പെനാൽട്ടി നൽകിയില്ല; റഫറിക്കെതിരെ പരാതി നൽകാനൊരുങ്ങി ബാഴ്‌സ
പെനാൽട്ടി നൽകാത്തതു മാത്രമല്ല, റഫറിയുടെ പല അസ്വാഭാവിക തീരുമാനങ്ങളും തങ്ങളുടെ തോൽവിക്ക് കാരണമായെന്നാണ് ബാഴ്സ കരുതുന്നത്
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരെ തങ്ങൾക്ക് പെനാൽട്ടി നിഷേധിച്ച റഫറിക്കെതിരെ ബാഴ്‌സലോണ പരാതി നൽകുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ പെനാൽട്ടി നിഷേധിച്ചതടക്കം സ്ലൊവേനിയക്കാരൻ റഫറി സ്ലാവ്‌കോ വിൻചിച്ചിന്റെ പല തീരുമാനങ്ങളും സംശയാസ്പദമായിരുന്നുവെന്ന് കാണിച്ചാണ് യുവേഫയ്ക്ക് പരാതി നൽകുന്നത്. ഒരു ഗോളിന് തോറ്റ മത്സരത്തിനു ശേഷം ബാഴ്‌സ കോച്ച് ഷാവി ഹെർണാണ്ടസ് റഫറിക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു.
സമനില ഗോളിനായി ബാഴ്‌സ ആഞ്ഞുപിടിക്കുന്നതിനിടയിൽ ഇഞ്ച്വറി ടൈമിലാണ് ബാഴ്‌സ പെനാൽട്ടിക്കായി വാദിച്ചതും റഫറി വീഡിയോ പരിശോധിച്ച ശേഷം നിഷേധിച്ചതും. ഹെഡ്ഡ് ചെയ്യാനുള്ള അൻസു ഫാത്തിയുടെ ശ്രമം ഡെൻസൽ ഡെംഫ്രയസ് വിഫലമാക്കിയത് പന്തിൽ കൈകൊണ്ട് സ്പർശിച്ചാണെന്ന് റീപ്ലേയിൽ വ്യക്തമായെങ്കിലും റഫറി സ്‌പോട്ടിലേക്ക് വിരൽചൂണ്ടിയില്ല.
ആദ്യപകുതിയിൽ ഒരു ഗോളിന് പിറകിലായ ബാഴ്‌സ 67-ാം മിനുട്ടിൽ പെഡ്രിയിലൂടെ സമനില ഗോൾ നേടിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി ഇടപെട്ട് ഗോൾ നിഷേധിച്ചിരുന്നു. പെഡ്രിയിലേക്ക് എത്തുന്നതിനു മുമ്പ് പന്ത് അൻസു ഫാത്തിയുടെ കൈയിൽ തട്ടിയെന്ന് റീപ്ലേയിൽ തെളിഞ്ഞതോടെയാണിത്. എന്നാൽ, പുതിയ നിയമങ്ങൾ പ്രകാരം ഗോൾ നിലനിൽക്കുമെന്നും റഫറിയുടെ തീരുമാനം തെറ്റായിരുന്നു എന്നും ബാഴ്‌സ വാദിക്കുന്നു.
ഇതിനു പുറമെ, തങ്ങളുടെ വെറ്ററൻ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സിനു നേരെയുള്ള ഹകാൻ ചൽഹനോഗ്ലുവിന്റെ ഫൗൾ ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്നും, റോബർട്ട് ലെവൻഡവ്‌സ്‌കിയെ ഇന്റർ ഡിഫന്റർ ബോക്‌സിൽ വീഴ്ത്തിയതിന് തങ്ങൾക്ക് പെനാൽട്ടി നൽകണമായിരുന്നുവെന്നും ബാഴ്‌സ പരാതിയിൽ ചൂണ്ടിക്കാണിച്ചേക്കും.
മത്സരം നിയന്ത്രിച്ച സ്ലാവ്‌കോ വിൻചിച്ചിനും വീഡിയോ റഫറി പോൾ വാൻ ബോക്കലിനുമെതിരെ പ്രത്യേകം പരാതികൾ നൽകുമെന്നാണ് സൂചന. റഫറിമാർക്കെതിരെയുള്ള പരാതിക്ക് ക്ലബ്ബ് പ്രസിഡണ്ട് ജോൺ ലാപോർട്ട അനുമതി നൽകിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ററിന്റെ തട്ടകത്തിൽ ഒരു ഗോളിന് തോറ്റതോടെ ബാഴ്‌സയുടെ രണ്ടാം റൗണ്ട് പ്രവേശം അവതാളത്തിലായിരിക്കുകയാണ്. ഇതോടെ, സ്വന്തം തട്ടകത്തിൽ നടക്കാനിരിക്കുന്ന ബയേൺ മ്യൂണിക്കിനും ഇന്ററിനുമെതിരായ മത്സരങ്ങൾ കാറ്റലൻസിന് നിർണായകമാവും.
Adjust Story Font
16