ഡ്യൂറന്റ് കപ്പ്: ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി ബെംഗളൂരു രണ്ടാം നിര
സുനിൽ ഛേത്രിയടക്കമുള്ള പ്രമുഖരില്ലാതെയിറങ്ങിയ ബെംഗളൂരുവിന് മുമ്പിൽ ബ്ലാസ്‌റ്റേഴ്‌സ് വിയർക്കുകയായിരുന്നു
കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻനിരയെ സമനിലയിൽ കുരുക്കി ബെംഗളൂരു എഫ്സിയുടെ രണ്ടാം നിര. ഇരു ടീമുകളും രണ്ട് ഗോളടിച്ച് മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള ഗോകുലം ഡ്യൂറൻറ് കപ്പ് ക്വാർട്ടറിലെത്തി.
സുനിൽ ഛേത്രിയടക്കമുള്ള പ്രമുഖരില്ലാതെയിറങ്ങിയ ബെംഗളൂരുവിന് മുമ്പിൽ ബ്ലാസ്‌റ്റേഴ്‌സ് വിയർക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം ലീഡ് നേടിയത്. 14ാം മിനിട്ടിൽ ജസ്റ്റിനായിരുന്നു മഞ്ഞപ്പടക്കായി എതിർ വല കുലുക്കിയത്. എന്നാൽ 38ാം മിനിട്ടിൽ ബെംഗളൂരു തിരിച്ചടിച്ചു. എഡ്മണ്ട് ലാൽറിൻഡികയാണ് ഗോളടിച്ചത്.
രണ്ടാം പകുതിയിൽ നീലപ്പടയാണ് ആദ്യം ഗോളടിച്ചത്. 52ാം മിനിട്ടിൽ ആശിഷാണ് ഗോൾ നേടിയത്. എന്നാൽ 84ാം മിനിട്ടിൽ മുഹമ്മദ് ഐയ്മനിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. 67ാം മിനിട്ടിൽ ഡാനിഷിന് പകരമിറങ്ങിയതാണ് ഐയ്മൻ. ഇവാൻ വുകുമനോവിച്ചിന് പകരം അസിസ്റ്റൻറ് കോച്ചായ ഫ്രാങ്ക് ഡോവന്റെ മേൽനോട്ടത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളിച്ചത്.
86ാം മിനിട്ടിൽ പ്രതിരോധ താരം ഹോർമിപാം രണ്ടാം മഞ്ഞക്കാർഡ് കണ്ട് കളത്തിന് പുറത്തായി. ബിഎഫ്‌സി ഫോർവേഡ് മുനീറുലിനെ ഫൗൾ ചെയ്തതിനായിരുന്നു രണ്ടാമത്തെ മഞ്ഞക്കാർഡ്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പത്തി താരങ്ങളായി മാറി.
ഐഎസ്എല്ലിലെ വിവാദങ്ങളും സഹൽ അബ്ദു സമദടക്കമുള്ളവരുടെ ട്രാൻസ്ഫറുകളും ടീമിന് മങ്ങലേൽപ്പിച്ചിരിക്കെ, ഡ്യുറന്റ് കപ്പിൽ മികച്ച പ്രകടനമാണ് മഞ്ഞപ്പട ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ നാട്ടുകാരായ ഗോകുലം കേരള എഫ്‌സി അട്ടിമറിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളിനാണ് ഗോകുലം വിജയിച്ചത്.
ഡ്യുറന്റ് കപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി, ഗോകുലം കേരള എഫ്സി, ഇന്ത്യൻ എയർഫോഴ്സ് ഫുട്ബോൾ ടീം എന്നിവയാണ് ഗ്രൂപ്പ് സിയിലെ ഇതര ടീമുകൾ.
ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവൻ
സച്ചിൻ, സഹീഫ്, പ്രീതം, ഹോർമിപാം, പ്രബീർ, ഡാനിഷ്, വിബിൻ, ബ്രെയ്‌സ്, ലൂണ, രാഹുൽ, ജസ്റ്റിൻ.
ബെംഗളൂരു ആദ്യ ഇലവൻ
അമൃത്, റിക്കി, പരാഗ്, ശങ്കർ, റോബിൻ, ശ്രേയസ്, ഹർഷ്, ജോൺസൺ, എഡ്മണ്ട്, ബോകെ, ആശിഷ്.
ബെംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ
ബെംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ കളിക്കുമ്പോഴെല്ലാം സമൂഹമാധ്യമങ്ങളിലടക്കം ആരാധകപ്പോര് പതിവാണ്. എന്നാൽ കഴിഞ്ഞ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിവാദ ഗോളിലൂടെ ബെംഗളൂരു പുറത്താക്കിയതോടെ ഈ വൈര്യം പൂർവോപരി വർധിച്ചിരിക്കുകയാണ്. ഫ്രീകിക്കിനായി കേരളം ഒരുങ്ങുന്നതിന് മുമ്പേ ബെംഗളൂരു നായകൻ സുനിൽ ഛേത്രി വലയിലേക്ക് പന്തടിച്ച് കയറ്റിയതായിരുന്നു അന്നത്തെ വിവാദം. തുടർന്ന് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കതെ തിരിച്ചുകയറുകയും പിന്നീട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ടീമിന് വൻ തുക പിഴയിടുകയുമൊക്കെ ചെയ്തിരുന്നു.
ഈ വിവാദത്തിന് ശേഷം ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഹീറോ സൂപ്പർകപ്പിൽ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും പോരാടിയിരുന്നു. എന്നാൽ മത്സരം സമനിലയിൽ അവസാനിച്ചു. നിർണായക മത്സരത്തിൽ സമനില നേടിയ ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്ക് മുന്നേറി. എന്നാൽ ഫൈനലിൽ ഒഡിഷ എഫ്സിയോട് പരാജയപ്പെട്ടു.
Bengaluru FC drew Kerala Blasters in Durant Cup 2023
Adjust Story Font
16