ബാലൻ ദി ഓറിന്റെയും ഫിഫ ദ ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫിഫ ദ ബെസ്റ്റ് പരിഗണപ്പട്ടികയിൽ ഇത്തവണ ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നില്ല.
ലിസ്ബൺ: ആഗോള ഫുട്‌ബോൾ പുരസ്‌കാരങ്ങളായ ബാലൻ ദി ഓറിന്റെയും ഫിഫ ദ ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെടുന്നതായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ പുരസ്‌കാരങ്ങളിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും താരം പറഞ്ഞു. പോർച്ചുഗീസ് കായികമാധ്യമമായ റെക്കോഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബാലൻ ദി ഓറിനും ദ ബെസ്റ്റിനും വിശ്വാസ്യത നഷ്ടപ്പെടുകയാണ്. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ പുരസ്‌കാരം അർഹിച്ചിരുന്നില്ല എന്നൊന്നും പറയാൻ ഞാനില്ല. ഞാനീ പുരസ്‌കാരങ്ങളിൽ വിശ്വസിക്കുന്നില്ല. ഞാൻ ഗ്ലോബർ സോക്കർ പുരസ്‌കാരം വിജയിച്ചതു കൊണ്ട് പറയുന്നതല്ല. എന്നാൽ ഇവിടെ വസ്തുതകളുണ്ട്. അക്കങ്ങളുണ്ട്. അവ ചതി ചെയ്യില്ല. അവർക്ക് ഈ ട്രോഫി എന്നിൽ നിന്ന് കൊണ്ടു പോകാൻ കഴിയില്ല. കാരണം ഇവിടെ കണക്കുകളുടെ യാഥാർത്ഥ്യമുണ്ട്. അതെന്നെ കൂടുതൽ സന്തോഷവാനാക്കുന്നു.' - ക്രിസ്റ്റ്യാനോ പറഞ്ഞു.
അൽ നസ്‌റിൽ മികച്ച സീസണായിരുന്നുവെന്ന് പറഞ്ഞ താരം 54 ഗോളുകൾ താൻ നേടിയതായും ചൂണ്ടിക്കാട്ടി. 'അൽ നസ്‌റിനു വേണ്ടിയും ദേശീയ ടീമിനു വേണ്ടിയും ഇനിയും ഒരുപാട് ചെയ്യാനാകും എന്ന് ഞാൻ മനസ്സിലാക്കുന്നു. 54 ഗോളുകൾ നേടി എന്നത് വ്യക്തിപരമായി അവിശ്വസനീയ നേട്ടമാണ്. ഗോൾ നേടുന്നത് സൗദിയിലും ദുഷ്‌കരമാണ്. ഇറ്റലിയിലും സ്‌പെയിനിലും പോർച്ചുഗലിലും ഉള്ള പോലെത്തന്നെ- അദ്ദേഹം കൂട്ടിച്ചേർത്തു.
2023 കലണ്ടർ വർഷത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണൽ മെസ്സിയാണ് നേടിയിരുന്നത്. നോർവേയുടെ എർലിങ് ഹാളണ്ട് രണ്ടാമതും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ മൂന്നാമതുമെത്തി. പരിഗണപ്പട്ടികയിൽ ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നില്ല.
ഈ വർഷം മൂന്ന് സോക്കർ പുരസ്‌കാരങ്ങളാണ് ക്രിസ്റ്റ്യാനോ നേടിയത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനുള്ള ഗ്ലോബ് സോക്കർ മറഡോണ, മധ്യേഷ്യയിലെ ഏറ്റവും മികച്ച കളിക്കാരൻ, ഫാൻസ് ഫേവറിറ്റ് പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരങ്ങളാണ് താരം സ്വന്തമാക്കിയത്.
Adjust Story Font
16