തിൽ മത്സരത്തിനിടെ ഗാലറിയിൽനിന്ന് ആരാധകൻ വലിച്ചെറിഞ്ഞ വസ്തു വന്നു കൊണ്ടിരുന്നു. പിന്നാലെ, റയൽ ബെറ്റിസിന്റെ ഇനിയുള്ള 2 മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനും അധികൃതർ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്.
Adjust Story Font
16