Quantcast

മഞ്ഞയില്‍ കുളിച്ച് ഫറ്റോര്‍ഡ; കന്നിക്കിരീടം തേടി ബ്ലാസ്റ്റേഴ്സ്

കലാശപ്പോരില്‍ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജെഴ്സിയണിയാന്‍ കഴിയില്ലെങ്കിലും സ്റ്റേഡിയം മഞ്ഞയില്‍ കുളിച്ചാടുമെന്നുറപ്പാണ്

MediaOne Logo

Sports Desk

  • Updated:

    2022-03-20 05:25:16.0

Published:

20 March 2022 3:50 AM GMT

മഞ്ഞയില്‍ കുളിച്ച് ഫറ്റോര്‍ഡ; കന്നിക്കിരീടം തേടി ബ്ലാസ്റ്റേഴ്സ്
X

കാത്തു കാത്തിരുന്നൊരു കലാശപ്പോര് ആഘോഷമാക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. കളിക്കു മുമ്പേ ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയം മഞ്ഞയില്‍ കുളിച്ചു കഴിഞ്ഞു. മുമ്പ് രണ്ട് തവണ കലാശപ്പോരില്‍ കാലിടറിയ കൊമ്പൻമാർക്ക് ഇക്കുറി പിഴക്കില്ലെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. ടീം ഫൈനലില്‍ പ്രവേശിച്ചു എന്നറിഞ്ഞതും കലാശപ്പോരിന്‍റെ ടിക്കറ്റിനായുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ആരാധകര്‍. ഇതിനോടകം തന്നെ പതിനായിരക്കണക്കിന് മഞ്ഞപ്പട അംഗങ്ങള്‍ ഗോവയിലെത്തിക്കഴിഞ്ഞു. കലാശപ്പോരില്‍ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജെഴ്സിയണിയാന്‍ കഴിയില്ലെങ്കിലും ഫറ്റോര്‍ഡ സ്റ്റേഡിയം മഞ്ഞയില്‍ കുളിച്ചാടുമെന്നുറപ്പാണ്.

2016 ന് ശേഷം ഇങ്ങോട്ട് ബ്ലാസ്റ്റേഴ്സിന് കഷ്ടകാലമായിരുന്നു. എന്നാല്‍ 2021 ല്‍ ആരാധകരെ പോലും അമ്പരപ്പിച്ചാണ് ഒരു ഫീനിക്സ് പക്ഷിയെ പോലെ ടീം ഉയിര്‍ത്തെഴുന്നേറ്റത്. ഇവാന്‍ വുക്കുമാനോവിച്ച് എന്ന സെര്‍ബിയക്കാരന്‍ കോച്ചിന്‍റെ ചിറകേറി ഐ.എസ്.എല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു കളിക്കൂട്ടമായി മാറിക്കഴിഞ്ഞു മഞ്ഞപ്പട.

ഫൈനലില്‍ ബര്‍തലോമ്യു ഒഗ്ബച്ചെയുടെ ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത്. ഇതിനോടകം ഐ.എസ്.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോളടി യന്ത്രമായി മാറിക്കഴിഞ്ഞ ഒഗ്ബച്ചെ ഈ സീസണിലും തന്‍റെ ഗോളടി മികവ് തുടരുകയാണ്. 18 തവണയാണ് ഒഗ്ബച്ചെ ഇക്കുറി എതിര്‍ ടീമികളുടെ വലകുലുക്കിയത്. ഒഗ്ബച്ചെയും രണ്ടാം സ്ഥാനത്തുള്ള ഇഗോര്‍ അഞ്ചലോയും തമ്മിലുള്ള വ്യത്യാസം എട്ട് ഗോളുകളുടേതാണ് എന്നോര്‍ക്കണം. അതിനാല്‍ തന്നെ ഒഗ്ബച്ചെ എന്ന ഗോളടി യന്ത്രത്തെ ബ്ലാസ്റ്റേഴ്സ് ഇന്ന് ഭയന്നേ മതിയാവൂ.

കന്നിക്കിരീടം തേടിയാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഇന്ന് ഫറ്റോര്‍ഡയില്‍ ഇറങ്ങുന്നത്. ഹൈദരാബാദ് ആദ്യമായാണ് ഐ.എസ്.എല്ലിന്‍റെ കലാശപ്പോരിന് യോഗ്യത നേടുന്നത്. അതിനാല്‍ തന്നെ ഇക്കുറി ഐ.എസ്.എല്ലിന്‍റെ കനകക്കിരീടത്തില്‍ ആര് മുത്തമിട്ടാലും അത് ചരിത്രമാവും.

ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി സൂപ്പര്‍താരം സഹല്‍ അബ്ദുസ്സമദ് ഇന്ന് കളിക്കാന്‍ ഇറങ്ങില്ലെന്നതാണ് ആരാധകരെ സങ്കടത്തിലാഴ്തുന്നത്. ക്യാപ്റ്റന്‍ ലൂണയും ഇന്ന് കളിക്കാനിറങ്ങില്ലെന്ന് ഇന്നലെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ നിന്ന് ഇന്ന് ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയാണെത്തുന്നത്. ഇക്കുറി ബ്ലാസ്റ്റേഴ്സിന്‍റെ പടയോട്ടങ്ങളിലൊക്കെ ടീമിന്‍റെ നിര്‍ണായക സാന്നിധ്യമായ ക്യാപ്റ്റന്‍ ലൂണ കലാശപ്പോരില്‍ കളിക്കാനിറങ്ങുമെന്നാണ് അവസാനമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

സീസണണില്‍ ഇതിന് മുമ്പ് രണ്ട് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ ഇരു ടീമുകളും ഓരോ ജയം വീതം നേടി. രാജ്യത്തെ ഫുട്ബോള്‍ ആരാധകരുടെ മുഴുവന്‍ കണ്ണും മനസ്സും ഇന്ന് രാത്രി ഏഴരക്ക് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലേക്ക് തിരിയും. ഇനി അവസാന ചിരി ആരുടേത് എന്നറിയാനുള്ള കാത്തിരിപ്പാണ്. മണിക്കൂറുകളുടെ കാത്തിരിപ്പ്.

TAGS :

Next Story