Quantcast

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിക്കണം: എതിരാളികൾ 'പൊട്ടിപ്പാളീസായ' നോർത്ത് ഈസ്റ്റ് യുണൈറ്റഡ്‌

ജയിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് കയറാം. നിലവിൽ 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

MediaOne Logo

Web Desk

  • Published:

    29 Jan 2023 1:34 AM GMT

Kerala blasters, കേരള ബ്ലാസ്റ്റേഴ്സ്
X

കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തില്‍

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിർണായക മത്സരം. എതിരാളി ലീഗിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. തട്ടകം കൊച്ചിയിലും. ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ചിന്തിക്കുന്നില്ല. ജയിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് കയറാം. നിലവിൽ 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പതിനാല് മത്സരങ്ങളിൽ നിന്ന് എട്ട് വിജയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.

മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്.സി, എടികെ മോഹൻബഗാൻ, എഫ്.സി ഗോവ എന്നിവാണ് ആദ്യ നാലിലുള്ള ടീമുകൾ. അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡാകട്ടെ പതിനഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു കളിയിൽ മാത്രമാണ് ജയിച്ചത്. പതിമൂന്ന് മത്സരങ്ങളിലും തോറ്റു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്നും അവര്‍ തോൽക്കാനാണ് സാധ്യത.

അതേസമയം പ്രതിരോധ നിരയിലെ നിർണായകമായ രണ്ട് കളിക്കാർക്ക് പരിക്കേറ്റ് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. റൈറ്റ് ബാക്ക് സന്ദീപ് സിംഗ് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിനിടെ സന്ദീപ് സിംഗിന്റെ വലത് കാൽ കുഴയ്ക്ക് പൊട്ടൽ സംഭവിച്ചിരുന്നു. സെന്റർ ഡിഫെൻഡർ മാർക്കൊ ലെസ്‌കോവിച്ച് പരിക്കിനു ശേഷമുള്ള വിശ്രമം കഴിഞ്ഞ് പരിശീലനം നടത്തി. എന്നാല്‍ ഇന്നിറങ്ങുമോ എന്ന് വ്യക്തമല്ല.

അവസാന രണ്ട് കളിയിലും മഞ്ഞപ്പടയ്ക്ക് തോല്‍വിയായിരുന്നു ഫലം. അതിനാല്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. അവസാന കളിയില്‍ എഫ്‌സി ഗോവയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. അതേസമയം പ്ലേഓഫിലെത്തുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്നാൽ അതിനായി പ്രയത്നിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്‍റക്കോസ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.

TAGS :

Next Story