‘‘കൊറിയക്കാർ എല്ലാം കാണാൻ ഒരുപോലെ’’; തമാശ കാര്യമായി, ടോട്ടനം താരത്തിന് ഏഴ് മത്സരങ്ങളിൽ വിലക്കും പിഴയും
ലണ്ടൻ: ദക്ഷിണ കൊറിയക്കാർക്കെതിരെ വംശീയ പരാമർശം നടത്തിയെന്ന് കാണിച്ച് ടോട്ടൻഹാം താരം റോഡ്രിഗ്രോ ബെൻറ്റൺകുറിന് ഏഴ് മത്സരങ്ങളിൽ വിലക്കും ഒരു ലക്ഷം പൗണ്ട് പിഴയും വിധിച്ചു. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ജൂണിൽ ഉറുഗ്വായ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് താരത്തിന് വിനയായത്. സംഭവം ഇങ്ങനെ: ടിവി അവതാരകൻ താരത്തിന്റെ കൈയ്യിലുള്ള ജഴ്സി സണിന്റേതാണോയെന്ന് (സൺ ഹ്യൂങ് മിൻ) ചോദിച്ചു. ചിലപ്പോൾ സണിന്റെ കസിന്റേതുമാകാം. കാരണം ഏറിയും കുറഞ്ഞും അവരെല്ലാം കാണാൻ ഒരുപോലെയാണെന്നായിരുന്നു താരത്തിന്റെ മറുപടി.
ദീർഘകാലമായി ടോട്ടനത്തിനായി കളിക്കുന്ന ദക്ഷിണകൊറിയൻ താരം സൺ ഹ്യൂങ് മിനിനെക്കുറിച്ചുളള ഈ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ പലരും വിമർശനമുയർത്തിയിരുന്നു. തൊട്ടുപിന്നാലെ ബെൻറ്റൺകുർ സണിനോട് ക്ഷമചോദിക്കുകയും ചെയ്തു. സൺ പരാതിയില്ലെന്ന് പറയുകയും ചെയ്തു.
പക്ഷേ ഈ പ്രസ്താവന തങ്ങളുടെ നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ച് ഫുട്ബോൾ അസോസിയേഷൻ നടപടി സ്വീകരിക്കുകയായിരുന്നു.
Adjust Story Font
16