ഡാനി ആൽവസ് ഇനി ഇതിഹാസ താരമല്ല;പദവി തിരിച്ചെടുത്ത് ബാഴ്‌സലോണ
ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി
ബാഴ്‌സലോണ: മുൻ ബ്രസീലിയൻ താരം ഡാനി ആൽവസിന്റെ ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്‌സലോണ. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് സ്പാനിഷ് ക്ലബ് നിർണായക തീരുമാനമെടുത്തത്. ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരമായ ആൽവസ്, 300ഓളം മാച്ചുകളിൽ ക്ലബിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. ക്ലബിനൊപ്പം മേജർ കിരീടങ്ങളെല്ലാം സ്വന്തമാക്കി. ഇതിന്റെ ആദര സൂചകമായാണ് 40 കാരന് ഇതിഹാസ പദവി നൽകി ആദരിച്ചത്.
അതേസമയം, നിശാ ക്ലബിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലാണ് അടുത്തിടെ നാല് വർഷവും ആറുമാസവും മുൻ ബ്രസീലിയൻ താരത്തെ കോടതി ശിക്ഷിച്ചത്. 2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. കരിയറിലെ അവസാന ഘട്ടത്തിൽ മെക്‌സിക്കൻ ക്ലബായ പ്യൂമാസ് ആൽവെസുമായി കരാറിലെത്തിയിരുന്നു. കേസിൽ ഉൾപ്പെട്ടതിനാൽ താരവുമായുള്ള കരാർ ക്ലബ് നേരത്തെ റദ്ദാക്കിയിരുന്നു.
ബാഴ്‌സയുടെ 125 വർഷത്തെ ചരിത്രത്തിൽ 102 താരങ്ങൾക്ക് മാത്രമാണ് ഇതിഹാസ പദവി നൽകിയത്. ജോഡി ആൽബ, സെർജിയോ ബുസ്‌കെറ്റ്‌സ്, ജെറാർഡ് പിക്വെ എന്നിവർക്കാണ് അവസാനമായി പദവി നൽകിയത്.
Adjust Story Font
16