ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശ; റോയ് കൃഷ്ണയെ റാഞ്ചി ബംഗളൂരു
കേരള ബ്ലാസ്‌റ്റേഴ്‌സടക്കം നിരവധി ഐ.എസ്.എൽ ടീമുകൾ റോയ് കൃഷ്ണക്കായി വലവിരിച്ചിരുന്നു.
എ.ടി.കെ മോഹൻബഗാൻ താരം റോയ് കൃഷ്ണയെ സൂപ്പർ സൈനിങ്ങിലൂടെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് ബംഗളൂരു എഫ്.സി. 2.91 കോടി മുടക്കി രണ്ട് വർഷത്തെ കരാറിലാണ് താരത്തെ ബംഗളൂരു റാഞ്ചിയത്. കേരള ബ്ലാസ്‌റ്റേഴ്‌സടക്കം നിരവധി ഐ.എസ്.എൽ ടീമുകൾ റോയ് കൃഷ്ണക്കായി വലവിരിച്ചിരുന്നു. ഇതോടെ അടുത്ത സീസണിൽ സുനിൽ ചേത്രിയും റോയ് കൃഷ്ണയുമടങ്ങുന്ന ബംഗളൂരു മുന്നേറ്റ നിര കരുത്തുറ്റതാവും.
ബെംഗളൂരു ഈ സീസണിൽ സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് റോയ് കൃഷ്ണ. ഹാവി ഹെർണാണ്ടസ്, പ്രബീർ ദാസ്, ഫൈസൽ അലി, അമൃത് ഗോപെ, ഹിര മൊണ്ഡാൽ എന്നിവർ നേരത്തേ ടീമിനൊപ്പം ചേർന്നിരുന്നു.
2019 - 2020 സീസണിലാണ് റോയ് കൃഷ്ണ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയിലൂടെ ഐ എസ് എല്ലിൽ എത്തുന്നത്. ആദ്യ സീസണിൽ 21 മത്സരങ്ങളിൽ 15 ഗോൾ നേടിയ താരം ആറ് ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു. ആ സീസണിൽ അത്‌ലറ്റിക്കോയുടെ കിരീട നേട്ടത്തിൽ റോയ് കൃഷ്ണയുടെ തകർപ്പൻ പ്രകടനം നിർണായകമായിരുന്നു. 2020 - 2021 സീസണിൽ 23 മത്സരങ്ങളിൽ 14 ഗോളും എട്ട് അസിസ്റ്റും റോയ് കൃഷ്ണ നടത്തി. എ.ടി.കെ മോഹൻ ബഗാന് വേണ്ടി 71 മത്സരങ്ങളിൽ നിന്ന് 40 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
ഇന്ത്യൻ വംശജനായ റോയ് കൃഷ്ണ ഫിജി അന്താരാഷ്ട്ര ഫുട്ബോൾ താരമാണ്. ഫിജിയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ റോയ് കൃഷ്ണ ഫിജി ദേശീയ ടീമിന്‍റെ നായകൻ കൂടിയാണ്
Adjust Story Font
16