Quantcast

ഓരോ മത്സരവും ഫൈനല്‍, കടന്നുപോയത് കഠിനമായ സാഹചര്യങ്ങളിലൂടെ: മെസി

'ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്ക് ലഭിച്ചതെല്ലാം ഞങ്ങൾ അർഹിക്കുന്നു'

MediaOne Logo

Web Desk

  • Published:

    14 Dec 2022 5:54 AM GMT

ഓരോ മത്സരവും ഫൈനല്‍, കടന്നുപോയത് കഠിനമായ സാഹചര്യങ്ങളിലൂടെ: മെസി
X

ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്ത് ഫൈനലില്‍ എത്തിയതിന്‍റെ ആഹ്ളാദം പങ്കുവെച്ച് ലയണല്‍ മെസി. അര്‍ജന്‍റീനയെ സംബന്ധിച്ച് ഓരോ മത്സരവും ഫൈനലായിരുന്നുവെന്ന് മെസി പറഞ്ഞു. ഞായറാഴ്ച ഫൈനലില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

"അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ. ആസ്വദിക്കൂ. ഞങ്ങൾ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി. ഇന്ന് ഞങ്ങൾ അതിശയകരമായ ചിലത് അനുഭവിക്കുകയാണ്"- എന്നാണ് മെസി പറഞ്ഞത്.

ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോളുകളാണ് മെസി ഇതുവരെ സ്വന്തമാക്കിയത്. ഖത്തറിലുള്ള ആരാധകര്‍ക്കും നമ്മുടെ രാജ്യത്തുള്ളവര്‍ക്കുമൊപ്പം ഈ വിജയം ആസ്വദിക്കുകയാണെന്ന് മെസി വ്യക്തമാക്കി.

ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൌദി അറേബ്യയോട് തോറ്റതോടെ അര്‍ജന്‍റീനയുടെ സാധ്യതകളെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ പരാജയം തങ്ങളെ കൂടുതല്‍ കരുത്തരാക്കിയെന്നാണ് മെസി പറഞ്ഞത്. ഫൈനലിലെത്തിയതിനു പിന്നാലെ മെസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- "ശക്തരാണെന്ന് ഞങ്ങൾ തെളിയിച്ചു. മറ്റ് മത്സരങ്ങൾ ജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലായിരുന്നു. മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി സങ്കീര്‍ണമാകുമെന്ന് അറിയാമായിരുന്നു. ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്ക് ലഭിച്ചതെല്ലാം ഞങ്ങൾ അർഹിക്കുന്നു".

പന്ത് കൈവശം വെക്കുന്നതിൽ ക്രൊയേഷ്യക്ക് മേധാവിത്വമുണ്ടാവുമെന്ന് അറിയാമായിരുന്നുവെന്നും മെസി പറഞ്ഞു. തങ്ങൾക്ക് മികച്ച ഒരു പരിശീലക നിരയാണുള്ളത്. ഓരോ മത്സരത്തിന് ശേഷവും കളികൾ സൂക്ഷ്മമായി വിലയിരുത്തി. ഒരു ഘട്ടത്തിലും നിരാശയുണ്ടായിരുന്നില്ലെന്നും മെസി വ്യക്തമാക്കി.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ തകര്‍ത്താണ് മെസിയും സംഘവും ഫൈനലില്‍ എത്തിയത്. മെസി പെനാൽറ്റി ഗോളാക്കിയപ്പോൾ അൽവാരസ് ഇരട്ട ഗോൾ നേടി. ഫ്രാന്‍സും മൊറോക്കോയും തമ്മിലെ പോരാട്ടത്തിനൊടുവില്‍ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം.

TAGS :

Next Story