എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് നാണംകെട്ട തോൽവി
എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സലോണയുടെ ജയം
റയൽമാഡ്രിഡ്-ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇന്നലെ കണ്ണീർ ദിനമായിരുന്നു. ഐഎസ്എൽ ഫൈനലിൽ ഹൈദരാബാദിനോട് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടതിന് പിന്നാലെ അങ്ങ് സ്‌പെയിനിൽ ലാലിഗയിൽ ബാഴ്‌സലോണ-റയൽ മാഡ്രിഡ് എൽ ക്ലാസിക്കോയിൽ റയൽ തോൽവി ഏറ്റുവാങ്ങി.
എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ ക്ലാസിക്കോ സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി പിയറെ-എമെറിക്ക് ഒബമയാങ്ങാണ് ബാഴ്‌സലോണയുടെ വിജയത്തിന്റെ അമരത്ത് നിന്നത്. ഒബമയാങ്ങിന് പുറമേ റൊണാൾഡ് അറാഹോയും ഫെറാൻ ടോറസുമാണ് ഗോളുകളടിച്ചത്. പരീശിലകൻ സാവിയുടെ കീഴിൽ വരവാണ് തിരിച്ചുവരവാണ് ബാഴ്‌സലോണ നടത്തിയിരിക്കുന്നത്.
മറുവശത്ത് കെരീം ബെൻസിമ ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് ക്ലാസിക്കോയിൽ നാണംകെട്ട തോൽവിയാണ് വഴങ്ങിയത്.
ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകളുടെ ലീഡ് നേടി ബാഴ്‌സലോണ മത്സരം വരുതിയിലാക്കി. മത്സരത്തിന്റെ 29-ാം മിനുട്ടിൽ ഒബമയാങ്ങിലൂടെയാണ് ബാഴ്‌സലോണ ആദ്യ ഗോൾ നേടിയത്. കുർതോയെ നോക്കുകുത്തിയാക്കി ഡെംബെലെ നൽകിയ പന്ത് ഒബമയാങ്ങ് റയലിന്റെ വലയിലെത്തിച്ചു. വൈകാതെ തന്നെ അറാഹുവോയിലൂടെ ബാഴ്‌സലോണ ലീഡുയർത്തി.
രണ്ടാം പകുതിയിൽ റയൽ മാറ്റങ്ങളുമായി എത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോറസിന്റെ ഗോൾ പിറന്നു. അലാബയുടെ പിഴവ് മുതലെടുത്ത ബാഴ്‌സലോണ ടോറസിലൂടെ ഗോളടിച്ചു. അധികം വൈകാതെ റയലിന്റെ അവസാനത്തെ ആണിയും ബാഴ്‌സലോണയടിച്ചു. പിക്വെയുടെ ലോംഗ് ഫ്രീകിക്ക് വാങ്ങിയ ടോറസ് ഒബ്മയാങ്ങിന് ഗോളടിക്കാൻ അവസരമൊരുക്കി. ഈ വിജയത്തോടെ പോയന്റ് നിലയിൽ ബാഴ്‌സലോണ മൂന്നാമതെത്തി.
Adjust Story Font
16